ഹാട്രിക്കിനുള്ള അവസരം വേണ്ടെന്നുവെച്ചു; പെനാല്‍റ്റി സഹതാരത്തിന് നല്‍കി... റോണോ മാജിക്കില്‍ വീണ്ടും അല്‍ നസ്ര്‍
കഴിഞ്ഞ മത്സരത്തിലെ ഹാട്രിക് നേട്ടത്തിന്‍റെ ചൂടാറും മുന്‍പാണ് വീണ്ടും റോണോയുടെ മാജിക്കിന് അറബ് ലോകം സാക്ഷിയായത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിൽ അൽ നസ്റിന് എതിരില്ലാത്ത നാലു ഗോളിന്‍റെ ജയം. അൽ ശബാബിനെയാണ് സൗദി പ്രോ ലീഗിൽ അൽ നസ്ർ തകര്‍ത്തത്. ഇരട്ട ഗോളും രണ്ട് അസിറ്റുമായി കളം നിറഞ്ഞ ക്രിസ്റ്റ്യാനോ തന്നെയായിരുന്നു അല്‍ നസ്റിന്‍റെ വിജയശില്‍പി. പെനാല്‍റ്റിയിലൂടെ ഹാട്രിക്കിനുള്ള അവസരം ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോ അത് സഹതാരത്തിന് നൽകി.
കഴിഞ്ഞ മത്സരത്തിലെ ഹാട്രിക് നേട്ടത്തിന്‍റെ ചൂടാറും മുന്‍പാണ് വീണ്ടും റോണോയുടെ മാജിക്കിന് അറബ് ലോകം സാക്ഷിയായത്. അൽ ശബാബിനെതിരെ പതിമൂന്നാം മിനിറ്റിൽ പെനാല്‍റ്റിയിലൂടെയാണ് റൊണാൾഡോയുടെ ആദ്യം സ്കോര്‍ ചെയ്യുന്നത്.
കൃത്യം ആറ് മിനുട്ടിന് ശേഷം റൊണാള്‍ഡോ ഹെഡ്ഡറിലൂടെ വീണ്ടും വലകുലുക്കി. 19-ാംആം മിനിറ്റിലെ ആ ഗോള്‍ പക്ഷേ 'വാര്‍' നിഷേധിച്ചു. പിന്നീട് 38-ാം മിനുട്ടില്‍ അൽ നസ്റിന് വീണ്ടും പെനാൽറ്റി ലഭിച്ചു. അണുവിട തെറ്റാതെ ക്രിസ്റ്റ്യാനോ പന്ത് ലക്ഷ്യത്തിലെത്തിച്ചു. സ്കോർ 2-0
ഇതു കഴിഞ്ഞ് രണ്ട് മിനുട്ട് പിന്നിടും മുന്‍പേ 40-ാം മിനുട്ടിൽ റൊണാൾഡോ ഒരുക്കിയ അവസരം മുതലെടുത്ത് സാദിയോ മാനേ എതിര്‍ വലകുലുക്കി. സ്കോർ 3-0
രണ്ടാം പകുതിയിൽ 63-ാം മിനുട്ടിൽ വീണ്ടും അൽ നസ്‍റിന് അനുകൂലമായി പെനാല്‍റ്റി വരുന്നു. ഹാട്രിക്ക് അടിക്കാനുള്ള അവസരമായിട്ടും റൊണാൾഡോ പെനാല്‍റ്റി സഹതാരം ഖരീബിന് നൽകുകയായിരുന്നു. പക്ഷേ പെനാല്‍റ്റി ലക്ഷ്യത്തിൽ എത്തിക്കുന്നതില്‍ ഖരീബിന് പിഴച്ചു. കിക്ക് ഗോള്‍ ആയില്ല. പിന്നീട് 80-ാം മിനുട്ടിൽ റൊണാൾഡോയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങവെ, റീബൗണ്ടിലൂടെ സുൽത്താൻ അൽ നസറിനായി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.