വീണ്ടും തീതുപ്പി മുഹമ്മദ് സിറാജ്; നനഞ്ഞപടക്കമായി ഹൈദരാബാദ്


ഹൈദരബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരബാദിന്റെ കഷ്ടകാലം തീരുന്നില്ല. ഇക്കുറി ഗുജറാത്ത് ടൈറ്റൻസിനോട് ഏറ്റുവാങ്ങിയത് ഏഴ് വിക്കറ്റിന്റെ കനത്ത തോൽവി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ ഉജ്ജ്വല സ്പെല്ലിൽ ഹൈദരബാദിന്റെ നടുവൊടിഞ്ഞു. 152 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 16.4 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
മോശം ഫോമിലുള്ള അഭിഷേക് ശർമയെയും (18)ട്രാവിസ് ഹെഡിനെയും (8) പുറത്താക്കി സിറാജ് ഹൈദരാബാദിന് ആദ്യമേ പ്രഹരമേൽപ്പിച്ചു. തുടർന്നുവന്ന ഇഷാൻ കിഷൻ (17), നിതീഷ് റെഡ്ഠി (31), ഹെന്റിച്ച് ക്ലാസൻ (27), അനികേത് വർമ (18) എന്നിവർക്ക് നല്ല തുടക്കം കിട്ടിയെങ്കിലും തകർത്തടിക്കാനായില്ല. 9 പന്തുകളിൽ 22 റൺസടിച്ച ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ ഇന്നിങ്സാണ് സ്കോർ 150 കടത്തിയത്. സിറാജ് 17 റൺസ് വഴങ്ങി നാല് വിക്കറ്റ് എടുത്തപ്പോൾ പ്രസീദ് കൃഷ്ണ, സായ് കിഷോർ എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സായ് സുദർശനെയും (5), ജോസ് ബട്‍ലറെയും (0) വേഗം നഷ്ടമായെങ്കിലും വാഷിങ് ടൺ സുന്ദറും (49), ശുഭ്മാൻ ഗില്ലും (61 നോട്ടൗട്ട്) ചേർന്ന് ക്രീസിലുറച്ചു. പിന്നീടെത്തിയ ഷെർഫെയ്ൻ റഥർഫോർഡും (16 പന്തിൽ 35) ആഞ്ഞടിച്ചതോടെ 16.4 ഓവറിൽ ഗുജറാത്ത് ലക്ഷ്യം കണ്ടു.
നാല് കളികളിൽ നിന്നും മൂന്നാം ജയവുമായി ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്കുയർന്നപ്പോൾ അഞ്ച് കളികളിൽ രണ്ട് പോയന്റുള്ള ഹൈദരാബാദ് അവസാന സ്ഥാനത്താണ്.