'പണപ്പെട്ടിയുമായി വരേണ്ട'; സൂപ്പർതാരങ്ങളുടെ കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്: പുതിയ നീക്കം
എല്ലാ വർഷവും വിദേശ താരങ്ങളുൾപ്പെടെയുള്ളവരുടെ കൊഴിഞ്ഞുപോക്കിൽ ആരാധകർക്ക് അതൃപ്തിയുണ്ട്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ നീട്ടി ഡിഫൻഡർ ഹോർമിപാം റൂയിവയും മുന്നേറ്റതാരം ദിമിത്രിയോ ഡയമന്റകോസും. ഹോർമിപാം നാല് വര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയത്. ഇതുപ്രകാരം 2027 വരെ ഈ ഇന്ത്യൻ താരത്തിന്റെ സേവനം ക്ലബ്ബിന് ലഭിക്കും. അതേസമയം ദിമിത്രിയോസ് ഡയമന്റകോസിന്റെ കരാര്‍ ഒരു വര്‍ഷത്തേക്കാണ് നീട്ടിയത്. ഗ്രീക്ക് താരത്തിന്റെ പ്രകടനത്തിന്റ അടിസ്ഥാനത്തില്‍ കരാര്‍ നീട്ടാനുള്ള ഉപാധിയും ഉണ്ട്.
എല്ലാവർഷവും വിദേശതാരങ്ങളുടെ കൊഴിഞ്ഞുപോക്കിൽ ആരാധകർക്ക് അതൃപ്തിയുണ്ട്. ടീം സെറ്റായി വന്നതിന് ശേഷം താരങ്ങൾ മടങ്ങുന്നത് ടീമനെ തന്നെ ബാധിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശതാരങ്ങളുടെ കരാറുകൾ നീട്ടുന്നത്. അഡ്രിയാൻ ലൂണ, മാർകോ ലെസ്‌കോവിച്ച് എന്നിവരുടെ കരാറുകൾ കഴിഞ്ഞവർഷം നീട്ടിയിരുന്നു. അൽവാരോ വാസ്‌ക്വസ്, ജോർജ് ഡയസ് എന്നിവർ ആദ്യം ക്ലബ്ബ് വിട്ടിരുന്നു. ബ്ലാസ്റ്റേഴ്സില്‍ മിന്നിത്തിളങ്ങിയ ഇവര്‍ കൂടുമാറിയതിന്റെ ക്ഷീണം ടീമിനുണ്ടായിരുന്നു. തുടർന്നാണ് ദിമത്രിയോവിനെ ബ്ലാസ്റ്റേഴ്‌സ് മുറുകെ പിടിച്ചത്.
ഇക്കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് ദിമിത്രിയോസ് പുറത്തെടുത്തത്. 20 മത്സരങ്ങളിൽ നിന്നായി 10 ഗോളുകളാണ് ദിമിത്രിയോസ് നേടിയത്. മൂന്ന് അസിസ്റ്റുകളും സ്വന്തംപേരിലുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ സ്‌കോറർമാരിൽ മുന്നിലാണിപ്പോൾ. അങ്ങനെയുള്ളൊരു താരത്തെ കൈവിടുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാല്‍ ഇന്ത്യൻ ഫുട്‌ബോളിലെ തന്നെ വിശ്വസ്ത സെന്റർബാക്കാണ് ഹോർമിപാം. മികച്ച ഭാവിയും ഫുട്‌ബോൾ നിരീക്ഷകർ കാണുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ബാക്ക് ലൈനിനെ കെട്ടുറപ്പുളളതാക്കുന്നതിൽ ഹോർമിപാമിന്റെ പങ്ക് ചെറുതല്ല. മിനർവ പഞ്ചാബിലൂടെയാണ് 21കാരനായ ഹോർമിപാം കരിയർ ആരംഭിക്കുന്നത്. 2021ൽ ബ്ലാസ്റ്റേഴ്‌സിലെത്തി.
കഴിഞ്ഞ 20 മത്സരങ്ങളിൽ 19ലും ആദ്യ ഇലവനിൽ തന്നെ ഹോർമിപാം ഉണ്ടായിരുന്നു. വുകമിനോവിച്ചിന്റെ വിശ്വസ്തനായ ഹോർമിപാമിനെ റാഞ്ചാൻ എതിർക്ലബ്ബുകൾ പണപ്പെട്ടിയുമായി രംഗത്തുണ്ടെങ്കിലും വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനമാണ് കരാർ നാല് വർഷത്തേക്ക് നീട്ടിയതോടെ ബ്ലാസ്റ്റേഴ്‌സ് ചെയ്തത്. യുവ മിഡ്ഫീൽർ വിപിൻമോഹൻ, സച്ചിൻ സുരേഷ് എന്നിവരുടെ കരാറുകൾ ബ്ലാസ്റ്റേഴ്‌സ് നീട്ടിയിട്ടുണ്ട്. അക്കാഡമി ഉത്പന്നമായ നഹാൽ സുധീഷും മൂന്ന് വർഷം കൂടി ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകും.
Summary- Kerala Blasters Extended Contracts- Hormipam Ruivah, Dimitrio Diamantakos