വിക്കറ്റെടുത്തതിന് പിന്നാലെ കോഹ്ലി ആരാധകരുടെ പൊങ്കാല; ഹിമാൻഷുവിന്‍റെ പ്രതികരണം ഇങ്ങനെ
ആറ് റണ്‍സെടുത്ത കോഹ്ലിയെ ഹിമാന്‍ഷു ക്ലീന്‍ ബൗൾഡാക്കുകയായിരുന്നു


അന്താരാഷ്ട്ര ക്രിക്കറ്റിൽ മോശം ഫോം തുടരുന്ന ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി 12 വർഷത്തെ ഇടവേളക്ക് ശേഷമാണ് രഞ്ജി ട്രോഫി കളിക്കാനെത്തിയത്. അരുൺ ജെയ്റ്റ്‌ലീ സ്റ്റേഡിയത്തിൽ സർവീസസിനെതിരെ കളത്തിലിറങ്ങിയ കോഹ്ലിയെ കാണാൻ 15000 പേരാണ് കഴിഞ്ഞ ദിവസം തടിച്ച് കൂടിയത്. എന്നാൽ ഗാലറിയിൽ കോഹ്ലിയുടെ കംബാക്ക് കാണാനെത്തിയ ആരാധകർക്ക് നിരാശയായിരുന്നു ഫലം. റെയിൽവേസ് ബോളർ ഹിമാൻഷു സാങ്വാന്റെ പന്തിൽ ബൗൾഡായി മടങ്ങാനായിരുന്നു കോഹ്ലിയുടെ വിധി.
ഇതോടെ ഹിമാൻഷു സോഷ്യൽ മീഡിയയിലെ താരമായി. കോഹ്ലി ആരാധകരുടെ പൊങ്കാലയും താരത്തെ തേടിയെത്തി. ഇതിനൊക്കെ മറുപടിയുമായെത്തിയിരിക്കുകയാണ് ഇപ്പോൾ ഹിമാൻഷു. താൻ കോഹ്ലിയുടെ ഒരു കടുത്ത ആരാധകരനാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റാണിത് എന്നും 29 കാരൻ പ്രതികരിച്ചു.
'എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റാണിത്. രാജ്യത്തിനാകെ പ്രചോദനമായൊരു കളിക്കാരനാണ് കോഹ്ലി. രഞ്ജി ട്രോഫി കാണാൻ ഇത്രയും ആളുകൾ തടിച്ച് കൂടുന്നത് ഞാൻ മുമ്പൊന്നും കണ്ടിട്ടില്ല. ഞങ്ങൾക്കെല്ലാവർക്കും മികച്ചൊരു അനുഭവമായിരുന്നു അത്. ഏതെങ്കിലും ഒരു പ്രത്യക ബാറ്ററെ ഞങ്ങൾ ലക്ഷ്യം വച്ചിരുന്നില്ല. തനിക്കും കുടുംബത്തിനുമെതിരെ വിദ്വേഷം വച്ച് പുലർത്തരുത്'- ഹിമാൻഷു പറഞ്ഞു. ഹിമാന്‍ഷുവിന്‍റെ അക്കൗണ്ടാണെന്ന് കരുതി മറ്റൊരാളുടെ അക്കൗണ്ടിൽ കയറി കോഹ്ലി ആരാധകർ പൊങ്കാലയിട്ടതും കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.