ലക്ഷ്യം 'കോപ്പ' ; അർജന്റീനൻ പരിശീലക സ്ഥാനത്ത് സ്‌കലോണി തുടരും

അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്‌കലോണിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്നാണ് റിപ്പോർട്ട്.

Update: 2024-01-17 11:38 GMT
Editor : Sharafudheen TK | By : Web Desk
Advertising

ബ്യൂണസ് ഐറിസ്: അഭ്യൂഹങ്ങൾക്ക് വിരാമം. ഈവർഷം ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക വൻകരാ പോരാട്ടം വരെ അർജന്റീനൻ പരിശീലക സ്ഥാനത്ത് ലയണൽ സ്‌കലോണി തുടരും. അർജന്റീനിയൻ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്‌കലോണിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾക്ക് മുന്നോടിയായാണ് കൂടികാഴ്ച നടന്നത്.

ജൂൺ 20 മുതൽ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക ടൂർണമെന്റ്  നടക്കുക. ഖത്തർ ലോകകപ്പിന് ശേഷവും പരിശീലകനായി സ്‌കലോണി തുടരുകയായിരുന്നു. മോഹകപ്പിൽ മുത്തമിട്ടശേഷവും അതേ ഫോമിൽ തുടർന്ന ലാറ്റിനമേരിക്കൻ ടീം അടുത്തിടെ ബ്രസീലിനെ അവരുടെ മണ്ണിൽ തോൽപിച്ചിരുന്നു.  അതേസമയം, കഴിഞ്ഞ നവംബറിൽ അർജന്റീനിയൻ പരിശീലക സ്ഥാനത്ത് തുടരുന്നതിൽ സംശയമുണ്ടെന്ന് സ്‌കലോണി പറഞ്ഞതോടെയാണ് ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർന്നത്. ഇക്കാര്യത്തിൽ അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ പിന്നീട് വ്യക്തത വരുത്തിയെങ്കിലും സ്‌കലോണി മൗനം തുടരുകയായിരുന്നു.

2018 ലാണ് 45 കാരൻ പരിശീലക സ്ഥാനത്തെത്തിയത്. തുടക്കം മികച്ചതായിരുന്നില്ലെങ്കിലും പിന്നീട് നീലപടയെ പ്രധാന കിരീടങ്ങളിലേക്ക് എത്തിക്കാൻ സ്‌കലോണിക്ക് കഴിഞ്ഞു. ബ്രസീലിനെ തോൽപിച്ച് കോപ്പ അമേരിക്ക, ഇറ്റലിയെ കീഴടക്കി ഫൈനലിസിമ എന്നിവ സ്വന്തമാക്കി. ആവേശപോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ കീഴടക്കി 1986ന് ശേഷം അർജന്റീനക്ക് ഫിഫ ലോകകപ്പ് നേടികൊടുക്കാനും സ്‌കലോണിക്ക് സാധിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News