ആൺകുട്ടിയായിരുന്നു എങ്കിൽ മെസ്സി എന്നു പേരിടുമായിരുന്നു: നെയ്മർ
ലോകകപ്പ് വിജയത്തിന് ശേഷം മെസ്സിയുടെ പ്രവിശ്യയായ സാന്റ ഫേയിൽ കുട്ടികൾക്ക് മെസ്സി എന്ന പേരിടുന്നതിൽ 700 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്
ജനിക്കുന്നത് ആൺകുട്ടിയായിരുന്നു എങ്കിൽ അവന് സുഹൃത്ത് ലയണൽ മെസ്സിയുടെ പേര് നൽകുമായിരുന്നുവെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ. ക്രേസ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് നെയ്മറിന്റെ പ്രതികരണം. പിറക്കുന്നത് ആൺകുഞ്ഞായിരുന്നു എങ്കിൽ എന്തു പേരിടുമായിരുന്നു എന്ന ചോദ്യത്തിന് ലയണൽ മെസ്സി എന്ന്, ഒരു സങ്കോചവുമില്ലാതെ നെയ്മര്‍ മറുപടി നല്‍കുകയായിരുന്നു.
പങ്കാളി ബ്രൂണെ ബിയാൻകാർഡി ഗർഭിണിയാണെന്ന വിവരം നേരത്തെ ചിത്രസഹിതം നെയ്മർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പെൺകുഞ്ഞാണ് ജനിക്കാൻ പോകുന്നതെന്നും ഇരുവരും അറിയിച്ചിരുന്നു. മാവി എന്നാണ് കുഞ്ഞിന് പേരിട്ടിട്ടുള്ളത്.
അതിനിടെ, ലോകകപ്പ് വിജയത്തിന് ശേഷം മെസ്സിയുടെ പ്രവിശ്യയായ സാന്റ ഫേയിൽ കുട്ടികൾക്ക് മെസ്സി എന്ന പേരിടുന്നതിൽ 700 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 2014ൽ മെസ്സിയുടെ ജന്മനഗരമായ റൊസാരിയോ താരത്തിന്റെ പേര് കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.