'കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക്'; മുംബൈയിൽ അഞ്ച് കോടിയുടെ ഫ്‌ളാറ്റ് സ്വന്തമാക്കി ജയ്‌സ്വാൾ

ദാരിദ്ര്യം നിറഞ്ഞ താരത്തിന്റെ പഴയ കാലമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതാണ്

Update: 2024-02-22 08:18 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: തുടര്‍ച്ചയായ ഇരട്ട സെഞ്ച്വറികളുമായി കളം നിറഞ്ഞ് കളിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ദാരിദ്ര്യം നിറഞ്ഞ താരത്തിന്റെ പഴയ കാലമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതാണ്.

ഐ.പി.എല്‍ കളിക്കാന്‍ തുടങ്ങിയത് മുതലാണ് അതിനൊരു മാറ്റം വന്നത്. ഇപ്പോഴിതാ ബാന്ദ്രയിലെ കുർള കോംപ്ലക്സിൽ 5.38 കോടിയ്ക്ക് ജയ്സ്വാൾ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നു. റിയൽ എസ്റ്റേറ്റ് വിവരങ്ങൾ ഉദ്ധരിച്ച് മണികൺട്രോൾ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1,110 സ്ക്വയറിൽ നിർമ്മിക്കുന്ന ഫ്ലാറ്റ്, ജനുവരി 7നായിരുന്നു രജിസ്ട്രേഷൻ ചെയ്തത്. മുംബൈ നഗരത്തിലെ ബിസിനസ്, റെസിഡൻഷ്യൽ ഏരിയയാണ് ബാന്ദ്ര കുർള കോംപ്ലക്സ്(ബി.കെ.സി).

നിലവിൽ ഫ്ലാറ്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം തന്നെ ഫ്ലാറ്റ് താരത്തിന് കൈമാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശിലെ ബദോഹി സ്വദേശിയായ ക്രിക്കറ്റ് താരം മുംബൈയിലേക്ക് താമസം മാറിയപ്പോൾ ഒരു ടെൻ്റിലായിരുന്നു താമസിച്ചിരുന്നത്. ക്രിക്കറ്റ് കളിക്കാരനാകണമെന്ന അടങ്ങാത്ത ആഗ്രഹമാണ് താരത്തെ മുംബൈയില്‍ എത്തിച്ചത്. 

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെയുമാണ് താരം പ്രതിനിധീകരിക്കുന്നത്.

2020ലെ അണ്ടർ 19 ലോകകപ്പിലെ മിന്നും പ്രകടനത്തോടെയാണ് യശസ്വി ജയ്സ്വാളിനെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്ത് എത്തിയ യശസ്വി ടൂര്‍ണമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായ 21കാരന്‍ കഴിഞ്ഞ സീസണില്‍ ടീമിനായി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്.

ഇതോടൊപ്പം ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരത പുലര്‍ത്തിയതോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. വിന്‍ഡീസിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിക്കൊണ്ട് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള വരവ് താരം പ്രഖ്യാപിക്കുകയും ചെയ്‌തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഇരട്ട സെഞ്ച്വറി നേടിയതോടെ റാങ്കിംഗില്‍ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്തു താരം. 15-ാം റാങ്കിലാണിപ്പോള്‍. താരത്തിന്റെ കരിയറിലെ ഉയര്‍ന്ന നേട്ടമാണിത്. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ജയ്‌സ്വാള്‍. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News