ചരിത്രപരമായ പോരാട്ടം, റിയാദ് കപ്പിനായി കാത്തിരിക്കുന്നു-ലയണൽ മെസി
ഈ മാസം 29നും ഫെബ്രുവരി ഒന്നിനുമാണ് അമേരിക്കൻ ക്ലബ് ഇന്റർ മയാമിയും സഊദി ക്ലബുകളും ഏറ്റുമുട്ടുന്നത്.
ബ്യൂണസ് ഐറിസ്: പി.എസ്.ജിയിൽ നിന്ന് ലയണൽ മെസിയെ സ്വന്തമാക്കാൻ വലിയ ശ്രമം നടത്തിയതാണ് സഊദി ക്ലബുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ അർജന്റൈൻ ക്യാപ്റ്റനുമെത്തുമെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചു. എന്നാൽ ഏവരെയും ഞെട്ടിച്ച് അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുമായാണ് കഴിഞ്ഞ വർഷം മെസി കരാറിലേർപ്പെട്ടത്.
ഒടുവിലിതാ മെസി സഊദിയിലേക്ക് മടങ്ങിയെത്തുന്നു. അതുപക്ഷെ, റിയാദ് കപ്പിൽ പങ്കെടുക്കാനായി ഇന്റർ മയാമി താരമായാണെന്ന് മാത്രം. റിയാദ് കപ്പിനായി താൻ കാത്തിരിക്കുന്നതായി മെസി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇതൊരു ചരിത്രപരമായ പോരാട്ടമാണ്. ഈ മത്സരങ്ങളിൽ താൻ കളിക്കുമെന്നും വ്യക്തമാക്കി. ഈ മാസം 29നും ഫെബ്രുവരി ഒന്നിനുമാണ് അമേരിക്കൻ ക്ലബ് ഇന്റർ മയാമിയും സഊദി ക്ലബുകളും ഏറ്റുമുട്ടുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോയും മെസിയും ദീർഘകാലത്തിന് ശേഷം നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഇന്റർ മയാമിയുടെ പ്രീ സീസൺ പര്യടനത്തിന്റെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 29ന് അൽ ഹിലാലുമായാണ് ആദ്യ മത്സരം. പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ബ്രസീൽ സൂപ്പർതാരം നെയ്മർ ഹിലാൽ നിരയിലുണ്ടാകില്ല. കലിദോ കുലിബാലി, കാർലോസ് എഡ്വാർഡോ, റൂബെൻ നവെസ് എന്നിവരാണ് പ്രധാന താരങ്ങൾ.
ഫെബ്രുവരി ഒന്നിനാണ് ആരാധകർ കാത്തിരുന്ന ആവേശ പോരാട്ടം. ക്രിസ്റ്റ്യാനോയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന അൽ നസറുമായി മെസിയും സംഘവും ഏറ്റുമുട്ടും. പോർച്ചുഗീസ് താരത്തിനൊപ്പം സെനഗൽ താരം സാദിയോ മാനെ, ടലിസ്‌ക, അയ്മറിക് ലപോർട്ടെ തുടങ്ങിയവർ അണി നിരക്കും. മെസി സംഘത്തിൽ മുൻ ബാഴ്‌സലോണ താരങ്ങളായ ലൂയിസ് സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്‌കെറ്റ്‌സ് കളത്തിൽ ഇറങ്ങും.