അശ്വിനെ ഉൾപ്പെടുത്തിയതിനൊരു കാരണമുണ്ട്: നയം വ്യക്തമാക്കി വിരാട് കോഹ്‌ലി

പവർ ഹിറ്റിങ് നടക്കുമ്പോഴും തന്റെ കഴിവിൽ വിശ്വസിച്ച് പന്തെറിയുന്ന ആളാണ് അശ്വിൻ. യുഎഇയിലെ സാഹചര്യങ്ങൾ അശ്വിനെ പോലുള്ള ബൗളർമാർക്ക് ഏറെ അനുകൂലമാണെന്നും കോഹ്‍ലി

Update: 2021-10-18 06:00 GMT
Editor : rishad | By : Web Desk
Advertising

പരിമിത ഓവർ ക്രിക്കറ്റിൽ അശ്വിൻ തന്റെ പ്രാഗത്ഭ്യം മെച്ചപ്പെടുത്തിയതിനുള്ള അംഗീകാരമായാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഐ.പി.എൽ മത്സരങ്ങളിൽ മികവുറ്റ ബാറ്റ്സ്മാൻമാർക്കെതിരെയാണ് അശ്വിൻ ബൗൾ ചെയ്തത്. പവർ ഹിറ്റിങ് നടക്കുമ്പോഴും തന്റെ കഴിവിൽ വിശ്വസിച്ച് പന്തെറിയുന്ന ആളാണ് അശ്വിൻ. യുഎഇയിലെ സാഹചര്യങ്ങൾ അശ്വിനെ പോലുള്ള ബൗളർമാർക്ക് ഏറെ അനുകൂലമാണെന്നും കോഹ്‍ലി പറഞ്ഞു.

ഏറെ കാലത്തിന് ശേഷമാണ് അശ്വിനെ ഇന്ത്യൻ ടി20 ടീമിൽ ഉൾപ്പെടുത്തുന്നത്. ഏകദിന-ടി20 ക്രിക്കറ്റിലെ സ്ഥിര സാന്നിധ്യമായിരുന്നു യൂസ്‌വേന്ദ്ര ചാഹൽ. അദ്ദേഹത്തെ തഴഞ്ഞാണ് അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഏവരെയും അമ്പരപ്പിച്ചൊരു തെരഞ്ഞെടുപ്പായിരുന്നു അശ്വിന്റെത്. അതേസമയം ഐപിഎല്ലിൽ മികച്ച പ്രകടനമൊന്നും പുറത്തെടുക്കാൻ അശ്വിന് ആയിരുന്നില്ല. ഈ പശ്ചാതലത്തിലായിരുന്നു അശ്വിനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യം.

അതേസമയം എം.എസ് ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ക്യാപ്ടൻ വിരാട് കോഹ്‍ലി കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പിന് മുന്നോടിയായി ഐ.സി.സി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്‍ലി.

ചെറിയ കാര്യങ്ങളിൽ പോലും ധോണി പുലർത്തുന്ന സൂക്ഷ്മതയും പ്രായോഗിക നിർദേശങ്ങളും ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നാണ് ക്യാപ്ടൻ വിരാട് കോഹ്‍ലിയുടെ വിലയിരുത്തൽ. ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽ മടങ്ങിയെത്തുന്നത് ധോണിക്കും സന്തോഷമായിരിക്കും. കരിയർ തുടങ്ങിയ കാലത്ത് താനടക്കമുള്ള യുവതാരങ്ങൾക്ക് ധോണിയുടെ നിർദേശങ്ങൾ ലഭിച്ചിരുന്നു. കരിയറിലെ ആദ്യ മേജർ ടൂർണമെന്റിന് ഒരുങ്ങുന്ന യുവ താരങ്ങൾക്ക് ധോണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും കോഹ്‍ലി പറഞ്ഞു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News