സ്‌കോട്ട് പ്രതീക്ഷകൾ തകർത്ത് മോഡ്രിച്ചും സംഘവും ; ക്രൊയേഷ്യ യൂറോകപ്പ് പ്രീക്വാർട്ടറിൽ
തോൽവിയോടെ സ്കോട്ട്ലൻഡ് ടൂർണമെന്റിൽ നിന്നും പുറത്തായി
യൂറോകപ്പിലെ ഗ്രൂപ് ഡിയിലെ അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനെ തകർത്ത് ക്രൊയേഷ്യ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലൂക്ക മോഡ്രിച്ചും സംഘവും സ്കോട്ട് പ്രതീക്ഷകൾ തകർത്തത്. ടൂർണമെന്റിൽ താളം കണ്ടെത്താൻ വിഷമിച്ചിരുന്ന ക്രൊയേഷ്യ മികച്ച ഫോമിലേക്കുയരുന്നതാണ് ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കണ്ടത്. ഒരു സുന്ദര ഗോളും ഒരു അസിസ്റ്റുമായി ക്യാപ്റ്റൻ മോഡ്രിച്ച് ക്രൊയേഷ്യയുടെ വിജയത്തെ മുന്നിൽ നിന്ന് നയിച്ചത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി ക്രൊയേഷ്യ നാലു പോയിന്റ് നേടി. ചെക്ക് റിപ്പബ്ലിക്കിന് ഇതേ പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ മികവിലാണ് ക്രൊയേഷ്യ പ്രീക്വാർട്ടർ ബെർത്തിൽ ഇടം ഉറപ്പിച്ചത്.
ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യയും സ്കോട്ട്ലന്ഡും തമ്മിൽ നടന്നത് ഒരു ജീവന്മരണ പോരാട്ടമായിരുന്നു. ഗ്രൂപ്പിൽ കേവലം ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും നിന്ന് കൊണ്ട് കളി ആരംഭിച്ച ഇരു ടീമുകൾക്കും ടൂർണമെന്റിൽ മുന്നോട്ട് പോകണമെങ്കിൽ ജയം അനിവാര്യമായിരുന്നു. വിജയിക്കുന്ന ടീം പ്രീക്വാർട്ടർ ഉറപ്പിക്കും എന്ന സ്ഥിതി.. അതിനാൽ തന്നെ ആവേശകരമായിരുന്നു മത്സരവും.
17ആം മിനുട്ടിൽ കളിയിലെ ആദ്യ ഗോൾ പിറന്നു . ക്രൊയേഷ്യ ആണ് ലീഡ് എടുത്തത്. ജുരാനോവിചിന്റെ ഒരു ക്രോസിൽ ബോക്സിൽ വെച്ച് പെരിസിച് ഹെഡ് ചെയ്ത് സഹതാരം വ്ലാസിചിന് നൽകി. നിയർ പോസ്റ്റിൽ അദ്ദേഹം മാർഷ്യലിനെ മറികടന്ന് പന്ത് വലയിൽ എത്തിച്ചു. കളിയിലേക്ക് തിരികെ വരാൻ ആത്മാർത്ഥമായി പരിശ്രമിച്ച സ്കോട്ലൻഡ് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായി സമനില പിടിച്ചു. സ്കോട്ലൻഡിന്റെ ഒരു അറ്റാക്ക് തടയാൻ ശ്രമിക്കുന്നതിനിടെ ക്രൊയേഷ്യ ക്ലിയർ ചെയ്ത പന്ത് അവസാനം മക്ഗ്രെഗറിൽ എത്തി. ബോക്സിന് പുറത്ത് നിന്ന് താരമെടുത്ത ഷോട്ട് ഗോൾവലയ്ക്ക് അകത്ത് ഒരു കോർണറിൽ പതിച്ചു. സ്കോട്ലൻഡ് 25 കൊല്ലത്തിനിടയിൽ ഒരു പ്രധാന ടൂർണമെന്റിൽ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്.
ലോകോത്തര നിലവാരമുള്ള പ്രകടനമാണ് ലോകകപ്പ് ഫൈനലിസ്റ്റുകൾ കൂടിയായ ക്രൊയേഷ്യ രണ്ടാം പകുതിയിൽ പുറത്തെടുത്തത്. അറുപത്തി രണ്ടാം മിനുട്ടിൽ മോഡ്രിച്ചിന്റെ ഗോളിലൂടെ ടീം ലീഡ് നേടി. ബോക്സിന് പുറത്ത് നിന്ന് തന്റെ പുറംകാലു കൊണ്ട് മോഡ്രിച് തൊടുത്ത ഷോട്ട് വല തുളച്ചു കയറി.76ആം മിനുട്ടിൽ കോർണറിൽ നിന്ന് മോഡ്രിചിന്റെ അസിസ്റ്റിൽ ക്രൊയേഷ്യയുടെ മൂന്നാം ഗോൾ പിറന്നു. പെരിസിചിന്റെ ഹെഡറിൽ നിന്നായിരുന്നു ആ ഗോൾ. തോൽവിയോടെ സ്കോട്ട്ലൻഡ് ടൂർണമെന്റിൽ നിന്നും പുറത്തായി