'വലിയ പ്രതീക്ഷയൊന്നുമില്ല': ഇന്ത്യയുടെ ഏകദിന ലോകകപ്പ് സാധ്യകളെപ്പറ്റി യുവരാജ് സിങ്‌

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യുവരാജ് നിലവിലെ ഇന്ത്യയുടെ സാധ്യതകളെപ്പറ്റി തുറന്നുപറഞ്ഞത്

Update: 2023-07-13 08:28 GMT
Editor : rishad | By : Web Desk

യുവരാജ് സിങ്

Advertising

ഡൽഹി: സ്വന്തം മണ്ണിൽ നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ടെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യുവരാജ് നിലവിലെ ഇന്ത്യയുടെ സാധ്യതകളെപ്പറ്റി തുറന്നുപറഞ്ഞത്. 'സത്യം പറയാലോ 2023ൽ ഇന്ത്യ ലോകകപ്പ് നേടുമെന്ന് എനിക്കുറപ്പില്ല. ഒരു ദേശസ്‌നേഹി എന്ന നിലയിൽ ഇന്ത്യ ജയിക്കുമെന്ന് എനിക്ക് പറയാം. എന്നാല്‍ ഇന്ത്യൻ ടീമിന്റെ മധ്യനിരയിൽ ഞാൻ ഒത്തിരി പ്രശ്‌നങ്ങൾ കാണുന്നു'- യുവരാജ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യ ഒരു ലോകകിരീടം നേടിയില്ല എന്നത് നിരാശാജനകമാണെന്ന് യുവരാജ് പറഞ്ഞു. 'നമുക്ക് വിവേകമുള്ളൊരു നായകനുണ്ട്(രോഹിത് ശർമ്മ). എന്നാൽ ടീം കോമ്പിനേഷൻ തെരഞ്ഞെടുക്കൽ വെല്ലുവിളിയാകും. മികച്ചൊരു സംഘത്തെ കണ്ടെത്തണമെങ്കിൽ കുറച്ച് മത്സരങ്ങൾ കൂടി ഇനിയും കളിക്കേണ്ടതുണ്ട്-യുവരാജ് പറഞ്ഞു.

'ഇന്ത്യയുടെ ടോപ് ഓർഡറിൽ കാര്യമായ പ്രശ്‌നങ്ങളില്ല. പക്ഷേ മധ്യനിരയിലേക്ക് വന്നാൽ ചില കാര്യങ്ങളിൽ വ്യക്തത ആവശ്യമായി വരും. നാലും അഞ്ചും പൊസിഷനുകൾ നിർണായകമാണ്. നാലാം നമ്പറിൽ വരുന്ന ബാറ്റർ അടിച്ചുകളിക്കാരനായതുകൊണ്ട് കാര്യമില്ല. സമ്മർദത്തിന് കീഴ്‌പ്പെടാതെ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാനാകണം-അത്തരിത്തിലൊരു കളിക്കാരനെയാണ് ആവശ്യം'- യുവരാജ് കൂട്ടിച്ചേര്‍ത്തു. എന്നാൽ ആരാണ് നാലാം നമ്പറിൽ യോജിച്ച ബാറ്ററെന്ന ചോദ്യത്തിന് ലോകേഷ് രാഹുൽ എന്നായിരുന്നു യുവരാജിന്റെ മറുപടി. റിങ്കു സിങിനെ പരിഗണിക്കാമെന്നും യുവരാജ് വ്യക്തമാക്കി.

ഐ.പി.എല്ലിലെ മികച്ച ഫോമാണ് റിങ്കുവിന്റെ പേര് പറയാൻ യുവരാജിനെ പ്രേരിപ്പിച്ചത്. സെലക്ഷൻ കമ്മിറ്റി തലപ്പത്തേക്കുള്ള അജിത് അഗാർക്കറിന്റെ നിയമനം മികച്ചതാണെന്നും യുവരാജ് അഭിപ്രായപ്പെട്ടു. അതേസമയം ഇന്ത്യയിപ്പോൾ വിൻഡീസുമായുള്ള പരമ്പരയിലാണ്. ആദ്യം രണ്ട് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ശേഷമാണ് ഏകദിന പരമ്പര. ലോകകപ്പ് അടുത്തിരിക്കെ ഏകദിന പരമ്പരയിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആർക്കെല്ലാം അവസരം ഉറപ്പിക്കാനാകും എന്ന് നോക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News