യൂറോ ചാമ്പ്യന്മാര്‍ ഖത്തര്‍ ലോകകപ്പിനില്ല; യോഗ്യതക്കരികെ പോര്‍ച്ചുഗല്‍
ലോകകപ്പ് വേദിയിൽ ഒരിക്കല്‍ പോലും പന്ത് തട്ടിയിട്ടില്ലാത്ത നോർത്ത് മാസിഡോണിയയാണ് ഇറ്റലിയെ അട്ടിമറിച്ചത്
ലോകകപ്പ് യോഗ്യതക്കായുള്ള നിര്‍ണായക പ്ലേ ഓഫ് മത്സരത്തില്‍ യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്ക് ഞെട്ടിക്കുന്ന തോല്‍വി. ലോകകപ്പ് വേദിയിൽ ഒരിക്കല്‍ പോലും പന്ത് തട്ടിയിട്ടില്ലാത്ത നോർത്ത് മാസിഡോണിയയാണ് ഇറ്റലിയെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍ത്ത് മാസിഡോണിയയുടെ വിജയം. ഇതോടെ ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത കാണാതെ ഇറ്റലി പുറത്തായി. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇറ്റലി ലോകകപ്പ് യോഗ്യത കാണാതെ പുറത്താവുന്നത്. 2018 ല്‍ റഷ്യന്‍ ലോകകപ്പിലും ഇറ്റലിക്ക് യോഗ്യത ലഭിച്ചിരുന്നില്ല.
32 ഷോട്ടുകൾ,16 കോർണറുകൾ, 66 ശതമാനം പന്തടക്കം. കണക്കുകളില്‍ ഇറ്റലി ബഹുദൂരം മുന്നിലായിരുന്നു. എന്നാല്‍ ഇതിനെ ഒക്കെയും നിഷ്പ്രഭമാക്കാൻ അലക്സാണ്ടർ ട്രജ്കോവ്സിക്കിയുടെ ഒറ്റ ഗോൾ മാത്രം മതിയാകുമായിരുന്നു. അനായാസ വിജയം തേടിയെത്തിയ യൂറോ ചാമ്പ്യന്മാരെ അവസാന വിസിലിന് മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് നോര്‍ത്ത് മാസിഡോണിയ ഞെട്ടിച്ചത്.
ആദ്യ മിനിട്ട് മുതൽ അസൂറിപ്പട നോർത്ത് മാസിഡോണിയൻ ബോക്സിൽ തന്നെയായിരുന്നു. ഗോളെന്നുറച്ച നിരവധി ഷോട്ടുകൾ കൃത്യമായ ഇടവേളകളിൽ പിറന്നു. പക്ഷേ അവയൊന്നും മാസിഡോണിയൻ പ്രതിരോധക്കോട്ട തകർത്ത് വലയ്ക്കുള്ളിലെത്തിയില്ല.
അവസാനമിനിട്ടുകളിൽ പകരക്കാരെ കൊണ്ടുവന്നിട്ടും റോബർട്ടോ മാന്‍സീനിക്കും സംഘത്തിനും ഗോളടിക്കാനായില്ല. അവിശ്വസനീയമാം വിധം നോർത്ത് മാസിഡോണിയ ഗോൾ നേടുകയും ചെയ്തു. യൂറോയിലെ അജയ്യകുതിപ്പുമായി ലോകകപ്പ് ഫേവറൈറ്റുകളുടെ പട്ടികയിൽ ഉൾപെട്ട ശേഷമാണ് ഇറ്റലിയുടെ അപ്രതീക്ഷിത മടക്കം.
അതേ സമയം നിര്‍ണായകമായ മറ്റൊരു മത്സരത്തില്‍ തുര്‍ക്കിയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തകര്‍ത്ത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പട ലോകകപ്പ് യോഗ്യതക്കരികെയെത്തി. ഡിയാഗോ ജോട്ടയും ഒട്ടാവിയോ എഡ്മില്‍സണും മാത്യൂസ് ന്യൂനെസുമാണ് പോര്‍ച്ചുഗലിനായി വലകുലുക്കിയത്. തുര്‍ക്കിക്കായി ബുറാക് യില്‍മാസ് സ്കോര്‍ ചെയ്തു.മത്സരത്തിൽ നിർണായക പെനാൽറ്റി പാഴാക്കിയത് തുർക്കിക്ക് തിരിച്ചടിയായി. പ്ലേ ഓഫിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയെ തകര്‍ത്താല്‍ പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത നേടാം.
മറ്റു മത്സരങ്ങളില്‍ ഗാരത് ബെയ്‍ലിന്‍റെ ഇരട്ടഗോള്‍ മികവില്‍ വെയിൽസ് ഓസ്ട്രിയയെയും എതിരില്ലാത്ത ഒരു ഗോളിന് സ്വീഡന്‍ ചെക്ക് റിപ്പബ്ലിക്കിനെയും തോല്‍പ്പിച്ചു.