രക്ഷകനായി സുവാരസ്; ഇഞ്ചുറി ടൈം ഗോളിൽ സമനില പിടിച്ച് ഇന്റർ മയാമി
52ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസിയിലൂടെയാണ് മയാമി ആദ്യ ഗോൾ മടക്കിയത്.
നാഷ്വില്ലെ: ഇഞ്ചുറി സമയത്ത് ലൂയി യുവാരസ് നേടിയ ഗോളിൽ കോൺകകാഫ് കപ്പ് ഫുട്‌ബോൾ സമനില പിടിച്ച് ഇന്റർ മയാമി. നാഷ്വില്ലെയ്‌ക്കെതിരായ ആദ്യ പാദ മത്സരത്തിലാണ് മയാമി തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലപാലിക്കുകയായിരുന്നു. 4,46 മിനിറ്റുകളിലായി ജേക്കബ് ഷാഫൽബർഗ് ആതിഥേയർക്കായി വലകുലുക്കി.
SUÁREZ EQUALIZER IN STOPPAGE TIME!! 😱 pic.twitter.com/RZYoOlo7pQ
— FOX Soccer (@FOXSoccer) March 8, 2024
52ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസിയിലൂടെയാണ് മയാമി ആദ്യ ഗോൾ മടക്കിയത്. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് തകർപ്പൻ കർവിങ് ഷോട്ടിലൂടെയാണ് അർജന്റൈനൻ താരം ലക്ഷ്യം കണ്ടത്. അവസാന മിനിറ്റുകളിൽ ഇന്റർമയാമിയെ കൃത്യമായി പ്രതിരോധിച്ച് നിർത്തിയ ആതിഥേയർക്ക് ഇഞ്ചുറി സമയത്ത് പിഴക്കുകയായിരുന്നു. പന്തടക്കത്തിലും ഷോട്ടുതിർക്കുന്നതിലുമെല്ലാം മെസിയും സംഘവുമായിരുന്നു മുന്നിൽ.
തോൽവിയിലേക്കെന്ന് തോന്നിപ്പിച്ച സമയത്താണ് (90+5) ഉറുഗ്വിയൻ താരം തകർപ്പൻ ഹെഡ്ഡറിലൂടെ സുവാരസ് സമനില പിടിച്ചത് (2-2). ഈ സീസണിലാണ് 37 കാരൻ മയാമിയുമായി കരാറിലെത്തിയത്. മാർച്ച് 14ന് സ്വന്തം തട്ടകത്തിലാണ് നാഷ് വില്ലെക്കെതിരായ രണ്ടാംപാദ മത്സരം.