ബെന്‍സമേയുടേത് ഫൗൾ; തോൽ‌വിയിൽ റഫറിയെ കുറ്റപ്പെടുത്തി പോച്ചട്ടിനോ

ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ഒമ്പത് സീസണുകളില്‍ ഇത് നാലാം തവണയാണ് പി.എസ്‌.ജി നോക്കൗട്ട് ഘട്ടത്തില്‍ പുറത്താകുന്നത്

Update: 2022-03-10 07:01 GMT
Editor : ubaid | By : Web Desk
Advertising

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിലെ തോല്‍വിയില്‍ വീഡിയോ റഫറിയിങ്ങിനെ കുറ്റപ്പെടുത്തി പി.എസ്‌.ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. മത്സരത്തിൽ റയൽ മാഡ്രിഡിന്റെ തിരിച്ചു വരവിനു വഴിയൊരുക്കിയ ആദ്യത്തെ ഗോളിൽ പി.എസ്‌.ജി ഗോൾകീപ്പർ ഡൊണറുമ്മയെ ബെൻസിമ ഫൗൾ ചെയ്‌തുവെന്നും അതു വീഡിയോ റഫറി അനുവദിച്ചില്ലെന്നുമാണ് പോച്ചട്ടിനോ കുറ്റപ്പെടുത്തുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ഒമ്പത് സീസണുകളില്‍ ഇത് നാലാം തവണയാണ് പി.എസ്‌.ജി നോക്കൗട്ട് ഘട്ടത്തില്‍ പുറത്താകുന്നത്.

Full View

മുപ്പത്തിയൊമ്പതാം മിനുട്ടിൽ എംബാപ്പെ പി.എസ്‌.ജിയെ മുന്നിൽ എത്തിച്ചതിനു ശേഷം രണ്ടാം പകുതിയിൽ ബെൻസിമയുടെ ഹാട്രിക്കിലാണ് റയൽ മാഡ്രിഡ് വിജയം നേടുന്നത്. കളിയുടെ അറുപത്തിയൊന്നാം മിനുട്ടിൽ ഒരു ബാക്ക് പാസ് സ്വീകരിച്ച ഡൊണറുമ്മയെ പ്രസ് ചെയ്‌ത്‌ പന്തു സ്വന്തമാക്കിയതിൽ നിന്നാണ് റയൽ മാഡ്രിഡ് ആദ്യഗോൾ നേടുന്നത്. ഡോണറുമ്മ ഫൗൾ ചെയ്യപ്പെട്ടുവെന്നും അതിലൂടെ ബെൻസിമ നേടിയ ഗോൾ മത്സരത്തെ മാറ്റിമറിച്ചുവെന്നുമാണ് പോച്ചട്ടിനോ ആരോപിക്കുന്നത്. "അതിനു ശേഷം മത്സരം മാറിമറിഞ്ഞു. ആ ഗോളോടെ എല്ലാം മാറി. ആ തെറ്റിനെക്കുറിച്ച് പറയാതിരിക്കുക അസാധ്യമാണ്, അത് മനസിലാക്കാനും ബുദ്ധിമുട്ടാണ്. അതൊരിക്കലും മറക്കാൻ കഴിയില്ല." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ പോച്ചട്ടിനോ പറഞ്ഞു.


പി.എസ്.ജിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടം ഇത്തവണയും സ്വപ്‌നമായി തന്നെ അവശേഷിപ്പിച്ചാണ് റയല്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. ആദ്യ പാദത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയ റയല്‍ മാഡ്രിഡ് സ്വന്തം മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യുവില്‍ നടന്ന നടന്ന രണ്ടാം പാദത്തിലെ തകര്‍പ്പന്‍ ജയത്തോടെ (3-1)യാണ് പി.എസ്.ജിയെ മറികടന്നത്. മാഡ്രിയില്‍ കരീം ബെന്‍സേമയുടെ ഹാട്രിക്കാണ് റയലിന് കരുത്തായത്. ഇരു പാദങ്ങളിലുമായി 3-2 എന്ന സ്‌കോറിനായിരുന്നു റയലിന്റെ ജയം. 

കിലിയന്‍ എംബാപ്പെ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരടക്കം ആദ്യ ഇലവനില്‍ ഇറങ്ങിയപ്പോള്‍ സാന്തിയാഗോ ബെര്‍ണബ്യുവില്‍ തുടക്കത്തില്‍ തന്നെ പി.എസ്.ജി, റയലിനെ പ്രതിരോധത്തിലാക്കി. ഇടതു വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങളിലൂടെ എംബാപ്പെ റയല്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. 34-ാം മിനിറ്റില്‍ എംബാപ്പെ സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ 39-ാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ നിന്ന് എംബാപ്പെ പി.എസ്.ജിയെ മുന്നിലെത്തിച്ചു. ഇതോടെ അഗ്രഗേറ്റില്‍ അവര്‍ 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലും പി.എസ്.ജിക്കായിരുന്നു മുന്‍തൂക്കം. 54-ാം മിനിറ്റിലും എംബാപ്പെയുടെ ഒരു ഗോള്‍ ഓഫ്‌സൈഡായി.

61-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ഡൊണ്ണരുമ്മയുടെ പിഴവിന് പി.എസ്.ജി വലിയ വിലകൊടുക്കേണ്ടി വന്നു. പന്ത് ക്ലിയര്‍ ചെയ്യാന്‍ വൈകിയ ഡൊണ്ണരുമ്മയുടെ പിഴവ് മുതലെടുത്ത് ബെന്‍സേമ റയലിനായി ഒരു ഗോള്‍ മടക്കി. ബെന്‍സേമയില്‍ നിന്ന് പന്ത് ലഭിച്ച വിനീഷ്യസ് ജൂനിയര്‍ അത് തിരിച്ച് ബെന്‍സേമയ്ക്ക് തന്നെ മറിച്ച് നല്‍കി. സമയമൊട്ടും കളയാതെ ബെന്‍സേമ പന്ത് വലയിലെത്തിച്ചു. 76-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ മികച്ചൊരു മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മോഡ്രിച്ച് നല്‍കിയ പാസ് സ്വീകരിച്ച വിനീഷ്യസ് അത് മോഡ്രിച്ചിന് തന്ന മറിച്ചു. പിഎസ്ജി ഡിഫന്‍സിനെ കാഴ്ചക്കാരാക്കി മോഡ്രിച്ച് നല്‍കിയ പാസ് ബെന്‍സേമ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ അഗ്രഗേറ്റില്‍ റയല്‍ 2-2ന് ഒപ്പമെത്തി.

രണ്ടാം ഗോള്‍ വീണതിന്റെ ഞെട്ടല്‍ മാറും മുമ്പ് തന്നെ റയല്‍ വിജയ ഗോളും കണ്ടെത്തി. 78-ാം മിനിറ്റില്‍ തന്റെ ഹാട്രിക്ക് തികച്ച ബെന്‍സേമ റയലിന് ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റും ഉറപ്പിച്ചു.  

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News