ഓരോ ഫോർമാറ്റിനും പ്രത്യേക ടീം? രോഹിതിനെ അടുത്തിരുത്തി കോച്ച് ദ്രാവിഡിന്റെ ആദ്യ വാർത്താസമ്മേളനം

താരങ്ങളുടെ മാനസികാരോഗ്യവും ജോലിഭാര നിയന്ത്രണവും അതിപ്രധാനമാണ്. ഈ രണ്ടു കാര്യങ്ങളും എന്റെ കാലയളവിൽ പ്രാധാന്യപൂർവം പരിഗണിക്കും: ദ്രാവിഡ്

Update: 2021-11-16 14:48 GMT
Advertising

രവി ശാസ്ത്രിയുടെ കയ്യിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കടിഞ്ഞാൺ ഏറ്റെടുത്തശേഷം ഹെഡ്‌കോച്ച് രാഹുൽ ദ്രാവിഡ് ആദ്യമായി മാധ്യമങ്ങളെ കണ്ടു. ക്യാപ്റ്റൻ രോഹിത് ശർമ്മയെ അടുത്തിരുത്തിയായിരുന്നു കോച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. വിരാട് കോലി പിന്മാറിയതിനാൽ ടി 20 മത്സരങ്ങളിൽ രോഹിതാണ് നയിക്കുക.


വിവിധ വിഷയങ്ങളിൽ ദ്രാവിഡിന്റെ മറുപടി

രോഹിത് ശർമ്മയും ദ്രാവിഡും?

2007 ൽ, 14 വർഷം മുമ്പ് അയർലാൻഡിനെതിരെയുള്ള ഏകദിനത്തിൽ ദ്രാവിഡിന്റെ കീഴിലാണ് രോഹിത് ശർമ്മ ഏകദിനത്തിൽ അരങ്ങേറിയത്. രോഹിതിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ദ്രാവിഡിനുള്ളത്. നായകനും കളിക്കാരനും എന്ന നിലയിലെല്ലാം രോഹിത് ഏറെ വളർന്നിരിക്കുന്നു. മുംബൈ ഇന്ത്യൻസിനെ എല്ലാതരത്തിലും രോഹിത് നയിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നണിയിൽ നിർത്തി.



ഒരു ഫോർമാറ്റിനും മുൻഗണനയില്ല?

ദ്രാവിഡിന്റെ വീക്ഷണത്തിൽ ഇന്ത്യ ക്രിക്കറ്റിലെ ഒരു ഫോർമാറ്റിനും മുൻഗണന നൽകില്ല. എല്ലാം തുല്യ പ്രാധാന്യമുള്ളവയാണ്. ക്രമേണ വളർച്ച നേടുകയും മികച്ച താരങ്ങളായി മാറുകയും ചെയ്യണം.

ആദ്യം നിരീക്ഷണം, പിന്നീട് പ്രവർത്തനം

ആദ്യം സീനിയർ താരങ്ങളായ രോഹിത് ശർമ്മ, കെ.എൽ. രാഹുൽ തുടങ്ങിയവരോട് സംസാരിക്കുകയും എല്ലാ തരത്തിലും ടീമിനെ നിരീക്ഷിക്കുകയും ചെയ്യുമെന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനായ ദ്രാവിഡ് പറയുന്നത്. ലോകകപ്പായതിനാൽ താരങ്ങളുമായി ഇതുവരെ കുറച്ചു ഇടപെടൽ മാത്രമാണ് നടന്നത്. ഓൺലൈനായാണ് കൂടിക്കാഴ്ച നടത്താനായത്.


'ന്യൂസിലാൻഡിനെ തള്ളിക്കളയാനാകില്ല'

ന്യൂസിലാൻഡിനെ തള്ളിക്കളയാനാകില്ല. കിവികൾ എന്ന ടാഗ് കേവലം ഭംഗിവാക്കുമല്ല. മികച്ച കളിയാണ് അവർ പുറത്തെടുക്കുന്നത്.



ഓരോ ഫോർമാറ്റിനും പ്രത്യേക ടീം

ലോകത്തെ പല രാജ്യങ്ങളും വിവിധ ക്രിക്കറ്റ് ഫോർമറ്റുകൾക്ക് പ്രത്യേക ടീമുകളുണ്ട്. ചില താരങ്ങൾ ചില രീതികളിൽ നന്നായി ശോഭിക്കുന്നു. ചില ടീമുകൾക്ക് സ്‌പെഷലിസ്റ്റുകളുണ്ട്. നിലവിൽ പ്രത്യേക ടീമുകളുണ്ടാക്കുന്നില്ല. രോഹിത് എല്ലാ ഫോർമാറ്റിലും കളിക്കണമെന്നാണ് എന്റെ ആഗ്രഹം. ചില താരങ്ങൾ ചില രീതികളിൽ കളിക്കും. അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബഹുമാനിച്ച് കൊണ്ട് തീരുമാനമുണ്ടാകും. അവരോട് ആശയവിനിമയം നടത്തും.

മാനസികാരോഗ്യവും ജോലിഭാര നിയന്ത്രണവും അതിപ്രധാനം

താരങ്ങളുടെ മാനസികാരോഗ്യവും ജോലിഭാര നിയന്ത്രണവും അതിപ്രധാനമാണ്. ഈ രണ്ടു കാര്യങ്ങളും എന്റെ കാലയളവിൽ പ്രാധാന്യപൂർവം പരിഗണിക്കും.

'ഫുട്‌ബോൾ മത്സരങ്ങളിൽ വലിയ താരങ്ങൾ എല്ലാ മത്സരവും കളിക്കാറില്ല. അവരുടെ ആരോഗ്യം സുപ്രധാനമാണ്. വലിയ മത്സരങ്ങൾക്ക് അവരുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ഈ രീതിയിൽ നീങ്ങുന്നത്'.

ദ്രാവിഡിന്റെ കോച്ചിംഗ് ഫിലോസഫി

കോച്ചിംഗ് രീതികൾ പൊതുവേ സമമാണ്. എന്നാൽ ചില ടീമുകൾക്കെതിരെ രീതികൾ മാറേണ്ടിവരും. കാര്യങ്ങൾ മനസ്സിലാക്കാനും കളിക്കാരിൽ നിന്ന് നല്ല പ്രകടനം പുറത്തുകൊണ്ടുവരാനും എനിക്കും സമയം വേണം. അതുതന്നെയാണ് എന്റെ ഫിലോസഫി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News