ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നത് 25 ശതമാനം ശമ്പളം കുറച്ചതിനാൽ?

ആഴ്ചയിൽ 480000 പൗണ്ടായിരുന്നു 37കാരനായ താരത്തിന്റെ സാലറി. എന്നാൽ ഇത് 360000 പൗണ്ടായി കുറച്ചിരിക്കുകയാണ്

Update: 2022-07-07 14:18 GMT
Advertising

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങിയത് 25 ശതമാനം ശമ്പളം കുറച്ചതിനാലെന്ന് വാർത്ത. ചാമ്പ്യൻസ് ലീഗിന്റെ അടുത്ത സീസണിലേക്ക് യോഗ്യത നേടാത്തതിനെ തുടർന്ന് ടീം താരങ്ങളുടെ ശമ്പളത്തിന്റെ 25 ശതമാനം വെട്ടികുറച്ചിരുന്നു. ഈ നടപടിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അസംതൃപ്തനായിരുന്നുവെന്നാണ് സ്‌പോർട്ട് ബൈബിൾ റിപ്പോർട്ട് ചെയ്യുന്നത്. ആഴ്ചയിൽ 480000 പൗണ്ടായിരുന്നു 37കാരനായ താരത്തിന്റെ സാലറി. എന്നാൽ ഇത് 360000 പൗണ്ടായി കുറച്ചിരിക്കുകയാണ്. എല്ലാ താരങ്ങളുടെയും ശമ്പളത്തിൽ 25 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇക്കാര്യം പറയുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വെയ്ർ ലൈക്ക് ചെയ്തതോടെ ഇക്കാര്യം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പിന്നീട് അദ്ദേഹം പോസ്റ്റ് അൺലൈക്ക് ചെയ്തിട്ടുണ്ട്. ആദ്യം ലൈക്ക് ചെയ്തത് അബദ്ധത്തിലാണോ അറിഞ്ഞുകൊണ്ടാണോയെന്ന് വ്യക്തമല്ല. ലൈക്ക് ചെയ്തത് മനഃപൂർവമല്ലെന്ന് താരം പറഞ്ഞതായി ബി.ബി.സി സ്‌പോർട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


അതിനിടെ ക്രിസ്റ്റ്യാനോക്കായുള്ള ഓഫറുകളെ കേൾക്കുമെന്നാണ്‌ മാഞ്ചസ്റ്റർ യുണൈറ്റഡ് പറയുന്നത്. നിലവിൽ പരിശീലനത്തിൽനിന്ന് വിട്ടു നിൽക്കുന്നത് കുടുംബ പരമായ കാരണങ്ങളാലാണെന്നും എവിടെ കളിക്കണമെന്നതിൽ അന്തിമ തീരുമാനം റൊണാൾഡോയുടെ കയ്യിലാണെന്നും അദ്ദേഹം ടീമിൽ തുടരാൻ തീരുമാനിച്ചാൽ ഓൾഡ് ട്രഫോഡിന്റെ വാതിൽ തുറന്നിരിക്കുമെന്നും ക്ലബ് അധികൃതർ പറഞ്ഞു.

റൊണാൾഡോ യുണൈറ്റഡ് വിടുകയാണെന്ന് ക്ലബ് അധികൃതരെ അറിയിച്ചതായാണ് വാർത്തകൾ. 15 മില്യൺ യൂറോ ഫീയോടെ 2021-22 കാലയളവിലാണ് യുവാൻറസിൽ നിന്ന് താരം യുണൈറ്റഡിലെത്തിയത്. കഴിഞ്ഞ സീസണിൽ റൊണാൾഡേ ടീമിന്റെ ടോപ് ഗോൾസ്‌കോററായിരുന്നു. 38 മത്സരങ്ങളിൽ 24 ഗോളുകളാണ് താരം അടിച്ചത്. മൂന്നു അസിസ്റ്റുമുണ്ടായിരുന്നു.


റൊണാൾഡോ മാഞ്ചസ്റ്റർ വിടാൻ താൽപര്യം പ്രകടിപ്പിച്ചതിന് പിന്നാലെ അഭ്യൂഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് യൂറോപ്യൻ ട്രാൻസ്ഫർ വിപണി. പോർച്ചുഗീസ് സൂപ്പർ താരത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ യൂറോപ്പിലെ സ്‌പോർട്‌സ് ജേണലിസ്റ്റുകളുടെ ഊണും ഉറക്കവും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി ഒരു വർഷത്തെ കരാർ കൂടിയുള്ള ക്രിസ്റ്റ്യനോക്കായി ചെൽസി, നാപോളി എന്നീ ക്ലബുകൾ രംഗത്തുണ്ടെന്ന് വാർത്തകൾ പുറത്തുവരുന്നുണ്ട്. താരത്തിനായി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ മുതൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് വരെയും രംഗത്തുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതാണ് താരം ക്ലബ് വിടാൻ കാരണമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്തായലും റൂമറുകൾ കൊഴുക്കുമ്പോൾ പോർച്ചുഗലിൽ വെക്കേഷനിലാണ് സൂപ്പർ താരം റൊണാൾഡോ.

പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിൻറെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ റൊണാൾഡോ പരിശീലന സെഷനുകളിൽ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് താരം ക്ലബ് വിടുന്നു എന്ന അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായത്.

Cristiano Ronaldo leaving Manchester United because of a 25% pay cut?

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News