'തകര്‍ത്തു മക്കളേ, ഇത് ചരിത്രനേട്ടം'; കൊമ്പന്മാര്‍ക്ക് അഭിനന്ദനങ്ങളുമായി പഴയ 'ആശാന്‍'

'കലിപ്പടക്കണം കപ്പടക്കണം' എന്ന ടാഗ് ലൈൻ പിന്നീട് ട്രോളാൻ വേണ്ടി വരെ ഉപയോഗിച്ചുതുടങ്ങി. എന്നാൽ ഇപ്പോൾ വീണ്ടും കളി മാറി... കൊമ്പന്മാർ വീണ്ടും നെറ്റിപ്പട്ടവും അണിഞ്ഞുകൊണ്ടുള്ള വരവാണ്.

Update: 2021-12-23 12:16 GMT
Advertising

തകര്‍പ്പന്‍ പ്രകടനവുമായി ഐ.എസ്.എല്ലില്‍ ഉഗ്രന്‍ തിരിച്ചുവരവ് നടത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ആശംസയുമായി ടീം മുന്‍ ക്യാപ്റ്റനും പരിശീലകനുമായ ഡേവിഡ് ജെയിംസ്. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ചെന്നൈയെ തകര്‍ത്തെറിഞ്ഞ കൊമ്പന്മാരുടെ പ്രകടനത്തിന് ശേഷമായിരുന്നു ഡേവിഡ് ജെയിംസിന്‍റെ അഭിനന്ദന പ്രവാഹം. 

'കേരള ബ്ലാസ്റ്റേഴ്സിന് അഭിനന്ദനങ്ങള്‍. ചെന്നൈക്കെതിരെയുള്ള വിജയം ചരിത്രനേട്ടമാണ്... ടീമിന് ആശംസകള്‍' ഡേവിഡ് ജെയിംസ് ട്വിറ്ററില്‍ കുറിച്ചു.

ഡേവിഡ് ജെയിംസ് രണ്ട് സീസണുകളിലാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത്. 2014 ലെ ഐ.എസ്.എല്ലിന്‍റെ പ്രഥമ സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മാര്‍ക്വീ താരവും പരിശീലകനും ഡേവിഡ് ജയിംസ് ആയിരുന്നു. ആദ്യ സീസണില്‍ ഡേവിഡ് ജെയിംസിന്‍റെ പരിശീലകത്വത്തിലാണ് ടീം ഫൈനലിലെത്തിയത്. അന്ന് പക്ഷേ ഫൈനലില്‍ കൊല്‍ക്കത്തയോട് ഒരു ഗോളിന് തോറ്റ് റണ്ണര്‍ അപ്പ് ആകാനായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിധി.

പിന്നീട് 2018 ലാണ് ജെയിംസ് വീണ്ടും ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകസ്ഥാനത്തേക്ക് എത്തുന്നത്. പക്ഷേ ആ സീസണില്‍ പോയിന്‍റ് ടേബിളില്‍ ആറാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.

ഇംഗ്ലണ്ടിന്‍റെ മുന്‍ രാജ്യാന്തര ഫുട്ബോളര്‍ കൂടിയാണ് ഡേവിഡ് ജെയിംസ്. 536 ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഡേവിഡ് ജെയിംസ് ഏറ്റവും കൂടുതൽ ലീഗ് മത്സരങൾ കളിച്ച മൂന്നാമത്തെ താരമെന്ന നേട്ടവും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിൽ എറ്റവും കൂടുതൽ ക്ലീൻ ചീറ്റുകൾ നേടിയതിനുള്ള റെക്കോർഡും ഈ മുന്‍ ലിവർപൂൾ താരത്തിന്‍റെ പേരിലാണ്. 1997നും 2010നു ഇടയ്ക്ക് 53 തവണ ഇംഗ്ലണ്ടിന്‍റെ ദേശീയ ജഴ്സിയണിഞ്ഞ ജെയിംസ് 2004 യൂറോ കപ്പ്, 2010 ഫുട്ബോൾ ലോകകപ്പ് എന്നീ ടൂർണമെന്‍റുകളിലും ടീമിന്‍റെ ഗോള്‍ വല കാത്തു.

ബ്ലാസ്റ്റേഴ്സിന്‍റെ കുതിപ്പ്

ആദ്യ മത്സരത്തിൽ തന്നെ തോറ്റു. പിന്നീട് പതിവ് സമനിലകള്‍. ഒരു ജയം... എന്നാൽ മുംബൈ സിറ്റി എഫ്.സിക്കെതിരായ ആറാം മത്സരത്തോടെ കളി മാറി. ടേബിളിൽ ടോപ്പേഴ്സിനെ മലര്‍ത്തിയടിച്ചുകൊണ്ട് കൊമ്പന്മാര്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ സൂചന നല്‍കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മുബൈയെ വീഴ്ത്തിയ ബ്ലാസ്റ്റേഴ്സ് തൊട്ടടുത്ത മത്സരത്തിൽ ചെന്നൈയിനേയും ഞെട്ടിച്ചു. അതും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്...!

കേരള ബ്ലാസ്റ്റേഴ്സിന്‍റെ അവിശ്വസനീയമായ കുതിപ്പ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍. അടുത്ത കാലത്തൊന്നും കാണാത്ത അത്രയും ഒത്തിണക്കത്തില്‍ ആക്രമണോത്സുക ഫുട്ബോള്‍ കളിച്ച് എതിര്‍ ടീമിന്‍റെ വല നിറയ്ക്കുന്ന കാഴ്ച... രണ്ട് തവണ ഫൈനലില്‍ വന്ന് വീണുപോയതില്‍പ്പിന്നെ 'കലിപ്പടക്കണം കപ്പടിക്കണം' എന്ന മുദ്രാവാക്യം വിളിയല്ലാതെ കളിക്കളത്തില്‍ കാര്യമായ പ്രകടനമൊന്നും കാഴ്ചവെയ്ക്കാന്‍ ബ്ലാസ്റ്റേഴ്സിനായിരുന്നില്ല. പലപ്പോഴും പ്രതിരോധത്തിലൂന്നി കളിച്ച് തോല്‍വിയും സമനിലയും വഴങ്ങി സെമി പോലും കാണാതെ പുറത്താകുന്ന ടീമില്‍ നിന്നും ഇത്തരത്തിലൊരു തിരിച്ചുവരവ് കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

നിലവിലെ ഐ.എസ്.എല്‍ ചാമ്പ്യന്മാരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് വിട്ടപ്പോള്‍ വണ്‍ടൈം വണ്ടറാണെന്ന് കരുതിയവര്‍ക്ക് അതിന്‍റെ പുകയടങ്ങുന്നതിന് മുമ്പ് തന്നെ വീണ്ടും വെടിക്കെട്ട്... എതിരില്ലാത്ത മൂന്ന് ഗോളിന് ചിരവൈരികളായ ചെന്നൈയെയും വീഴ്ത്തി കൊമ്പന്മാര്‍ ചോദിച്ചു 'ഇന്ത ആട്ടം പോതുമാ...?'

2016 ന് ശേഷം സെമി കണ്ടിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സില്‍ നിന്ന് വീണ്ടും ആരാധകര്‍ പ്രതീക്ഷിക്കുകയാണ്, ഡേവിഡ് ജെയിംസിനെയും കോപ്പല്‍ ആശാനെയും ഇയാന്‍ഹ്യൂമിനെയുമെല്ലാം ലാലിഗയേക്കാള്‍ ആവേശത്തില്‍ വരവേറ്റതും, സ്വപ്നതുല്യമായി ഫൈനല്‍ വരെയെത്തിയതുമെല്ലാം...

അതെല്ലാം ഇന്ന് പഴങ്കഥയാണെങ്കിലും പിന്നീട് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധകവൃന്ദം സ്വന്തമായുള്ള ടീമിനെ പതിയെ ആരാധകര്‍ തന്നെ കൈയ്യൊഴിഞ്ഞ് തുടങ്ങിയിരുന്നു. 'കലിപ്പടക്കണം കപ്പടക്കണം' എന്ന ടാഗ് ലൈന്‍ പിന്നീട് ട്രോളാന്‍ വേണ്ടി വരെ ഉപയോഗിച്ചുതുടങ്ങി. എന്നാല്‍ ഇപ്പോള്‍ വീണ്ടും കളി മാറി... കൊമ്പന്മാര്‍ വീണ്ടും നെറ്റിപ്പട്ടവും അണിഞ്ഞുകൊണ്ടുള്ള വരവാണ്.

പരിശീലനത്തിൽ താരങ്ങൾ നടത്തിയ കഠിനാധ്വാനവും സ്വയം മെച്ചപ്പെടാനുള്ള അവരുടെ മാനസികാവസ്ഥയുമാണ് ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ മത്സരഫലങ്ങളിൽ വഴിത്തിരിവുണ്ടാക്കിയതെന്ന് ടീമിൻ്റെ മുഖ്യ പരിശീലകനായ ഇവാൻ വുക്കോമനോവിച്ച് പറയുന്നു.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്.സിയുമായി ഒരേ പോയിന്‍റ് പങ്കിടുന്ന ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ വ്യത്യാസത്തിലാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2021-22 സീസണില്‍ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെതിരായ ആദ്യ മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. തുടർന്നുള്ള 6 മത്സരങ്ങളിൽ നിന്നായി മൂന്ന് വിജയവും മൂന്ന് സമനിലകളുമുൾപ്പെടെ 12 പോയിന്‍റാണ് ടീം സ്വന്തമാക്കിയത്.

ടീമിൻ്റെ പ്രകടനം ഇക്കുറി പ്രതീക്ഷക്കൊത്തുയര്‍ന്നതോടെ ആരാധകരും വലിയ ആവേശത്തിലാണ്. 'കലിപ്പടക്കണം കപ്പടിക്കണം...' ഈ ഫോം തുടര്‍ന്നാല്‍‌ ഉറപ്പായും സീസണിലെ കറുത്ത കുതിരകള്‍ ബ്ലാസറ്റേഴ്സ് തന്നെയായിരിക്കും, ഉറപ്പ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News