ടി20യിൽ നിന്ന് രോഹിത്തിനെ ഒഴിവാക്കുമോ? 'നല്ല' മറുപടി നൽകി വിരാട് കോഹ്‌ലി
എന്ത് ചോദ്യമാണെന്ന മട്ടിലായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. 'നിങ്ങൾ എന്താണ് കരുതുന്നത്? മികച്ച ടീമിലാണ് കളിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്, എന്താണ് നിങ്ങൾക്ക് തോന്നുന്നത്?' വിരാട് കോഹ്‌ലി ചോദിച്ചു.
ലോകകപ്പ് ടി20യിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഉപനായകൻ രോഹിത് ശർമ്മയെ ഒഴിവാക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തെ ചിരിയോടെ നേരിട്ട് നായകൻ വിരാട് കോഹ്‌ലി. പാകിസ്താനെതിരായ മത്സര ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോഹ്‌ലി. അതിനിടയിലായിരുന്നു രോഹിത് ശർമ്മയെ ഒഴിവാക്കുമോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്.
എന്ത് ചോദ്യമാണെന്ന മട്ടിലായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. 'നിങ്ങൾ എന്താണ് കരുതുന്നത്? മികച്ച ടീമിലാണ് കളിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്, എന്താണ് നിങ്ങൾക്ക് തോന്നുന്നത്?' വിരാട് കോഹ്‌ലി ചോദിച്ചു.
ടി20 മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ്മയെ ഒഴിവാക്കുമോ? അവസാന മത്സരത്തിൽ രോഹിത് തിളങ്ങിയത് നിങ്ങൾ കണ്ടില്ലെ?( ആസ്‌ട്രേലിയക്കെതിരായ സന്നാഹം) ഈ ചോദ്യം വിശ്വസിക്കാനാകുന്നില്ല. നിങ്ങൾ വിവാദങ്ങളാണ് ആഗ്രഹിക്കുന്നതെങ്കിൽ ദയവായി എന്നോട് പറയൂ. അതിന് അനുസരിച്ച് ഞാൻ ഉത്തരം നൽകാം- കോഹ്‌ലി കൂട്ടിച്ചേർത്തു. ഐ.സി.സി ടൂർണമെന്റിൽ പാകിസ്താൻ ഞങ്ങളെ തോൽപിച്ചു എന്ന് സമ്മതിക്കുന്നതിൽ തനിക്ക് യാതാരു വിഷമവും ഇല്ലെന്നും എന്നാൽ പരിഭ്രാന്തി ബട്ടൺ അമർത്തുന്നത് തന്റെ കളിക്കാരല്ലെന്നും കോഹ്‌ലി വ്യക്തമാക്കി.
രോഹിത് ശർമ്മയും വിരാട് കോലിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകൾ മുമ്പ് പ്രചരിച്ചിരുന്നു. ഈ പശ്ചാതലത്തിലായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്.
പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറി നേടി.ഇന്ത്യൻ ബോളിങ് നിരയിൽ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 151 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്.