''പാഡിടാന്‍ പോലും നീ എനിക്ക് സമയം തരില്ല''; ആദ്യമായി ഓപണിങ്ങിനിറങ്ങുമ്പോള്‍ സെവാഗിനോട് ദ്രാവിഡ്

ദ്രാവിഡിന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്നതായിരുന്നു ആദ്യ മത്സരത്തിൽ തന്നെ സെവാഗിന്റെ പ്രകടനം. ആദ്യ ഇന്നിങ്‌സിൽ 84ഉം രണ്ടാം ഇന്നിങ്‌സിൽ സെഞ്ച്വറിയുമാണ് അന്ന് സെവാഗ് നേടിയത്

Update: 2021-08-15 17:01 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപണിങ് ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ഒരുപോലെ ടീമിന്റെ വിശ്വാസം കാത്ത താരമായിരുന്നു അദ്ദേഹം. ടെസ്റ്റിൽ ഇരട്ട ട്രിപ്പിൾ സെഞ്ച്വറിയുമായി ലോക റെക്കോർഡും താരത്തിനുണ്ട്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ലോർഡ്‌സിൽ പുരോഗമിക്കുന്നതിനിടെ ടെസ്റ്റിൽ ആദ്യമായി ഓപണിങ്ങിനിറങ്ങിയ ഓർമ പങ്കുവയ്ക്കുകയാണ് സെവാഗ്. സഹതാരം രാഹുൽ ദ്രാവിഡുമായുണ്ടായ രസകരമായ ഓർമയാണ് സെവാഗ് സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിനോട് പങ്കുവച്ചത്. 2002ൽ ഇംഗ്ലണ്ടിനെതിരെ ട്രെന്റ് ബ്രിഡ്ജിലായിരുന്നു മത്സരം. മൂന്നാമനായി ഇറങ്ങുന്നത് ദ്രാവിഡായിരുന്നു. എന്നാൽ, താൻ ബാറ്റിങ്ങിനിറങ്ങുന്നതിനുമുൻപ് തന്നെ ദ്രാവിഡും പാഡിട്ട് തയാറാകുന്നത് സെവാഗിന്റെ ശ്രദ്ധയിൽപെട്ടു. ഇതുകണ്ട് മിണ്ടാതിരുന്നില്ല സെവാഗ്. താൻ ഇറങ്ങാനിരിക്കുന്നേയുള്ളൂ, അപ്പോഴേക്കും പാഡിട്ടിരിക്കുന്നതെന്തിനാണെന്ന് സെവാഗ് ചോദിച്ചു.

എന്നാൽ, സെവാഗിനുള്ള ദ്രാവിഡിന്റെ മറുപടിയായിരുന്നു രസകരം. 'നീ പാഡിഡാൻ പോലുമുള്ള സമയം എനിക്ക് തരില്ല' എന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. ഏകദിനശൈലിക്കാരനായ സെവാഗിന് ടെസ്റ്റിൽ കൂടുതൽ നേരം പിടിച്ചുനിൽക്കാനാകില്ലെന്നായിരുന്നു ദ്രാവിഡ് തമാശയായി സൂചിപ്പിച്ചത്. എന്നാൽ, ദ്രാവിഡിന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്ന തരത്തിലായിരുന്നു ആദ്യ മത്സരത്തിൽ തന്നെ സെവാഗിന്റെ പ്രകടനം. ആദ്യ ഇന്നിങ്‌സിൽ 84ഉം രണ്ടാം ഇന്നിങ്‌സിൽ സെഞ്ച്വറിയും നേടി അന്ന് സെവാഗ്. അങ്ങനെ കരിയറിന്റെ അവസാനം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. പിന്നീട് താൻ ബാറ്റ് ചെയ്യാൻ പോയതിനു ശേഷമേ ദ്രാവിഡ് പാഡിടാറുണ്ടായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News