46ാം കിരീടവും സ്വന്തമാക്കി മെസി; എം.എൽ.എസ് സപ്പോർട്ടേഴ്സ് ഷീൽഡ് ചാമ്പ്യൻമാരായി ഇന്റർ മയാമി
ഫൈനലിൽ ഇരട്ടഗോളുമായി അർജന്റൈൻ താരം കളം നിറഞ്ഞു
ന്യൂയോർക്ക്: ലോകകപ്പിനും കോപ്പ അമേരിക്കക്കും ശേഷവും ലയണൽ മെസ്സിയെ തേടി വീണ്ടും കിരീടം. എം.എൽ.എസ് സപ്പോർട്ടേഴ്സ് ഷീൽഡ് ചാമ്പ്യൻഷിപ്പിലൂടെ ഇന്റർ മയാമിയിലും വരവറിയിച്ച് അർജന്റൈൻ സൂപ്പർ താരം. കലാശപോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് തകർത്തത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടി മെസ്സി തിളങ്ങി. ലൂയിസ് സുവാരസാണ് മറ്റൊരു ഗോൾ സ്‌കോറർ. ജയത്തോടെ മെസ്സിയുടെ ക്ലബ്-രാജ്യാന്തര കരിയറിലെ 46ാം മേജർ ട്രോഫിയാണിത്.
THIS IS FÚTBOL 💗🖤✨
— Inter Miami CF (@InterMiamiCF) October 3, 2024
El pase de @JordiAlba 😮💨, el control y la definición de Messi 🤯🐐 pic.twitter.com/Q6s5wQnrmh
കഴിഞ്ഞ വർഷം മെസ്സി എത്തിയ ശേഷം ക്ലബ് നേടുന്ന രണ്ടാം കിരീടമാണിത്. കഴിഞ്ഞ തവണ ലീഗ് കപ്പും ഇന്റർ മയാമി സ്വന്തമാക്കിയിരുന്നു. ഡിസംബർ ഏഴിന് നടക്കുന്ന എം.എൽ.എസ് കപ്പ് ഫൈനൽ വിജയിച്ച് ഫിഫ ക്ലബ് ലോകകപ്പിന് യോഗ്യത നേടാനും മെസിയും സംഘവും ലക്ഷ്യമിടുന്നു.
The moment we made history! 🛡️🖤🩷 pic.twitter.com/zRseWXbGTZ
— Inter Miami CF (@InterMiamiCF) October 3, 2024
മത്സരത്തിന്റെ 45ാം മിനിറ്റിൽ മെസിയുടെ ഗോളിൽ ഇന്റർ മയാമി ലീഡെടുത്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ(45+5) സൂപ്പർ താരം വീണ്ടും വലകുലുക്കി. എന്നാൽ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ കൊളമ്പസ് തിരിച്ചടിച്ചു. 46ാം മിനിറ്റിൽ ഡീഗോ റോസിയിലൂടെ കൊളമ്പസ് ആദ്യ ഗോൾ മടക്കി. എന്നാൽ രണ്ട് മിനിറ്റിനകം ലൂയിസ് സുവാരസിലൂടെ വീണ്ടും മയാമി വലകുലുക്കി(3-1). 61ാം മിനിറ്റിൽ ഹെർനാണ്ടസിലൂടെ(3-2) വീണ്ടും തിരിച്ചടിച്ച് കൊളമ്പസ് മത്സരത്തിലേക്ക് വന്നെങ്കിലും അവസാന മിനിറ്റുകളിൽ ഇന്റർ മയാമി പ്രതിരോധം ശക്തമാക്കി വിജയം പിടിച്ചു.