'ജയിലർ സിനിമയിൽ ആർ.സി.ബി ജേഴ്സി പാടില്ല'; ടീമിന്‍റെ പരാതിയിൽ കോടതി നിർദേശം

ചിത്രത്തില്‍ ആർ.സി.ബിയുടെ ജേഴ്സി മോശമായി ഉപയോഗിച്ചു എന്ന ആര്‍.സി.ബിയുടെ പരാതിയിലാണ് കോടതിയുടെ നിർദേശം.

Update: 2023-08-28 13:46 GMT

ജെയിലര്‍ സിനിമയുടെ പോസ്റ്ററും ആര്‍.സി.ബി ജേഴ്സിയും

Advertising

രജനികാന്ത് നായകനായ ജയിലർ സിനിമയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (ആർ‌.സി‌.ബി) ജേഴ്സി ഉപയോഗിക്കാന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. ചിത്രത്തില്‍ ആർ.സി.ബിയുടെ ജേഴ്സി മോശമായി ഉപയോഗിച്ചു എന്ന ആര്‍.സി.ബിയുടെ പരാതിയിലാണ് കോടതിയുടെ നിർദേശം.

ഐ.പി.എല്‍ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (ആർ‌.സി‌.ബി) ജഴ്‌സി ധരിച്ച് സിനിമയിൽ കാണിക്കുന്ന ആക്രമണ രംഗങ്ങൾ ഒഴിവാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. സെപ്തംബർ 01 മുതൽ എഡിറ്റ് ചെയ്ത് പ്രസ്തുത ഭാഗങ്ങള്‍ ഒഴിവാക്കിയ പതിപ്പ് ഉപയോഗിക്കണമെന്നും അല്ലാത്ത പതിപ്പ് പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഡൽഹി ഹൈക്കോടതി ചിത്രത്തിന്‍റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.

ടെലിവിഷനിലോ സാറ്റലൈറ്റിലോ മറ്റേതെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലോ സിനിമ റിലീസ് ചെയ്യുമ്പോഴും ഈ ഉത്തരവ് ബാധകമാകുമെന്നും ജസ്റ്റിസ് പ്രതിഭ എം സിംഗ് വ്യക്തമാക്കി.

സിനിമയിലെ ഒരു ആക്രമണ രംഗത്തിൽ വാടകക്കൊലയാളി ആർ.സി.ബിയുടെ ജേഴ്സി ധരിച്ചതിനെതിരെയാണ് ബാംഗ്ലൂര്‍ ടീം ആക്ഷേപം ഉന്നയിച്ചത്. സിനിമയില്‍ തങ്ങളുടെ ടീമിന്‍റെ ജേഴ്സി ഉപയോഗിച്ചത് മോശമായ രീതിയിലാണെന്നും ജേഴ്‌സി ഉപയോഗിക്കുന്നതിന് മുമ്പ് ടീമിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നുമാണ് ആര്‍.സി.ബി കോടതിയെ അറിയിച്ചത്. തങ്ങളുടെ ബ്രാൻഡിന്‍റെ പ്രതിച്ഛായയെ തന്നെ ഈ സീനുകള്‍ ബാധിച്ചു എന്നും ആര്‍.സി.ബി പരാതിയില്‍ പറയുന്നു.

അതേസമയം ആർ.സി.ബിയും സിനിമാ നിർമ്മാതാക്കളും തമ്മിൽ ഈ വിഷയത്തില്‍ ധാരണയിലെത്തിയതായും കോടതി നിരീക്ഷിച്ചു. കേസ് ഫയൽ ചെയ്തതിന് പിന്നാലെ സിനിമാ പ്രവർത്തകർ ഐ.പി.എൽ ടീമുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിച്ചതായി കോടതി ചൂണ്ടിക്കാട്ടി. സിനിമയിലുപയോഗിക്കുന്ന ആര്‍.സി.ബി ജേഴ്‌സി തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ രംഗങ്ങള്‍ മാറ്റുമെന്ന് കക്ഷികൾ തമ്മിൽ ധാരണയായിട്ടുണ്ട്.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News