50 ലക്ഷം കിട്ടുമ്പോൾ അഞ്ച് ലക്ഷത്തിന് കളിക്കുമോ? ടെസ്റ്റ് ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവരാജ് സിങ്
'രാജ്യാന്തര ക്രിക്കറ്റിൽ എത്താത്ത താരങ്ങൾക്കുപോലും ടി20 ടൂര്‍ണമെന്റുകളില്‍ ലഭിക്കുന്നത് 7-10 കോടി രൂപ വരെയാണ്'
ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ആളുകള്‍ക്ക് ടി20 കാണാനും കളിക്കാനുമാണ് ആഗ്രഹമെന്നും യുവരാജ് കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചടങ്ങിനിടെയായിരുന്നു യുവരാജിന്റെ വാക്കുകൾ.
'ടെസ്റ്റ് ക്രിക്കറ്റ് മരിക്കുകയാണ്. ടി20 ക്രിക്കറ്റ് കാണാനും കളിക്കാനുമാണ് ആളുകള്‍ക്ക് താല്‍പര്യം. എന്തിനാണ് ഒരാൾ അഞ്ച് ദിവസത്തെ ക്രിക്കറ്റ് കളിച്ച് അഞ്ച് ലക്ഷം നേടുന്നത്, ഇന്ന് ടി20 ക്രിക്കറ്റ് കളിച്ചാല്‍ 50 ലക്ഷം നേടാം, രാജ്യാന്തര ക്രിക്കറ്റിൽ എത്താത്ത താരങ്ങൾക്കുപോലും ടി20 ടൂര്‍ണമെന്റുകളില്‍ ലഭിക്കുന്നത് 7-10 കോടി രൂപ വരെയാണ്'- ഇങ്ങനെ പോകുന്നു യുവരാജിന്റെ വാക്കുകള്‍.
'നിങ്ങൾ ഒരു ടി20യും ഏകദിനവും കാണൂ. ഏകദിനം ഇപ്പോള്‍ ഇപ്പോൾ ഒരു ടെസ്റ്റ് മത്സരം പോലെ തോന്നും. 20 ഓവർ കഴിഞ്ഞാൽ ഇനിയും 30 ഓവര്‍കൂടി ബാറ്റ് ചെയ്യേണ്ടതുണ്ടല്ലോ എന്ന് തോന്നും. അതിനാൽ, തീർച്ചയായും ടി20 എല്ലാത്തിനും മുകളിലാണ്- യുവരാജ് കൂട്ടിച്ചേര്‍ത്തു.''2019ലെ ലോകകപ്പില്‍ ബാറ്റിങ് പൊസിഷനുകളില്‍ ഇന്ത്യക്ക് വ്യക്തത ഇല്ലായിരുന്നുവെന്നും യുവി അഭിപ്രായപ്പെട്ടു. 2011ല്‍ ഞങ്ങള്‍ ലോകകപ്പ് ജയിച്ചപ്പോള്‍ ബാറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പൊസിഷന്‍ സെറ്റ് ആയിരുന്നു. എന്നാല്‍ 2019ല്‍ ഇങ്ങനെയൊന്ന് ഉണ്ടായില്ല-യുവി പറഞ്ഞു.
'5-7 ഏകദിനം മാത്രം കളിച്ച വിജയ് ശങ്കറെ അവര്‍ നാലാമത് കൊണ്ടുവന്നു. പിന്നെ വിജയ് ശങ്കറെ മാറ്റി പന്തിനെ കൊണ്ടുവന്നു. പന്ത് നാല് ഏകദിനം മാത്രമാണ് കളിച്ചിരുന്നത്. 2003 ലോകകപ്പ് കളിക്കുന്ന സമയം മുഹമ്മദ് കൈഫും ദിനേശ് മോംഗിയയും ഞാനുമെല്ലാം 50 ഏകദിനം കളിച്ച് കഴിഞ്ഞിരുന്നു എന്നും യുവി ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യക്ക് വേണ്ടി 40 ടെസ്റ്റ് മത്സരങ്ങൾ യുവരാജ് കളിച്ചിട്ടുണ്ട്. 62 ഇന്നിങ്‌സുകളിൽ നിന്നായി 1900 റൺസും കണ്ടെത്തി. 169 റൺസാണ് ഉയർന്ന സ്‌കോർ. ഇന്ത്യക്കായി മൂന്ന് സെഞ്ച്വറികളും പതിനൊന്ന് അർദ്ധ സെഞ്ച്വറികളും ടെസ്റ്റിൽ നേടിയിട്ടുണ്ട്. അതേസമയം ഏകദിനത്തിൽ 304 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ട് യുവരാജ്. 58 ടി20 മത്സരങ്ങളിലും ബാറ്റേന്തി.
Summary- Test Cricket is Dying Says Yuvraj Singh