യുവരാജിന് ഇഷ്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ; പോര്‍ച്ചുഗലിന് പിന്തുണയുമായി താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെയും കടുത്ത ആരാധകനാണ് യുവരാജ് സിങ്.

Update: 2022-11-17 13:46 GMT
Advertising

ഖത്തറില്‍ ആരംഭിക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിലെ തന്‍റെ ഇഷ്ടതാരത്തെയും ഇഷ്ട ടീമിനെയും പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങ്. പോര്‍ച്ചുഗല്‍ ആണ് ഈ ലോകകപ്പില്‍ താന്‍ ഇഷ്ടപ്പെടുന്ന ടീമെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പ്രിയപ്പെട്ട താരമെന്നും യുവരാജ് വെളിപ്പെടുത്തി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കടുത്ത ആരാധകനാണ് യുവരാജ് സിങ്. അങ്ങനെയാണ് ക്രിസ്റ്റ്യാനോയിലേക്കും പോര്‍ച്ചുഗല്‍ ടീമിലേക്കും തന്‍റെ ഇഷ്ടം വ്യാപിച്ചതെന്നും യുവരാജ് പറയുന്നു. യുവരാജിന്‍റെ വാക്കുകള്‍, '' ഈ ലോകകപ്പില്‍ എന്‍റെ ഇഷ്ട ടീം പോര്‍ച്ചുഗലാണ്, ഇഷ്ട കളിക്കാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, എന്‍റെ ഓര്‍മയില്‍ ഞാന്‍ ആദ്യമായി കണ്ടത് 2002 ലോകകപ്പാണ്. അന്ന് ബ്രസീലാണ് ലോകകപ്പ് ജേതാക്കളായത്''. വിയാകോം സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് യുവരാജ് ഇക്കാര്യം പങ്കുവെച്ചത്.

ക്രിസ്റ്റ്യാനോക്ക് പുറമേ മാഞ്ചസ്റ്റർ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ഡിയേഗോ ഡാലോട്ട് എന്നിവരും പോർച്ചുഗൽ ലോകകപ്പ് ടീമില്‍ ഉണ്ട്. ഘാന, യുറുഗ്വായ്, ദക്ഷികൊറിയ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗൽ ഉള്ളത്. നവംബർ 24ന് ഘാനക്ക് എതിരെ ആണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.

ഇന്ത്യന്‍ ക്രിക്കറ്റേഴ്സില്‍ പിന്നെയുമുണ്ട് ഫുട്ബോള്‍ ആരാധകര്‍. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനും ലോകകപ്പില്‍ തന്‍റെ ഇഷ്ട ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെയിന്‍ ആണ് അശ്വിന്‍റെ ഇഷ്ട ടീം. എന്നാല്‍ ഇഷ്ട താരമാകട്ടെ ഫ്രാന്‍സിന്‍റെ കിലിയന്‍‌ എംബപ്പെയും.

അതേസമയം ലോകകപ്പിന് തൊട്ടുമുമ്പ് നടക്കാനിരിക്കുന്ന നൈജീരിയക്കെതിരായ സൌഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ലെന്ന് ഉറപ്പായി. പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെർണാണ്ടോ സാന്‍റോസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താരത്തിന് നിര്‍ജലീകരണമാണെന്നും ഗ്യാസ്ട്രോ എൻറൈറ്റിസിന്‍റെ പ്രശ്നം അലട്ടുന്നുണ്ടെന്നും ലിസ്ബണിൽ നടന്ന പത്രസമ്മേളനത്തിൽ സാന്‍റോസ് പറഞ്ഞു.ഫെർണാണ്ടോ സാന്‍റോസ് പറഞ്ഞത്- 'റൊണാള്‍ഡോ നൈജീരിയക്കെതിരായ മത്സരത്തില്‍ ഉണ്ടാകില്ല. ധാരാളം ജലാംശം അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. റൊണാള്‍ഡോക്ക് ഗ്യാസ്ട്രോ എൻറൈറ്റിസാണ്. അദ്ദേഹത്തിന് ഇപ്പോള്‍ പരിശീലിക്കാന്‍ കഴിയില്ല. റോണോക്ക് ഇപ്പോള്‍ വിശ്രമമാണ് ആവശ്യം. ഉടന്‍ തന്നെ സുഖം പ്രാപിക്കും. 'നവംബര്‍ 24ന് ഘാനക്കെതിരായി നടക്കുന്ന പോർച്ചുഗലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ റൊണാൾഡോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ക്രിസ്റ്റ്യാനോയും ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അതിനുപിന്നാലെ സൂപ്പർ താരത്തിന്‍റെ ഭീമൻ ചുമർചിത്രം മാഞ്ചസ്റ്റർ യുനൈറ്റഡ് നീക്കംചെയ്തിരുന്നു. ക്ലബിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫിഡിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ചുമർചിത്രമാണ് നീക്കിയിരിക്കുന്നത്. എന്നാൽ, ക്ലബിനും കോച്ച് എറിക് ടെൻ ഹാഗിനും എതിരായ കടുത്ത പരാമർശങ്ങളെ തുടർന്നല്ല നടപടിയെന്നാണ് അറിയുന്നത്.ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലായിരുന്നു ക്രിസ്റ്റിയാനോ ക്ലബിനും ടെൻഹാഗിനും എതിരെ തുറന്നടിച്ചത്. മകൾക്ക് അസുഖം ബാധിച്ച സമയത്തുപോലും യുനൈറ്റഡ് മാനേജ്‌മെന്റ് തന്നെ വിശ്വാസത്തിലെടുത്തില്ലെന്നും ക്ലബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ വേണ്ട പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്നും അഭിമുഖത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ടെൻ ഹാഗ് തന്നെ ക്ലബിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണെന്നും താരം ആരോപിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News