ലോർഡ്‌സ് ടെസ്റ്റ്: ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 346 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 31 റൺസുമായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ ഇശാന്ത് ശർമയുമാണ് ക്രീസിലുള്ളത്

Update: 2021-08-13 12:53 GMT
Editor : Shaheer | By : Web Desk
Advertising

ലോർഡ്‌സ് ടെസ്റ്റിൽ ആദ്യദിനത്തിലെ മേധാവിത്വം തുടരാനായില്ലെങ്കിലും രണ്ടാം ദിനം ലഞ്ചിനു പിരിയുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 346 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 31 റൺസുമായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ ഇശാന്ത് ശർമയുമാണ് ക്രീസിലുള്ളത്.

ആദ്യദിനം ഓപണർമാരായ കെ.എൽ രാഹുലിന്റെ സെഞ്ച്വറിയുടെയും രോഹിത് ശർമയുടെ അർധ സെഞ്ച്വറിയുടെയും ചിറകിലേറി മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാൽ, രണ്ടാം ദിനം കളി തുടങ്ങി അധികം പിന്നിടും മുൻപ് തന്നെ മികച്ച ഫോമിലുണ്ടായിരുന്ന രാഹുൽ റോബിൻസണു മുൻപിൽ കീഴടങ്ങി. തലേന്നത്തെ സ്‌കോറിൽ രണ്ടു റൺസ് മാത്രം കൂട്ടിച്ചേർക്കാനേ രാഹുലിനായുള്ളൂ. പുറത്താകുമ്പോൾ 250 പന്തിൽ 12 ഫോരും ഒരു സിക്‌സും സഹിതം 129 റൺസാണ് രാഹുൽ നേടിയിരുന്നത്.

രാഹുൽ പോയതിനു തൊട്ടുപിന്നാലെ അടുത്ത ഓവറിൽ തന്നെ അജിങ്ക്യ രഹാനെയും മടങ്ങി. ആൻഡേഴ്‌സന്റെ നിരുപദ്രവകരമായ പന്തിൽ ഇംഗ്ലീഷ് നായകൻ ജോ റൂട്ടിന് അനായാസ ക്യാച്ച് നൽകിയാണ് രഹാനെ കൂടാരം കയറിയത്. പിന്നീട് ഒന്നിച്ച റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യൻ സ്‌കോർ പടുത്തുയർത്തി. ഇടങ്കയ്യൻ ജോഡി ഭീഷണിയായി തുടരുമ്പോഴാണ് മാർക്ക് വുഡ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകിയത്. അഞ്ച് ഫോർ സഹിതം 37 റൺസുമായി പ്രത്യാക്രമണ മൂഡിലായിരുന്ന പന്ത് വിക്കറ്റ് കീപ്പർ ബട്‌ലർക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നീടെത്തിയ മുഹമ്മദ് ഷമിക്ക് സ്‌കോർ ബോർഡിൽ ഒറ്റ റൺസും കൂട്ടിച്ചേർക്കാനായില്ല.

ഇംഗ്ലീഷ് ബൗളർമാരിൽ ജിമ്മി ആൻഡേഴ്‌സൻ തന്നെയാണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് കൂടുതൽ ഭീഷണിയുയർത്തിയത്. ആൻഡേഴ്‌സൻ മൂന്ന് മുൻനിര വിക്കറ്റുകൾ നേടിയപ്പോൾ റോബിൻസൻ രണ്ടും വുഡ്, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News