'അർജന്റീനയുടെ ആ സങ്കടവും അവിടെ തീർന്നു'; മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ മധുര പ്രതികാരം
2016 കോപ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ചിലി അർജന്റീനയെ മറികടന്ന് കിരീടം ചൂടിയത്.
ന്യൂയോർക്ക്: അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-ചിലി കോപ മത്സരം വീക്ഷിച്ചത് 81,106 പേരായിരുന്നു. ഇതിൽ കൂടുതലും മെസിയേയും സംഘത്തേയും പിന്തുണക്കാനെത്തിയവർ. ഇവരുടെ മനസിൽ ന്യൂജേഴ്‌സിയിലെ ആ സ്റ്റേഡിയത്തിലിരിക്കുമ്പോൾ ഒരു ഫ്‌ളാഷ്ബാക്ക് മിന്നിമറിയും. 88ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളിൽ വിജയം പിടിക്കുമ്പോൾ അവർ ആനന്ദ നൃത്തം ചവിട്ടി. ഒരിക്കൽ കണ്ണീരണിഞ്ഞ മൈതാനത്ത് നേടിയ അഭിമാന വിജയം.
എട്ട് വർഷം മുൻപ് അമേരിക്കയിലെ ഇതേ മെറ്റ്‌ലൈഫ് സ്റ്റേഡിയം. കളത്തിൽ ഇതേ ടീമുകൾ നേർക്കുനേർ. അന്ന് ഫൈനലിൽ മുഴുവൻ സമയവും എക്‌സ്ട്രാ സമയവും ഇരുടീമുകളും ഗോൾരഹിത സമനിലയിൽ. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ. കിക്കെടുത്ത മെസിക്ക് പിഴക്കുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വം. തൊട്ടുപിന്നാലെ കിക്കെടുത്ത ചിലിയുടെ വിദാലിനും പിഴക്കുന്നു. ഇതോടെ ആവേശം പരകോടിയിൽ. തൊട്ടുപിന്നാലെ അർജന്റീനക്കായി മഷെരാനോയും സെർജിയോ അഗ്യൂറോയും ലക്ഷ്യംകാണുന്നു. ചിലി നിരയിൽ കാസ്റ്റിലോയും അരാൻഗുയിസും വലയിലാക്കി. നെഞ്ചിടിപ്പിക്കുന്ന നിമിഷം. എന്നാൽ അർജന്റീനയുടെ ലൂക്കാസ് ബിഗ്ലയക്ക് പിഴക്കുന്നു. അങ്ങനെ ചിലി കോപ സെന്റിനാരിയോ ഫൈനലിലെ കിരീടത്തിൽ. അർജന്റീനയുടെ 1993 ന് ശേഷമൊരു കിരീട സ്വപ്‌നമാണ് ഈ മൈതാനത്ത് തകർന്നടിഞ്ഞത്. ബ്യൂണസ് അയേഴ്സിലെ തെരുവുകളിൽ സങ്കടകണ്ണീർ. തോൽവിയിൽ മനംനൊന്ത് മെസി കളി മതിയാക്കുകയാണെന്ന വാർത്ത പരന്നതോടെ അതിലേറെ നൊമ്പരം.
പിന്നീടുള്ള ചരിത്ര നേട്ടങ്ങൾക്ക് ലോകവും കാലവും സാക്ഷി. 2016ലെ മെസിയുടെ കണ്ണീരിന് പിന്നീട് അർജന്റീനൻ സംഘം പകരം വീട്ടിയത് 2021ൽ മാരക്കാനയിൽ. ബ്രസീലിനെ തകർത്ത് കോപ കിരീടത്തിൽ മുത്തമിട്ടു. തൊട്ടടുത്ത വർഷം ഖത്തറിൽ ഫ്രാൻസിനെ തകർത്ത് ലോക ജേതാക്കളുമായി. എല്ലാം നേടിയ ആത്മവിശ്വാസത്തിലാണ് മെസിയും സംഘവും വീണ്ടും അമേരിക്കൻ മണ്ണിലേക്ക് എത്തിയത്. തെളിയിക്കാനൊന്നുമില്ല. എന്നാൽ അന്നത്തെ ആ ഫൈനൽ പരാജയം ആരാധകരുടെ മനസിൽ ഒരു നൊമ്പരമായി നിലനിന്നു. വീണ്ടും അതേ മൈതാനത്ത് ചിലിയെ തകർക്കാനായതോടെ മധുരപ്രതികാരം കൂടിയാണ് സാധ്യമായത്.