'വിദേശ പിച്ചുകളില്‍ അയാളുടെ പ്രകടനങ്ങള്‍ മറന്ന് പോവരുത്'; റിങ്കുവിനെ തഴഞ്ഞതില്‍ രൂക്ഷവിമര്‍ശനം

ഫിനിഷറുടെ റിങ്കു ടീമില്‍ ഉണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ടീം പ്രഖ്യാപനമെത്തിയപ്പോള്‍ റിസര്‍വ് ബെഞ്ചിലായിരുന്നു താരത്തിന്‍റെ സ്ഥാനം.

Update: 2024-05-01 06:44 GMT
വിദേശ പിച്ചുകളില്‍ അയാളുടെ പ്രകടനങ്ങള്‍ മറന്ന് പോവരുത്; റിങ്കുവിനെ തഴഞ്ഞതില്‍ രൂക്ഷവിമര്‍ശനം
AddThis Website Tools
Advertising

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.   മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസന്‍റെ ലോകകപ്പ് പ്രവേശനത്തിനെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം എക്സില്‍ സഞ്ജുവിന്‍റെ പേര് ട്രെന്‍റിങ് ആയിരുന്നു. എന്നാല്‍ അതേ സമയം ടീമില്‍ ഉള്‍പ്പെടാതിരുന്ന ഒരു താരത്തിന്‍റെ പേര് കൂടി സോഷ്യല്‍ മീഡിയയില്‍ തരംഗമായി. അത് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്ങിന്‍റെയായിരുന്നു. 

ഫിനിഷറുടെ റിങ്കു ടീമില്‍ ഉണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ടീം പ്രഖ്യാപനമെത്തിയപ്പോള്‍ റിസര്‍വ് ബെഞ്ചിലായിരുന്നു താരത്തിന്‍റെ സ്ഥാനം.  കെ.എല്‍ രാഹുലിനെ പോലുള്ള വലിയ താരങ്ങളുടെ അഭാവവും ചര്‍ച്ചയായിരുന്നെങ്കിലും  രാഹുലോ സഞ്ജു സാംസണോ ആരെങ്കിലുമൊരാൾ മാത്രമേ ടീമിലുണ്ടാകുമെന്ന് നേരത്തെതന്നെ ഉറപ്പായിരുന്നു. എന്നാല്‍  റിങ്കു സിങിനെ പരിഗണിക്കാതിരുന്നത് അപ്രതീക്ഷിത തീരുമാനമായിപ്പോയെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. സമീപകാലത്ത് ദേശീയ ടീമിൽ ഫിനിഷറുടെ റോളിൽ മിന്നും ഫോമിലാണ് റിങ്കു. 

ദേശീയ ടീമില്‍ അവസരം ലഭിച്ചപ്പോഴൊക്കെ ഗംഭീര പ്രകടനങ്ങള്‍ താരത്തിന്‍റെ ബാറ്റില്‍ നിന്ന് പിറവിയെടുത്തു.  ടി 20യിൽ ഇന്ത്യക്കായി 11 ഇന്നിങ്‌സിൽ 356 റൺസാണ് റിങ്കുവിന്റെ സമ്പാദ്യം. 89 ആവറേജ്. 176 സ്ട്രൈക്ക് റേറ്റ്. ഓസ്ട്രേലിയക്കെതിരെ ഒമ്പത് പന്തിൽ നേടിയ 31 റൺസും ദക്ഷിണാഫ്രിക്കക്കെതിരെ 39 പന്തിൽ നേടിയ 68 റൺസുമാണ് മികച്ച ഇന്നിങ്‌സുകൾ. വിദേശപിച്ചുകളിൽ മികച്ചഫോമിൽ കളിച്ചിട്ടും താരത്തെ പരിഗണിക്കാൻ സെലക്ഷൻകമ്മിറ്റി തയാറായില്ല എന്നത് വലിയ ചര്‍ച്ചയാണ്. നാല് സ്പിന്നർമാരെ സ്‌ക്വാർഡിൽ ഉൾപ്പെടുത്തിയതാണ് റിങ്കുവിന് അവസരം നിഷേധിക്കാൻ കാരണമായത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവർക്ക് പുറമെ ഓൾറൗണ്ടർമാരായ അക്‌സർ പട്ടേലും രവീന്ദ്ര ജഡേജയും സ്ഥാനം പിടിച്ചു. അക്‌സറിനേയും ജഡേജയേയും ഒരുമിച്ചെടുക്കാൻ തീരുമാനിച്ചതോടെ റിങ്കുവിന്റെ സ്ലോട്ട് ഇല്ലാതായി.

റിങ്കുവിനെ ടീമിലെടുക്കാത്തതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താനടക്കമുള്ളവര്‍ രംഗത്തെത്തി. ദേശീയ ജഴ്‌സിയിൽ സമീപകാലത്ത് റിങ്കു നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് പത്താൻ പറഞ്ഞു. രവി ബിഷ്ണോയിയെ പുറത്താക്കിയതും പത്താനെ ചൊടിപ്പിച്ചു. ഐ.സി.സി റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ളൊരാളെ ലോകപ്പ് ടീമില്‍ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നായിരുന്നു പത്താന്‍റെ പ്രതികരണം. 

മുൻ ഓസീസ് താരം ആരോൺ ഫിഞ്ചും റിങ്കുവിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തി എന്ന് അഭിപ്രായപ്പെട്ടു. നാല് സ്പിന്നർമാർ ഒരു ടീമിലെന്തിനാണ്. രണ്ട് സ്പിന്നർമാരെ മാത്രം എടുത്താൽ റിങ്കുവിനെ കൂടി ടീമിൽ ഉൾപ്പെടുത്താമായിരുന്നു എന്നാണ് ഫിഞ്ച് അഭിപ്രായപ്പെട്ടത്.

മുൻ വിൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പും ഇതേ അഭിപ്രായക്കാരനായിരുന്നു. ടി20 ക്രിക്കറ്റിൽ 70 ന് മുകളിൽ ബാറ്റിങ് ആവറേജ് ഉള്ള റിങ്കു ഉറപ്പായും ലോകകപ്പ് ടീമിൽ ഉണ്ടാവണമായിരുന്നു എന്നാണ് ബിഷപ്പ് പ്രതികരിച്ചത്.

ഐ.പി.എൽ സീസണിലെ മോശം പ്രകടനങ്ങളാവാം റിങ്കുവിനെ തഴയാൻ കാരണമായതെന്നാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കറിന്റെ പക്ഷം. ഇടങ്കയ്യൻ പേസർ ടി.നടരാജൻ ടീമിലുണ്ടാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും ഗവാസ്‌കർ പറഞ്ഞു.

നിലവിലെ ഐ.പി.എൽ സീസണിൽ അത്ര മികച്ച ഫോമിൽ അല്ല റിങ്കു. 9 മത്സരങ്ങളിൽ നിന്ന് 123 റൺസാണ് താരത്തിന്റെ സമ്പാദ്യം. 20.5 ആണ് ബാറ്റിങ് ആവറേജ്. എന്നാൽ താരത്തിന് അധികം അവസരം ലഭിക്കാത്തതാണ് ഫോം ഔട്ടിന് കാരണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മോശം ഫോമിലാണെന്ന വിമർശനമുയരുമ്പോഴും 150 സട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശുന്നത് എന്ന് കൂടിയോര്‍ക്കണം.

വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള കെ.എല്‍ രാഹുലിന്‍റെ അഭാവവും ആരാധകര്‍ ഇന്നലെ ചര്‍ച്ചയാക്കി. ഐപിഎല്ലിൽ സ്ഥിരം ശൈലി മാറ്റി പരീക്ഷിച്ച  രാഹുല്‍ ഈ സീസണിൽ സ്ഥിരതയോടെയാണ് ബാറ്റ് വീശുന്നത്. പത്ത് മത്സരങ്ങളിൽ നിന്ന് 406 റൺസ് നേടിയ താരം  റൺവേട്ടക്കാരിൽ ഇപ്പോള്‍ നാലാമനാണ്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ കുറിച്ച് താരം 142 സ്ട്രൈക്ക് റൈറ്റിലാണ് ബാറ്റ് വീശുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News