ഷൈനിംഗ് ഷമി; എജ്ജാതി പ്രകടനം... റെക്കോർഡ് ഹീറോ

ഇന്ത്യക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടവും ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളർ പദവിയും താരം സ്വന്തമാക്കി

Update: 2023-11-02 16:17 GMT
Advertising

മുംബൈ: 2023 ഏകദിന ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിൽ മുഹമ്മദ് ഷമിയെ പുറത്തിരുത്തിയതിൽ ഇന്ത്യൻ മാനേജ്‌മെൻറിന് ഇപ്പോൾ നാണക്കേട് തോന്നുന്നുണ്ടാകും. കാരണം അത്ര മികച്ച പ്രകടനമാണ് താരം കളിച്ച മൂന്നു മത്സരങ്ങളിലും കാഴ്ചവെച്ചിരിക്കുന്നത്. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയുള്ള അഞ്ച് വിക്കറ്റ് വീഴ്ത്തി മത്സരത്തിന്റെ താരമായിരിക്കുകയാണ് ഷമി. ഒപ്പം ഇന്ത്യക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടവും ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളർ പദവിയും താരം സ്വന്തമാക്കി. നാലു വട്ടമാണ് ഷമി അഞ്ച് വിക്കറ്റ് വേട്ട നടത്തിയത്. ഇന്ന് 18 റൺസ് വിട്ടുകൊടുത്ത നടത്തിയ പ്രകടനമാണ് കൂട്ടത്തിൽ ഏറ്റവും മികച്ചത്.

ഇന്നത്തെ മത്സരത്തിന് മുമ്പ് ലോകകപ്പ് വിക്കറ്റ് വേട്ടയിൽ 40 ഇരകളാണ് ഷമിക്കുണ്ടായിരുന്നത്. ഇന്നത്തെ മത്സരത്തോടെ 14 മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റെന്ന റെക്കോർഡ് താരം നേടുകയായിരുന്നു. 44 വിക്കറ്റ് വീഴ്ത്തിയ സഹീർ ഖാനെയും ജവഗൽ ശ്രീനാഥിനെയുമാണ് ഷമി മറികടന്നത്. ശ്രീനാഥ് 34 മത്സരങ്ങളിൽ നിന്നാണ് അത്രയും വിക്കറ്റുകൾ വീഴ്ത്തിയത്. സഹീർഖാന്റെ നേട്ടം 23 മത്സരങ്ങളിൽ നിന്നായിരുന്നു. 32 വിക്കറ്റുമായി ജസ്പ്രീത് ബുംറയാണ് ഈ പട്ടികയിലുള്ള മറ്റൊരു ബൗളർ. 31 വിക്കറ്റുമായി അനിൽ കുംബ്ലെ അഞ്ചാം സ്ഥാനത്തുണ്ട്.

ഇന്ത്യയിൽ നടക്കുന്ന ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്നു മത്സരങ്ങൾ മാത്രമേ മുഹമ്മദ് ഷമി കളിച്ചിട്ടുള്ളൂ. ആദ്യ നാല് മത്സരങ്ങളിൽ ബാറ്റിങിലെ പോരായ്മകൾ കൊണ്ട് താരം പുറത്തായിരുന്നു. ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഷമിക്ക് അവസരം ലഭിച്ചത്. ശേഷം കളിച്ച മത്സരങ്ങളിലൂടെ താനൊരു ഒഴിവാക്കാനാകാത്ത കളിക്കാരനെന്ന് ഷമി തെളിയിച്ചിരിക്കുകയാണ്. ഈ മൂന്നു മത്സരങ്ങളിൽ നിന്നായി 14 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയിരിക്കുന്നത്. രണ്ട് അഞ്ച് വിക്കറ്റ് പ്രകടനമടക്കമാണിത്. ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ 54 റൺസ് വഴങ്ങി താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ 22 റൺസ് വിട്ടുനൽകി നാലു വിക്കറ്റും നേടി.

ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീം

ശ്രീലങ്കയ്‌ക്കെതിരെ 302 റൺസിന്റെ കൂറ്റൻ ജയത്തോടെ 2023 ലോകകപ്പ് സെമിയിലേക്ക് ആദ്യം മാർച്ച് ചെയ്യുന്ന ടീമായിരിക്കുകയാണ് ഇന്ത്യ. നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ലങ്കയ്ക്കുമുന്നിൽ ലോകകപ്പ് സെമി സാധ്യതകളും അസ്തമിച്ചിരിക്കുകയാണ്. ഒന്നിനു പിറകെ ഒന്നൊന്നായി ലങ്കൻ ബാറ്റർമാർ പവലിയനിലേക്കു ഘോഷയാത്ര നടത്തുന്ന കാഴ്ചയായിരുന്നു വാങ്കെഡെയിൽ. ജസ്പ്രീത് ബുംറ തുടങ്ങിവച്ച ആക്രമണത്തിൽ സംപൂജ്യരായി കൂടാരം കയറിയത് അഞ്ചുപേർ മൂന്നക്കം കടന്നത് മൂന്നുപേർ. തലനാരിയയ്ക്കാണ് ഏറ്റവും ചെറിയ ഏകദിന സ്‌കോറെന്ന സിംബാബ്വേയുടെ പേരിലുള്ള നാണക്കേടിന്റെ റെക്കോർഡിൽനിന്ന് ലങ്ക രക്ഷപ്പെട്ടത്.

ശുഭ്മൻ ഗിൽ(92), വിരാട് കോഹ്ലി(88), ശ്രേയസ് അയ്യർ(82) എന്നിവരുടെ സെഞ്ച്വറിയോളം പോന്ന പ്രകടനത്തിൽ ഇന്ത്യ ഉയർത്തിയ358 എന്ന കൂറ്റൻ വിജയലക്ഷ്യം കണ്ടു തന്നെ പകച്ചിരുന്നു ലങ്ക. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ബുംറയുടെ ആദ്യ പ്രഹരം. വിക്കറ്റിനു മുന്നിൽകുരുങ്ങി പത്തും നിസങ്ക പുറത്ത്. രണ്ടാമത്തെ ഓവറിൽ ആദ്യ പന്തിൽ സിറാജിന്റെ സ്ട്രൈക്ക്. ഇത്തവണ വിക്കറ്റിനു മുന്നിൽ കുരുങ്ങി ദിമുത്ത് കരുണരത്നെ ഗോൾഡൻ ഡക്ക്. ഇതേ ഓവറിൽ തന്നെ സദീര സമരവിക്രമയെയും ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ ദുസ്സൂചന നൽകി സിറാജ് ലങ്കൻ ആരാധകർക്ക്.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ വീണ്ടും സിറാജ് തീതുപ്പി. ഇത്തവണ ഗുഡ്ലെങ്ത്ത് പന്തിൽ ക്യാപ്റ്റൻ കുശാൽ മെൻഡിസിന്റെ(ഒന്ന്) പ്രതിരോധം തകർന്നു. ക്ലീൻബൗൾഡായായിരുന്നു മെൻഡിസിന്റെ മടക്കം.പവർപ്ലേയുടെ അവസാന ഓവർ നായകൻ രോഹിത് ശർമ മുഹമ്മദ് ഷമിയെ ഏൽപിച്ചു. ക്യാപ്റ്റന്റെ വിശ്വാസം ഷമി തെറ്റിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട അതേ പോർവീര്യം ഷമി ആവർത്തിച്ചു. 24 പന്ത് നേരിട്ട ഒരു റൺസ് മാത്രം നേടി നിലയുറപ്പിക്കാൻ നോക്കിയ ചരിത് അസലങ്കയുടെ കോട്ട തകർത്തു ആദ്യം ഷമി. ബാക്ക്വാർഡ് പോയിന്റിൽ ജഡേജയ്ക്ക് അനായാസ ക്യാച്ച്. അടുത്ത ഗോൾഡൻ ഡക്ക് ദുഷൻ ഹേമന്ത. ഗൂഡ്ലെങ്ത് പന്തിൽ ഹേമന്തയുടെ ബാറ്റിൽ എഡ്ജായി പോയ പന്ത് വിക്കറ്റിനു പിന്നിൽ കെ.എൽ രാഹുൽ കൃത്യമായി കൈയിലാക്കി.

അടുത്ത വിധിക്കായി കാത്തിരുന്നത് ദുഷ്മന്ത ചമീര. ബാറ്റിൽ എഡ്ജായ പന്ത് രാഹുൽ വീണ്ടും കൈയിലാക്കിയെങ്കിലും ഇത്തവണ അംപയർ വൈഡ് വിളിച്ചു. എന്നാൽ, രോഹിത് ഡി.ആർ.എസ് വിളിച്ചു. പരിശോധനയിൽ ഗ്ലൗസിൽ തട്ടിയെന്നു വ്യക്തമായി. ഡക്കായി ചമീരയും കൂടാരം കയറി.മറുവശത്ത് വിക്കറ്റുകൾ തുരുതുരാ വീണുകൊണ്ടിരുന്നപ്പോൾ കാഴ്ചക്കാരനായി നിന്ന വെറ്ററൻ താരം ആഞ്ചെലോ മാത്യൂസിനും അധികം ആയുസുണ്ടായിരുന്നില്ല. ലങ്കൻ സ്‌കോർബോർഡിൽ ആദ്യമായി രണ്ടക്കം കടന്ന മാത്യൂസിനെ കിടിലൻ ഇൻസ്വിങ്ങറിൽ ക്ലീൻബൗൾഡാക്കി. 12 റൺസെടുത്താണ് താരം മടങ്ങിയത്. കസുൻ രജിത(14)യെ കൂടി വീഴ്ത്തി ഷമി അഞ്ചു വിക്കറ്റ് തികച്ചു. ദിൽഷൻ മധുഷങ്കയെ(അഞ്ച്) അയ്യരുടെ കൈയിലെത്തിച്ച് രവീന്ദ്ര ജഡേജ ലങ്കയുടെ പതനം പൂർത്തിയാക്കി.

Mohammed Shami holds the record for most five-wicket haul in ODIs and the bowler who has taken most wickets for India in World Cup

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News