ക്രിസ്റ്റ്യാനോയുടെ നസ്‌റിനെ തോൽപിച്ചതിന് അൽ ഹിലാൽ താരങ്ങൾക്ക് സമ്മാനം
അവസാന മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഹിലാലിന്റെ വിജയം.
റിയാദ്: സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസർ എഫ്.സിയെ തോൽപിച്ചുവിട്ടിരിക്കുകയാണ് അൽഹിലാൽ എഫ്.സി. അവസാന മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഹിലാലിന്റെ വിജയം. അതോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനവും ഭദ്രമാക്കി.
ക്രിസ്റ്റ്യാനോയെ സമർത്ഥമായി മെരുക്കിയ ശേഷമാണ് നസർ ഗോൾമുഖത്ത് ഹിലാൽ താരങ്ങൾ നാശംവിതച്ചത്. സീസണിലെ ഏറ്റവും വലിയ നാണംകെട്ട തോൽവിയാണ് റൊണാൾഡോക്കും സംഘത്തിനും ഏറ്റുവാങ്ങേണ്ടി വന്നത്. ശക്തരുടെ പോരാട്ടം പ്രതീക്ഷിച്ചവർക്ക് ഹിലാലിന്റെ ആധിപത്യമാണ് മത്സരത്തിൽ കാണേണ്ടി വന്നത്.
തുടർച്ചയായി 12 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയായിരുന്ന അൽ നസറിന്റെ നേട്ടമാണ് അൽ ഹിലാൽ അവസാനിപ്പിച്ചത്. മത്സരത്തിൽ ഗോൾ നേടാനോ ഗോളവസരം സൃഷ്ടിക്കാനോ റൊണാൾഡോക്ക് കഴിഞ്ഞില്ല. അക്ഷരാർത്ഥത്തിൽ താരത്തെ പൂട്ടി.
ഹിലാൽ താരങ്ങളുടെ ഈ മികവ് മാനേജ്‌മെന്റിനും നന്നായി ഇഷ്ടപ്പെട്ടു. വിജയിച്ച ടീമിലെ ഓരോ കളിക്കാർക്കും ഒരു ലക്ഷം റിയാൽ (ഏകദേശം 22 ലക്ഷം രൂപ) സമ്മാനമായി നൽകാൻ ടീം മാനേജ്‌മെൻറ് തീരുമാനിച്ചിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്ലബ്ബ് പ്രസിഡന്റ് ഫഹദ് ബിൻ നാഫെയുടെ പ്രത്യേക ആഗ്രഹപ്രകാരമാണ് സമ്മാനം നൽകുന്നത്.
സൗദി പ്രോ ലീഗിൽ അൽ ഹിലാലും അൽ നസറും തമ്മിലാണ് ഇത്തവണ കിരീടത്തിനായി കടുത്ത പോരാട്ടം നടക്കുന്നത്. ലീഗ് പകുതിയിൽ എത്തുമ്പോൾ 15 മത്സരങ്ങളിൽ നിന്ന് 41 പോയൻറുമായാണ് അൽ ഹിലാൽ എഫ്സി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 34 പോയൻറ് നേടിയിട്ടുള്ള അൽ നസർ എഫ്സി രണ്ടാം സ്ഥാനത്താണ്. നിലവിൽ ഹിലാലും നസറും തമ്മിൽ ഏഴ് പോയിന്റിന്റെ വ്യത്യാസമുണ്ട്.
ട്രാൻസ്ഫർ മാർക്കറ്റിലും ഇരു ടീമുകളും വാശിയോടെ പണമെറിഞ്ഞിരുന്നു. വൻ വില കൊടുത്ത് റൊണാൾഡോയെ നസർ സ്വന്തമാക്കിയപ്പോൾ മെസിയെയാണ് ഹിലാൽ നോട്ടമിട്ടിരുന്നത്. എന്നാൽ താരം അവസാ നിമിഷം അമേരിക്കയിലേക്ക് ചേക്കേറി. അവിടം കൊണ്ടും ഹിലാൽ നിർത്തിയില്ല, മറ്റൊരു സൂപ്പർ താരം നെയ്മറിനെ ടീമിലെത്തിച്ചാണ് ഹിലാൽ വമ്പ് കാട്ടിയത്. എന്നാൽ പരിക്കേറ്റതിനാൽ താരം പുറത്താണ്.
Une récompense de 25K pour la victoire face à Al Nassr de la part du président Fahad Bin Nafel 😂pic.twitter.com/hj2vyH5cuQ
— SPL 🇸🇦 (@ActuSPL) December 1, 2023
Summary-Surprise gift to Al Hilal players for Cristiano’s defeat of Al Nasr; Shocked team management