മറഡോണയുടെ മരണത്തില്‍ അന്വേഷണം; പേഴ്‌സണല്‍ ഡോക്ടറെ ചോദ്യം ചെയ്യും
കഴിഞ്ഞ മാസം പ്രോസിക്യൂട്ടര്‍ വിളിച്ചു ചേര്‍ത്ത 20 വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ വിശകലനത്തില്‍ മറഡോണയുടെ ചികിത്സയില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന സംഘം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഡോക്ടറെയും ആറ് പരിചാരകരെയും ചോദ്യം ചെയ്യും. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളില്‍ വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്ന പരാതിയിലാണ് പ്രോസിക്യൂട്ടര്‍ അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് മറഡോണ അന്തരിച്ചത്. തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ന്യൂറോ സര്‍ജനായ ലിയോപോള്‍ഡോ ലൂക്കെയുടെ അശ്രദ്ധയാണ് തങ്ങളുടെ പിതാവിന്റെ മരണത്തിന് കാരണമെന്നാരോപിച്ച് മറഡോണയുടെ രണ്ട് മക്കളാണ് പരാതി നല്‍കിയത്.
കഴിഞ്ഞ മാസം പ്രോസിക്യൂട്ടര്‍ വിളിച്ചു ചേര്‍ത്ത 20 വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ വിശകലനത്തില്‍ മറഡോണയുടെ ചികിത്സയില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വിധിക്ക് വിട്ടുകൊടുത്തുവെന്നായിരുന്നു മെഡിക്കല്‍ സംഘം പറഞ്ഞത്. കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മറഡോണയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നും മെഡിക്കല്‍ സംഘം പറയുന്നു.
അതേസമയം മറഡോണയുടെ ജീവന്‍ രക്ഷിക്കാന്‍ താന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ ലൂക്കാ പറഞ്ഞു. തന്റെ ചില നിര്‍ദേശങ്ങള്‍ മാത്രമാണ് അദ്ദേഹം അംഗീകരിച്ചിരുന്നത്. പലതും തള്ളിക്കളയുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.