ഡിആർഎസ് അവസരം പാഴാക്കിയത് നായകൻ, പഴി സഞ്ജുവിന്; സമൂഹമാധ്യമങ്ങളിൽ പൊങ്കാല

കോവിഡ് നിഴലിലായ ഇന്ത്യൻ സംഘത്തിൽ മുൻനിര ബാറ്റർമാരുടെ അഭാവത്തിൽ കൂടുതൽ ഉത്തരവാദിത്തമാണ് മലയാളി താരം സഞ്ജു സാംസണിനുണ്ടായിരുന്നത്. എന്നാൽ, അവസരത്തിനൊത്തുയരാൻ താരത്തിനായില്ല

Update: 2021-07-29 12:32 GMT
Editor : Shaheer | By : Web Desk
Advertising

സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തിനു വേണ്ടിയുള്ള മലയാളിയുടെ കാത്തിരിപ്പ് ഇനിയും തുടരുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിനു പിറകെ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും അവസരം ലഭിച്ചിട്ടും സഞ്ജു ബാറ്റ് കൊണ്ട് ആരാധകരെ നിരാശപ്പെടുത്തി. കോവിഡ് നിഴലിലായ ഇന്ത്യൻ സംഘത്തിൽ മുൻനിര ബാറ്റർമാരെല്ലാം ക്വാറന്റൈനിലായപ്പോൾ കൂടുതൽ ഉത്തരവാദിത്തമായിരുന്നു കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20 മത്സരത്തിൽ സഞ്ജുവിനുണ്ടായിരുന്നത്. എന്നിട്ടും അവസരത്തിനൊത്തുയരാൻ താരത്തിനായില്ല.

എന്നാൽ, കഴിഞ്ഞ മത്സരത്തിൽ ഒഴിവാക്കിയ ഒരു ഡിആർഎസ് അവസരത്തിന്റെ പേരിൽ താരത്തിനെതിരെ വൻ പൊങ്കാലയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ശ്രീലങ്കയുടെ മറുപടി ബാറ്റിങ്ങിനിടെ എട്ടാം ഓവറിലായിരുന്നു സംഭവം. കുൽദീപ് യാദവിന്റെ പന്തിൽ ശ്രീലങ്കൻ നായകൻ ദാസുൻ ശാനക സ്വീപ്പ് ഷോട്ടിന് ശ്രമിച്ചത് പാളി. കുൽദീപും വിക്കറ്റ് കീപ്പർ സഞ്ജുവും ഇന്ത്യൻ താരങ്ങളും എൽബിഡബ്ല്യു വിക്കറ്റിനു വേണ്ടി അപ്പീൽ ചെയ്‌തെങ്കിലും അംപയർ അനുവദിച്ചില്ല.

അംപയറുടെ തീരുമാനം പുനപരിശോധിക്കാനുള്ള സംവിധാനമായ ഡിആർഎസ് അവസരമുണ്ടായിട്ടും ഇന്ത്യൻ നായകൻ ശിഖർ ധവാൻ അതിനു തയാറായില്ല. വിക്കറ്റിനു വേണ്ടി ഉച്ചത്തിൽ അപ്പീൽ ചെയ്ത സഞ്ജുവിനും ഡിആർഎസ് അവസരം വന്നപ്പോൾ അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ല. പന്ത് സ്റ്റംപിനു മുകളിലേക്ക് ഉയർന്നുപൊങ്ങുന്നുണ്ടെന്നായിരുന്നു സഞ്ജുവിന്റെ നിരീക്ഷണം. അതുകൊണ്ട് തന്നെ ധവാൻ ഡിആർഎസ് ആവശ്യപ്പെട്ടില്ല. എന്നാൽ, റീപ്ലേകളിൽ വ്യക്തമായും ഔട്ടാണെന്നു തെളിഞ്ഞതോടെയാണ് സഞ്ജുവിനെതിരെ വിമർശനങ്ങൾ തുടങ്ങിയത്.

പിന്നീട് കുൽദീപിന്റെ അടുത്ത ഓവറിൽ സഞ്ജു തന്നെ മികച്ച സ്റ്റംപിങ്ങിലൂടെ ശാനകയെ പുറത്താക്കിയെങ്കിലും ഡിആർഎസ് അവസരം പാഴാക്കിയതിന്റെ പഴി മുഴുവൻ താരത്തിനായി. ഡിആർഎസിന്റെ ഉത്തരവാദിത്തം നായകനാണെങ്കിലും സഞ്ജുവിനെ പുറത്താക്കാനുള്ള കാരണമായാണ് പലരും അത് ഉയർത്തിക്കാട്ടുന്നത്.

മത്സരം ഇന്ത്യ തോറ്റതിന് ഉത്തരവാദി സഞ്ജുവാണെന്നാണ് ഒരു വിമർശകൻ പറയുന്നത്. ബാറ്റിങ്ങിൽ പരാജയപ്പെട്ടതിനു പുറമെ ഡിആർഎസും ക്യാച്ചും നഷ്ടപ്പെടുത്തുകയും അധിക റൺസ് വിട്ടുകൊടുക്കുകയും ചെയ്തതായി ഇതിനു കാരണമായി വിമർശകൻ ചൂണ്ടിക്കാട്ടുന്നു.

സഞ്ജുവിന് സ്ഥിരതയില്ലെന്ന് ആരു പറഞ്ഞു, കിട്ടിയ അവസരങ്ങളെല്ലാം തുലച്ചുകളയുന്ന കാര്യത്തിൽ ഏറ്റവും സ്ഥിരതയുള്ള താരമാണ് അദ്ദേഹമെന്ന് മറ്റൊരാൾ പരിഹസിക്കുന്നു. അവസരത്തിനൊത്ത് ബാറ്റ് ചെയ്യാനാകില്ല. കീപ് ചെയ്യാനോ മികച്ച ഡിആർഎസ് നിർദേശങ്ങൾ നൽകാനോ ഒന്നും കഴിയില്ല. ആരാധക പിൻബലമുള്ള ഒരു ഉമർ അക്മൽ മാത്രമാണ് സഞ്ജുവെന്നും പരിഹാസം നീളുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News