2024ൽ ലയണൽ മെസിയെ കാത്തിരിക്കുന്ന റെക്കോർഡുകൾ
കോപ അമേരിക്കയിൽ തന്നെ മറ്റൊരു അപൂർവ റെക്കോഡ് കൂടി ലയണൽ മെസിയെ കാത്തിരിക്കുന്നുണ്ട്.
ബ്യൂണസ്ഐറിസ്: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടി, ഒരിക്കല്‍ കൂടി കയ്യടി വാങ്ങുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസി. ബാലണ്‍ദ്യോര്‍ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം കൂടിയാണ് മെസിയെ തേടി എത്തിയത്.
അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനയ്ക്കായും, ക്ലബ്ബ് ഫുട്ബോളിൽ പിഎസ്ജി, ഇന്റർ മയാമി എന്നിവർക്കായും പുറത്തെടുത്ത പ്രകടനങ്ങളാണ് മെസിയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ഇവിടംകൊണ്ടൊന്നും മെസിയുടെ കുതിപ്പ് അവസാനിക്കുന്നില്ല. ഈ വർഷവും മെസി തന്നെ കൊണ്ടുപോകുമെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ വർഷം ക്ലബ്ബ് ഫുട്ബോളിലും അന്താരാഷ്ട്ര ഫുട്ബോളിലുമായി മെസിയെ കാത്തിരിക്കുന്നത് നിരവധി റെക്കോര്‍ഡുകളാണ്.
അതിലൊന്നാണ് കോപ അമേരിക്കയിലെ ടോപ് ഗോൾ സ്കോറർ എന്ന നേട്ടം. ഇതിലേക്ക് എത്താന്‍ മെസിക്ക് ഇനി നാല് ഗോളുകള്‍ കൂടി മതി. കോപ അമേരിക്കയിൽ മെസിയുടെ പേരിലുള്ളത് 14 ഗോളുകളാണ്. 17 ഗോളുകൾ നേടിയിട്ടുള്ള ബ്രസീലിന്റെ സിസിഞ്ഞോ, അര്‍ജന്റീനയടെ തന്നെ നോർബെർട്ടോ മെൻഡസ് എന്നിവരാണ് ഒന്നാം സ്ഥാനത്തുളളത്. നിലവിലെ ഫോമില്‍ നാല് ഗോളുകളും നേടി മെസി തന്നെ ഈ നേട്ടം സ്വന്തം പേരിലാക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.
കോപ അമേരിക്കയിൽ തന്നെ മറ്റൊരു അപൂർവ റെക്കോഡ് കൂടി ലയണൽ മെസിയെ കാത്തിരിക്കുന്നുണ്ട്. കോപ അമേരിക്കയിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച നേട്ടമാണത്. 34 മത്സരങ്ങളുമായി നിലവില്‍ മെസി തന്നെയാണ് ഒന്നാം സ്ഥാനത്തെങ്കിലും ഒരു അവകാശി കൂടിയുണ്ട്. ചിലിയൻ ഗോൾകീപ്പർ സെർജിയോ ലിവിങ്സ്റ്റണ്‍ ആണത്. പരിക്കൊന്നും അലട്ടിയില്ലെങ്കില്‍ ആദ്യ മത്സരത്തിന് ഇറങ്ങുന്നതോടെ മെസി റെക്കാേര്‍ഡ് നേട്ടത്തിലെത്തും.
അന്താരാഷ്ട്ര ഫുട്ബോളിൽ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേട്ടങ്ങളിൽ പങ്കാളിയാകുന്ന ഫുട്ബോളറെന്ന നേട്ടമാണ് 2024ല്‍ മെസിയെ കാത്തിരിക്കുന്ന മറ്റൊരു റെക്കോര്‍ഡ്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമായാണ് മെസി മത്സരിക്കേണ്ടത് എന്നതിനാല്‍ ഈ റെക്കോര്‍ഡിന് മാറ്റ് കൂടും. 163 ഗോളുമായി റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. 159 ഗോളുകളാണ് മെസിയടെ പേരിലുള്ളത്. റൊണാള്‍ഡോയും മികച്ച ഫോമിലാണ് പന്ത് തട്ടുന്നത് എന്നതിനാല്‍ ആരാധകരും ആകാംക്ഷയിലാണ്.
മറ്റൊരു നേട്ടം കാത്തിരിക്കുന്നത് ക്ലബ്ബ് ഫുട്ബോളില്‍ നിന്നാണ്. ഇൻറർ മയാമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനാവുക. അതിന് ഇനി 18 ഗോളുകള്‍ കൂടി വേണമെങ്കിലും നിലവിൽ ഫോമിൽ താരത്തിന് അസാധ്യമൊന്നുമല്ല. കഴിഞ്ഞ ജുലൈയിലാണ് മെസി മയാമിയില്‍ ചേര്‍ന്നത്.