ഈ വർഷവും മെസി കൊണ്ടുപോയി; ഇന്റർനെറ്റിൽ കൂടുതൽ പേർ തിരഞ്ഞത് അർജന്റീനൻ സൂപ്പർതാരത്തെ
ഇന്ത്യയിലും ഏറ്റവുമധികം പേർ ഇന്റർനെറ്റിലൂടെ തിരഞ്ഞതും മെസിയെയാണ്
ലണ്ടൻ: കാൽപന്ത് കളിയിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ സൂപ്പർതാരമാണ് ലയണൽ മെസി. കളത്തിന് പുറത്തും അർജന്റീനൻ താരത്തെ മറികടക്കാൻ ആരുമില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ട്. ഈ വർഷം ഇന്റർനെറ്റിലൂടെ ഏറ്റവുമധികം പേർ കണ്ട ഫുട്‌ബോൾ താരമായാണ് മെസിയെ തെരഞ്ഞെടുത്തത്. എഫ്ബി റെഫ് സ്റ്റാറ്റസ് പുറത്തുവിട്ട കണക്കിലാണ് മറ്റുതാരങ്ങളെ പിന്തള്ളി 36 കാരൻ ഒന്നാമതെത്തിയത്. അർജന്റീനക്കായി ലോകകിരീടം സ്വന്തമാക്കിയതും പി.എസ്.ജിയിൽ നിന്ന് അമേരിക്കൻ ക്ലബ് ഇന്റർമിയാമിയുമായി കരാറിലെത്തിയതുമെല്ലാം മെസിയെ സൈബർ ഇടങ്ങളിൽ ശ്രദ്ധേയനാക്കി.
ഇന്ത്യയിലും ഏറ്റവുമധികം പേർ ഇന്റർനെറ്റിലൂടെ തിരഞ്ഞതും മെസിയെയാണ്. യു.എസ്.എ, തുർക്കി, ജർമ്മനി, കാനഡ,ബെൽജിയം, ചൈന തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ മെസിയാണ് മുന്നിൽ. മുൻവർഷങ്ങളിൽ മെസിക്ക് ശക്തമായ വെല്ലുവിളിയായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണ ചിത്രത്തിൽ തന്നെയില്ല.
സ്വന്തം രാജ്യമായ പോർച്ചുഗലിൽ മാത്രമാണ് സൂപ്പർതാരം ഒന്നാമതുള്ളത്. ചെൽസിയുടെ ഇക്വഡോർ താരം മൊയ്‌സസ് കയ്‌സെഡോ ഇംഗ്ലണ്ടിൽ ഒന്നാമതെത്തി ഏവരേയും ഞെട്ടിച്ചു. ക്രിസ്റ്റിയാനോക്ക് പുറമെ മെസിയും എംബാപെയുമാണ് മുന്നിലെത്തിയ മറ്റുതാരങ്ങൾ. മുൻവർഷങ്ങളിലും ഇന്റർനെറ്റിൽ കൂടുതൽ പേർ തിരഞ്ഞതിൽ മെസിയായിരുന്നു മുന്നിൽ.