ചെക്ക് ഗോളിയുമായി കൂട്ടിയിടിച്ചു; രക്തത്തിൽ കുളിച്ച് ക്രിസ്റ്റ്യാനോ, പരിക്ക്

പരിക്ക് വകവയ്ക്കാതെ ക്രിസ്റ്റ്യാനോ പിന്നീട് കളി തുടര്‍ന്നു

Update: 2022-09-25 05:37 GMT
Editor : Shaheer | By : Web Desk
Advertising

പ്രാഗ്: നാഷൻസ് ലീഗ് പോരാട്ടത്തിൽ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. ചെക്ക് റിപബ്ലിക്കുമായുള്ള മത്സരത്തിനിടെയാണ് സംഭവം. ചെക്ക് ഗോൾകീപ്പർ തോമസ് വാക്ലിക്കുമായി കൂട്ടിയിടിച്ച് മൂക്കിലാണ് പരിക്കേറ്റത്.

13-ാം മിനിറ്റിലായിരുന്നു അപകടം. ചെക്ക് പ്രതിരോധത്തെ മറികടന്ന് ഉയർന്നുചാടി പന്ത് വലയിലാക്കാനുള്ള ശ്രമത്തിനിടെയാണ് മുന്നോട്ട് ചാടിയ തോമസ് വാക്ലിക്കുമായി കൂട്ടിയിടിച്ചത്. പന്ത് തട്ടിയകറ്റാനുള്ള വാക്ലിക്കിന്റെ ശ്രമം പാളി ക്രിസ്റ്റ്യാനോയുടെ മൂക്കിലാണ് ഇടിച്ചത്. രക്തം വാർന്ന് ഗ്രൗണ്ടിൽ താരം തളർന്നുവീണു.

ക്രിസ്റ്റ്യാനോയുടെ മുഖത്തുനിന്ന് രക്തം വാർന്നൊഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് മത്സരം അൽപനേരം നിർത്തിവച്ചു. ശേഷം പുനരാരംഭിച്ച മത്സരത്തിൽ പരിക്ക് വകവയ്ക്കാതെ മുഴുസമയം ക്രിസ്റ്റ്യാനോ കളിക്കുകയും ചെയ്തു.

നാഷൻസ് ലീഗ് 'എ' ഗ്രൂപ്പിലായിരുന്നു ഇന്നലെ പോർച്ചുഗൽ-ചെക്ക് പോരാട്ടം. 4-0ത്തിന് ഏകപക്ഷീയമായി പോർച്ചുഗൽ വിജയിച്ചെങ്കിലും സൂപ്പർ താരത്തിന് ലക്ഷ്യം കാണാനായില്ല. ഡിയോഗോ ഡാലോട്ടിന്റെ ഇരട്ടഗോളിന്റെ കരുത്തിലാണ് പോർച്ചുഗീസ് ജയം. ബ്രൂണോ ഫെർണാണ്ടോ, ഡിയോഗോ ജോട്ട എന്നിവർ ഓരോ ഗോൾ വീതവും നേടി. 33, 52 മിനിറ്റുകളിലായിരുന്നു ഡാലോട്ടിന്റെ അളന്നുമുറിച്ച ഗോളുകൾ. ബ്രൂണോ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലും ജോട്ട 82-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിലും ലക്ഷ്യം കണ്ടു.

Summary: Cristiano Ronaldo suffers nasty face injury while playing for Portugal against Czech Republic in Nations League match

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News