വൻ ട്വിസ്റ്റ്; നെയ്മറിനായി വലയെറിഞ്ഞ് സൗദി ക്ലബ്ബ്, അതും 'ആരും കൊതിക്കുന്ന ഓഫർ'

2017ൽ ബാഴ്‌സലോണയിൽ നിന്നാണ് നെയ്മർ പിഎസ്ജിയിൽ എത്തുന്നത്

Update: 2023-08-13 02:11 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: പി.എസ്.ജിയുമായി കരാർ അവസാനിക്കാനിരിക്കെ ബ്രസീൽ സൂപ്പർതാരം നെയ്മറിനായി വലവിരിച്ച് സൗദി ക്ലബ്ബ്. പി.എസ്.ജിയിൽ നിന്ന് താരം മുൻ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് പോകും എന്നായിരുന്നു പ്രബല റിപ്പോർട്ടുകൾ. എന്നാൽ നെയ്മറിനെ സ്വന്തമാക്കാൻ സൗദി ക്ലബ്ബ് അൽഹിലാൽ രംഗത്തുണ്ടെന്നാണ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ആധികാരിക വാർത്തകൾ നല്‍കുന്ന മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്.

'വലിയ തുക' എന്നാണ് അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നത്. ഈ കരാറിൽ നെയ്മറിന് താത്പര്യമുണ്ടെന്നും സമ്പൂർണ കരാറിലെത്തുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. ഇരു ക്ലബ്ബുകളും തമ്മിൽ കാര്യമായ ചർച്ചകൾ തന്നെ നടക്കുന്നുവെന്നാണ് വിവരം. നെയ്മറുടെ ഭാഗത്ത് നിന്നുമുള്ള പേപ്പർ വർക്കുകളിൽ പരിശോധന പുരോഗമിക്കുകയാണെന്നാണ് രണ്ട് മണിക്കൂര്‍ മുമ്പുള്ള ഫാബ്രിസിയോയുടെ ട്വീറ്റ്. ഔദ്യോഗിക സ്ഥിരീകരണം ഉടൻ വരുമെന്നാണ് പറയപ്പെടുന്നത്.

2017ൽ ബാഴ്‌സലോണയിൽ നിന്നാണ് നെയ്മർ പിഎസ്ജിയിൽ എത്തുന്നത്. ഫുട്‌ബോൾ വിപണിയിലെ മികച്ച കരാറുകളിലൊന്നാണ് അന്ന് നെയ്മറിന് ലഭിച്ചിരുന്നത്. പിന്നാലെ മെസിയും എത്തി. നെയ്മർ-മെസി- എംബാപ്പെ ഭരണമായിരുന്നു പിന്നീട് പിഎസ്ജിയിൽ. എന്നാൽ പിഎസ്ജി കണ്ണുവെച്ച ചാമ്പ്യൻസ് ട്രോഫി കിരീടം പാരീസിൽ എത്തിക്കാൻ ഈ സഖ്യത്തിനായില്ല. ഇതോടെയാണ് ഈ സഖ്യത്തിൽ മാനേജ്മെന്റിന് താത്പര്യം കുറഞ്ഞതും മെസിയുടെ പുറത്താകലിലേക്ക് എത്തിയതും. മെസിക്ക് നേരെ കാണികൾ കൂവുന്ന സാഹചര്യംവരെ പാരീസിൽ ഉണ്ടായിരുന്നു.

അതേസമയം പി.എസ്.ജിയുമായി കരാർ അവസാനിക്കുന്ന മുറക്ക് ബാഴ്‌സയിലേക്ക് തന്നെ നെയ്മർ ചേക്കേറും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ സാമ്പത്തികമായ കാര്യങ്ങളിൽ ഇരു പാർട്ടികൾക്കും വ്യക്തത വന്നില്ല. ഇതിനിടയിലാണ് പണപ്പെട്ടിയുമായി സൗദി ക്ലബ്ബ് താരത്തെ സമീപിക്കുന്നത്. സൂപ്പർ താരം എംബാപ്പെക്ക് പിന്നാലെയും സൗദി ക്ലബ്ബ് രംഗത്തുണ്ട്. എന്നാൽ താരത്തിന് സൗദി ക്ലബ്ബിലേക്ക് പോകാൻ താത്പര്യമില്ല. ഇതോടെ ആദ്യഘട്ടത്തിൽ സജീവമായ ചർച്ചകളുടെ വേഗം കുറയുകയായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News