ചെറുത്തുനില്‍പ്പുമായി വാലറ്റം; ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് 221 റണ്‍സ് ലീഡ്

എട്ടു വിക്കറ്റ് നഷ്ടത്തില്‍ 248 എന്ന നിലയിലാണ് ഇന്ത്യ. 26 റണ്‍സുമായി ഷമിയും 20 റണ്‍സുമായി ബുംറയും തുടരുന്ന ചെറുത്തുനില്‍പ്പിലാണ് ഇന്ത്യന്‍ ലീഡ് 200 കടന്നത്

Update: 2021-08-16 12:55 GMT
Editor : Shaheer | By : Web Desk
Advertising

ലോര്‍ഡ്‌സ് ടെസ്റ്റിലെ അവസാനദിനം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 221 റണ്‍സ് ലീഡ്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 248 എന്ന നിലയിലാണ് ഇന്ത്യ.  വാലറ്റത്തില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ ലീഡ് 200 കടത്തിയത്. മത്സരം സമനിലയിലേക്ക് പോകുന്ന സൂചനയാണ് മുന്നിലുള്ളത്.

കഴിഞ്ഞ ദിവസം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 14 റണ്‍സുമായി റിഷഭ് പന്തും നാല് റണ്‍സുമായി ഇശാന്ത് ശര്‍മയുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. അവസാന ദിനമായ ഇന്ന് കളി തുടങ്ങി നാലാമത്തെ ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് റിഷഭ് പന്തിനെ നഷ്ടമായി. റോബിന്‍സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബട്‌ലറിനു ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു പന്ത്(22). അധികം വൈകാതെ റോബിന്‍സന്റെ പന്തില്‍ തന്നെ ഇശാന്തും കീഴടങ്ങി. ഒന്‍പതാം വിക്കറ്റില്‍ ഒന്നിച്ച ബുംറയും ഷമിയുമാണ് ഇന്ത്യയുടെ ലീഡ് 200ലേക്ക് ഉയര്‍ത്തിയത്. 26 റണ്‍സുമായി ഷമിയും 20 റണ്‍സുമായി ബുംറയും ഇന്ത്യന്‍ സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയ 27 റണ്‍സ് ലീഡ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപണര്‍മാരായ കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, നായകന്‍ വിരാട് കോഹ്ലി എന്നിങ്ങനെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. തുടര്‍ന്നങ്ങോട്ട് ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് നടത്തിയ അസാമാന്യമായ പ്രതിരോധമാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് ക്ഷമാപൂര്‍വം ഇന്ത്യന്‍ സ്‌കോര്‍ കെട്ടിപ്പടുത്തു. ഇടയ്ക്ക് ദീര്‍ഘനാളത്തെ റണ്‍സ് ക്ഷാമത്തിന് അറുതിവരുത്തി രഹാനെ അര്‍ധസെഞ്ച്വറിയും കടന്നു. ഇംഗ്ലീഷ് ബൗളര്‍മാരുടെ ക്ഷമകെടുത്തിയ കൂട്ടുകെട്ട് ഒടുവില്‍ മാര്‍ക് വുഡാണ് തകര്‍ത്തത്. പുജാരയെ നായകന്‍ റൂട്ടിന്റെ കൈയിലെത്തിച്ചായിരുന്നു വുഡിന്റെ ഇടപെടല്‍. പുറത്താകുമ്പോള്‍ 206 പന്തില്‍ നാല് ഫോറുമായി 45 റണ്‍സായിരുന്നു പുജാരയുടെ സമ്പാദ്യം. പുജാര പോയതോടെ രഹാനെയുടെ ഇന്നിങ്‌സും അധികം നീണ്ടുനിന്നില്ല. മോയിന്‍ അലിയുടെ പന്തില്‍ ബട്‌ലറിനു ക്യാച്ച് നല്‍കി രഹാനെയും മടങ്ങി. 146 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 61 റണ്‍സാണ് ഇന്ത്യന്‍ ഉപനായകന്‍ നേടിയത്. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജ(ആറ്) അലിയുടെ മനോഹരമായ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.

ആദ്യ ഇന്നിങ്‌സില്‍നിന്ന് വ്യത്യസ്തമായി മാര്‍ക്ക് വുഡാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ വിക്കറ്റുമായി മുന്നില്‍ നിന്നത്. വുഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഒലി റോബിന്‍സന്‍, മോയിന്‍ അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സാം കറന്‍ ഒരു വിക്കറ്റും നേടി. ജിമ്മി ആന്‍ഡേഴ്‌സന് വിക്കറ്റൊന്നും ലഭിച്ചിട്ടില്ല.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News