വോൺ ഐപിഎൽ കപ്പുയർത്തിയപ്പോൾ താൻ എന്തു ചെയ്യുകയായിരുന്നുവെന്ന് ഓർമിച്ച് സഞ്ജു സാംസൺ

റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി 2008ന് ശേഷം ആദ്യമായി രാജസ്ഥാൻ ഫൈനലിലെത്തിയ ശേഷം സംസാരിക്കവേയാണ് താരം അക്കാലം ഓർത്തത്

Update: 2022-05-28 17:02 GMT
Advertising

രാജസ്ഥാൻ റോയൽസ് ആദ്യമായും അവസാനമായും ഐപിഎൽ കപ്പുയർത്തിയ 2008 ൽ താൻ എന്തു ചെയ്യുകയായിരുന്നുവെന്നത് ഓർമിച്ച് ഇപ്പോഴത്തെ ക്യാപ്റ്റൻ സഞ്ജു സാംസൺ. റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി 2008ന് ശേഷം ആദ്യമായി രാജസ്ഥാൻ ഫൈനലിലെത്തിയ ശേഷം സംസാരിക്കവേയാണ് താരം അക്കാലം ഓർത്തത്.

'2008ൽ ഷെയ്ൻ വോണും സൊഹൈൽ തൻവീറും രാജസ്ഥാൻ റോയൽസിനായി കപ്പുയർത്തുമ്പോൾ ഞാൻ കേരളത്തിലെവിടെയോ അണ്ടർ 16 ഫൈനൽ കളിക്കുകയായിരുന്നു' സഞ്ജു പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിനെതിരെ ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ട ശേഷം രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് രാജസ്ഥാൻ തോൽപ്പിക്കുകയായിരുന്നു.



'ദീർഘ ടൂർണമെൻറായ ഐപിഎല്ലിൽ ഞങ്ങൾ ഉയർച്ച താഴ്ചകൾ നേരിട്ടാണ് വരുന്നത്. വിക്കറ്റ് ഫാസ്റ്റ് ബോളർമാരെ സഹായിക്കുന്നതായിരുന്നു. ബൗൺസ് മികച്ചതായിരുന്നു. അത് സ്പിന്നർമാർക്ക് അടികിട്ടാൻ ഇടയാക്കി. പക്ഷേ നമ്മുടെ ഫാസ്റ്റ് ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു' സഞ്ജു ബാംഗ്ലൂരിനെതിരെ നടന്ന മത്സര ശേഷം പറഞ്ഞു.

'ഈ സീസണിൽ കുറച്ചു പ്രതീക്ഷകളും ഒരുപാട് ഊർജവുമായാണ് ഞാൻ വന്നത്. ഫൈനലിൽ എത്തിയത് വളരെ ആവേശം നൽകുന്നതാണ്. ഈ സിസൺ എനിക്ക് രണ്ടു പകുതിയായിരുന്നു. ഞാൻ എന്റെ അടുത്തവരുമായി മനസ്സ് തുറന്നു. ടൂർണമെൻറിന്റെ പകുതിയിൽ എനിക്ക് സമ്മർദ്ദവുമുണ്ടായിരുന്നു.' സഞ്ജു വ്യക്തമാക്കി. ഇത് തന്റെ സമ്മർദ്ദം ഒഴിവാക്കിയെന്നും കൊൽക്കത്തയിലേക്ക് പോയത് സ്വതന്ത്ര മനസ്സുമായായിരുന്നെന്നും സഞ്ജു പറഞ്ഞു.



രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ ഇഷ്ടപ്പെടാൻ ഒത്തിരി കാര്യങ്ങളുണ്ടെന്ന് ഇർഫാൻ പത്താൻ ട്വിറ്ററിൽ കുറിച്ചു. ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു, സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ ഇഷ്ടപ്പെടാൻ ഒത്തിരി കാര്യങ്ങളുണ്ട്- പത്താൻ ട്വിറ്ററിൽ കുറിച്ചു.സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ ഇതാദ്യമായല്ല ഇർഫാൻ പത്താൻ പുകഴ്ത്തുന്നത്. ഐപിഎല്ലിൽ ഈ സീസണിലെ ഏറ്റവും മികച്ച യുവ നായകന്മാരിൽ ഒരാൾ സഞ്ജുവാണെന്ന് ഇർഫാൻ പത്താൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. റൺസ് പ്രതിരോധിക്കുന്നതിലാണ് ഒരു ക്യാപ്റ്റന്‍ എങ്ങനെയാണെന്ന് കാണാനാവുക, സഞ്ജുവിലൂടെ രാജസ്ഥാൻ റോയൽസ് മികവാർന്ന നീക്കമാണ് നടത്തുന്നതെന്നായിരുന്നു ഇർഫാൻ പത്താന്റെ നേരത്തെയുള്ള പ്രതികരണം.

നായകൻ എന്നതിലുപരി ബാറ്റർ എന്ന നിലയിലും സഞ്ജു മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. നിലവിൽ ഈ സീസണിലെ മികച്ച റൺവേട്ടക്കാരിൽ ഒമ്പതാം സ്ഥാനത്താണ് സഞ്ജു. 16 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 444 റൺസാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് അർദ്ധ സെഞ്ച്വറികളാണ് സഞ്ജു നേടിയത്. 30 റൺസിലേറെ എല്ലാ മത്സരങ്ങളിലു സഞ്ജുവിന് നേടാനാകുന്നില്ലെന്ന വിമർശം ശക്തമാണ്.

അതേസമയം പ്രഥമ ഐപിഎല്ലിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ റോയൽസ് കലാശപ്പോരിന് എത്തുന്നത്. അന്ന് ഷെയിൻ വോണിന്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കിരീടം നേടുകയും ചെയ്തു. ഒരിക്കൽ കൂടി രാജസ്ഥാൻ ഫൈനലിലെത്തുമ്പോൾ എതിരാളികളായി ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. ഐപിഎല്ലിലെ കന്നിക്കാരാണ് ഗുജറാത്ത്.

രണ്ടാം പ്ലേഓഫ് മത്സരത്തിൽ അനായാസ ജയം നേടിയാണ് റോയൽസ് ഐ.പി.എൽ 2022ന്റെ ഫൈനലിലെത്തിയത്. ജോസ് ബട്‌ലറിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ടീം അനായാസ ജയം നേടിയത്. ബട്‌ലർ പുറത്താകാതെ 108 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ സജ്ഞു സാംസൺ 22 റൺസെടുത്ത് പുറത്തായി. 7 വിക്കറ്റും 11 പന്തും ബാക്കി നിർത്തിയാണ് രാജസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ബാംഗ്ലൂരിന് വേണ്ടി ജോസ് ഹെയ്‌സൽവുഡ് രണ്ടും വനിദു ഹസരങ്ക ഒരു വിക്കറ്റും നേടി.

Sanju Samson remembers what he was doing when Shane Warne lifted the IPL trophy For Rajasthan Royals 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News