അഞ്ചു മിനിറ്റിനിടെ ഇരട്ടഗോൾ പ്രഹരം, യുവേഫ നേഷൻസ് ലീഗിൽ ചെക്കിനെ തകര്‍ത്ത് പോർച്ചുഗല്‍; സ്വിറ്റ്സര്‍ലന്‍ഡിനെ കീഴടക്കി സ്‌പെയിന്‍

പാബ്ലോ സറാബിയ നേടിയ ഏക ഗോളിനാണ് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സ്പാനിഷ് വിജയം

Update: 2022-06-10 05:41 GMT
Editor : Shaheer | By : Web Desk
Advertising

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ പോർച്ചുഗലിനും സ്‌പെയിനിനും വിജയം. ചെക്ക് റിപബ്ലിക്കിനെ രണ്ടു ഗോളിന്റെ ഏകപക്ഷീയ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. സ്വിറ്റ്‌സർലൻഡിനെ സ്‌പെയിൻ മറുപടിയില്ലാത്ത ഒരു ഗോളിനും കീഴടക്കി.

ആദ്യ പകുതിയിൽ അഞ്ചു മിനിറ്റിനുള്ളിൽ നേടിയ രണ്ട് ഗോളുകളുടെ ബലത്തിലാണ് ചെക്കിനെ പോർച്ചുഗീസ് പട പിടിച്ചുകെട്ടിയത്. 33-ാം മിനിറ്റിൽ ജുവോ കാൻസെലോയാണ് പോർച്ചുഗലിനായി ആദ്യം ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ 38-ാം മിനിറ്റിൽ ഗൊൻസാലോ ഗെദിസും ചെക്ക് റിപബ്ലിക്കിന് ഇരട്ടപ്രഹരമേൽപ്പിച്ചു. വിജയത്തോടെ രണ്ട് പോയിന്റുമായി ഗ്രൂപ്പ് 'എ2'വിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.

പാബ്ലോ സറാബിയ നേടിയ ഏക ഗോളിനാണ് സ്വിറ്റ്‌സർലൻഡിനെതിരെ സ്പാനിഷ് വിജയം. സ്വിസ് പിഴവ് മുതലെടുത്തായിരുന്നു 13-ാം മിനിറ്റിൽ സറാബിയ സ്‌പെയിനിന്റെ അക്കൗണ്ട് തുറന്നത്. കാര്യമായ അവസരങ്ങളൊന്നും തുറക്കാതിരുന്ന മത്സരത്തിൽ തുടര്‍ന്നങ്ങോട്ട് ഇരുഭാഗത്തുനിന്നും ഗോളുകളൊന്നും പിറന്നതുമില്ല. വിജയത്തോടെ ഗ്രൂപ്പ് 'എ2'വിൽ പോർച്ചുഗലിന്റെ പിറകിൽ രണ്ടാം സ്ഥാനത്താണ് സ്‌പെയിൻ.

സ്വിറ്റ്‌സർലൻഡിന്റെ തുടർച്ചയായ മൂന്നാമത്തെ തോൽവിയായിരുന്നു സ്പാനിഷ് പടയ്‌ക്കെതിരെ. കഴിഞ്ഞ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളിനാണ് പോർച്ചുഗൽ സ്വിസ് പടയെ നിഷ്പ്രഭമാക്കിയത്. ആദ്യ മത്സരത്തിൽ ചെക്ക് റിപബ്ലിക്കിനോട് ഒന്നിനെതിരെ രണ്ട് ഗോളിനും തോറ്റു.

Summary: Portugal, Spain win to set up Nations League Final 4 battle

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News