പരിക്ക് പിന്തുടർന്ന കരിയർ, പിന്നാലെ വിലക്കും; പോൾ പോഗ്ബയുടെ കരിയറിന് വിരാമമാകുമോ?
വിലക്ക് ഹൃദയഭേദകവും സങ്കടകരവുമാണെന്ന് പോൾ പോഗ്ബ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു
പാരീസ്: 2018 ലോകകപ്പിൽ ഫ്രാൻസ് കിരീടത്തിൽ മുത്തമിടുമ്പോൾ മധ്യനിരയിലെ വിശ്വസ്ത താരമായിരുന്നു പോൾ പോഗ്ബ. ക്രോയേഷ്യക്കെതിരായ ഫൈനലിലും നിർണായക ഗോൾനേടി. ഫ്രാൻസിന്റെ ഭാവി താരമായി വാഴ്ത്തിയ പോഗ്ബയ്ക്ക് പക്ഷെ, ക്ലബ് കരിയർ നേട്ടങ്ങളുടേതായില്ല. തുടരെ പരിക്ക് വേട്ടയാടിയ കരിയർ. ട്രാൻസ്ഫർ വിപണിയിലെ വൻ തുകക്ക് യുവന്റസിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയ താരത്തിന് ഓൾഡ്ട്രഫോർഡിൽ ഇംപാക്ടൊന്നുമുണ്ടാക്കാനായില്ല. 154 കളിയിൽ നിന്ന് നേടിയത് 29 ഗോളുകൾ. കളത്തിന് പുറത്തെ ചൂടൻപെരുമാറ്റത്തിൽ പലപ്പോഴും വിവാദ നായകനുമായി. ഇതോടെ 2022ൽ വീണ്ടും യുവന്റസിലേക്ക് ചുവടുമാറ്റം. എന്നാൽ ഇറ്റലിയിലേക്കുള്ള രണ്ടാം വരവിൽ തീർത്തും നിറം മങ്ങി. തുടരെയുണ്ടായ പരിക്ക് സീരി എ മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തി. പരിക്ക് ഭേദമായെത്തിയാലും സൈഡ് ബെഞ്ചിലായി സ്ഥാനം. താരത്തെ യുവന്റസും കൈവിടാനൊരുങ്ങുന്നതിനിടെയാണ് ഇടിത്തീയായി വിലക്കുമെത്തിയത്.
ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നാല് വർഷത്തേക്കാണ് കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടിവരിക. പ്രതീക്ഷയേറെയുണ്ടായിരുന്ന ഫുട്‌ബോൾ താരത്തിന്റെ അപ്രതീക്ഷിത മടക്കമാകുമത്. 30 കാരനായ പോഗ്ബയ്ക്ക് നിർണായക ഘട്ടത്തിലാണ് ഇത്തരമൊരു നടപടി നേരിടേണ്ടിവന്നത്. ഇറ്റലിയിലെ ആന്റി ഡോപിങ് ട്രൈബ്യൂണൽ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. അപ്പീൽ തള്ളുകയാണെങ്കിൽ 2018 ലോകകപ്പിൽ യൂറോപ്യൻ ടീമിനെ വിജയത്തിലെത്തിച്ച മധ്യനിരതാരത്തിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകും. ജൂണിൽ യൂറോകപ്പ് വരാനിരിക്കെ ഫ്രാൻസിനും വലിയ തിരിച്ചടിയാണ് തീരുമാനം.2027 ഓഗസ്റ്റ് വരെയാണ് വിലക്ക് നിലനിൽക്കുക.
കഴിഞ്ഞ സെപ്തംബറിൽ മയക്കുമരുന്ന് പരിശോധനയിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നേരത്തെ യുവന്റസ് താരത്തെ താൽകാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലും വിചാരണയ്ക്കും ഒടുവിലാണ് നാല് വർഷം ഫുട്‌ബോളിൽ നിന്നും വിലക്കേർപ്പെടുത്താൻ തീരുമാനമായത്. രാജ്യത്തിനും ക്ലബിനുമായി 514 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ പോഗ്ബ 84 ഗോളുകളാണ് സ്‌കോർ ചെയ്തത്. ഇംഗ്ലണ്ടിലും ഇറ്റലിയിലുമായി പത്ത് ക്ലബ് കിരീടങ്ങളാണ് സമ്പാദ്യം. ഫ്രാൻസിനൊപ്പം ലോകകപ്പിന് പുറമെ നാഷൻസ് ലീഗ് കിരീടത്തിലും മുത്തമിട്ടു. 2014ൽ ലോകകപ്പിലെ യുവതാരമായി തെരഞ്ഞെടുത്തിരുന്നു. 2013ൽ ഗോൾഡൻബോയ് പുരസ്‌കാരവും തേടിയെത്തി.
At 30 years old, Paul Pogba has been banned for four years for using a performance-enhancing drug.
— Squawka (@Squawka) February 29, 2024
His career by numbers so far:
◉ 514 games
◉ 84 goals
◉ 10x club trophies
◉ 1x World Cup
◉ 1x Nations League
◎ 2013 Golden Boy
◎ 2014 World Cup Young Player of the… pic.twitter.com/RpSEOnUSSW
വിലക്ക് ഹൃദയഭേദകവും സങ്കടകരവുമാണെന്ന് പോൾ പോഗ്ബ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 'പ്രൊഫഷണൽ കരിയറിൽ ഞാൻ കെട്ടിപ്പടുത്തതെല്ലാം നഷ്ടമായി. ഉത്തേജക മരുന്ന് അറിഞ്ഞുകൊണ്ട് ഉപയോഗിച്ചിട്ടില്ല. നിയമപരമായ പോരാട്ടങ്ങൾക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും. ഒരു പ്രൊഫഷണൽ അത്‌ലറ്റ് എന്ന നിലയിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ച് പ്രകടനം മെച്ചപ്പെടുത്താൻ ഒരിക്കലും ഒന്നും ചെയ്യില്ല. സഹതാരങ്ങളെയോ എതിർതാരങ്ങളേയോ ഒരിക്കലും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. ഉത്തേജക വിരുദ്ധ ട്രൈബ്യൂണൽ തീരുമാനത്തിനെതിരെ അപ്പീൽ നൽകും'- പോഗ്ബ വ്യക്തമാക്കി