അരങ്ങുതകർത്ത് വമ്പൻമാർ; ചാമ്പ്യൻസ്‍ലീഗിൽ ഗോളടി മേളം

Update: 2024-09-18 03:37 GMT
Editor : safvan rashid | By : Sports Desk
Advertising

ലണ്ടൻ: പുതിയ ഫോർമാറ്റിൽ അരങ്ങുണർന്ന ചാമ്പ്യൻസ് ലീഗിലെ ആദ്യമത്സരങ്ങളിൽ ഗോളടി മേളം. റയൽ മാഡിഡ്, ലിവർപൂൾ, ബയേൺ മ്യൂണിക് അടക്കമുള്ള വമ്പൻ ക്ലബുകളെല്ലാം തങ്ങളുടെ ആദ്യമത്സരം ഗംഭീരമാക്കി.

ജർമൻ ക്ലബായ വി.എഫ്.ബി സ്റ്റുഡ്ഗർട്ട് ഏറെ നേരം വെല്ലുവിളി ഉയർത്തിയെങ്കിലും ഒടുവിൽ അത് മറികടന്നാണ് റയൽ വിജയം നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 46ാം മിനുറ്റിൽ കിലിയൻ എംബാപ്പെയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 68ാം മിനുറ്റിൽ ഡെനിസ് ഉൻഡാവ് ജർമൻ ക്ലബിനായി തിരിച്ചടിച്ചു. എന്നാൽ 83ാം മിനുറ്റിൽ അന്റോണിയോ റൂഡിഗറിലൂടെ റയൽ വിജയമുറപ്പിച്ച ഗോൾ നേടി. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ എൻട്രിക്ക് റയലിന്റെ ലീഡുയർത്തി. ഇതോടെ റയലിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എൻട്രിക് മാറി. റയൽ ഇതിഹാസമായ റൗളിന്റെ പേരിലുള്ള റെക്കോർഡാണ് 18 കാരൻ മറികടന്നത്.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒൻപത് ഗോളുകൾ നേടുന്ന ആദ്യ ടീമെന്ന ഖ്യാതി ബയേൺ മ്യൂണിക് സ്വന്തം പേരിലെഴുതി. ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്രിബിനെ രണ്ടിനെതിരെ ഒൻപത് ഗോളുകൾക്കാണ് ബയേൺ തരിപ്പണമാക്കിയത്. സൂപ്പർ താരം ഹാരി കെയിൻ നാലുഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചു. കെയ്ൻ നേടിയ ഗോളുകളിൽ മൂന്നെണ്ണവും പെനൽറ്റിയിലൂടെയായിരുന്നു. മൈക്കൽ ഒലിസ് രണ്ടുഗോളുകൾ നേടിയപ്പോൾ റാഫേൽ ഗുരേരോ, ലിറോയ് സാനേ, ലിയോൺ ഗ്വരേഡട്സ്ക എന്നിവർ ഒരോ ഗോൾ വീതവും നേടി.

ചാമ്പ്യൻസ് ലീഗിലെ ബദ്ധ വൈരികളായ എ.സി മില​ാനെ അവരുടെ തട്ടകത്തിൽ തകർത്താണ് ലിവർപൂൾ തുടങ്ങിയത്. മൂന്നാം മിനുറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ച് നേടിയ ഗോളിൽ എ.സി. മിലാനാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 23ാം മിനുറ്റിൽ ഇബ്രാഹിമ കൊനാറ്റെ, 41ാം മിനുറ്റിൽ വിർജിൽ വാൻഡൈക്, 67ാം മിനുറ്റിൽ ഡൊമിനിക് സോ​ബോസ്ലൈ എന്നിവർ നേടിയ ഗോളുകളിൽ ലിവർപൂൾ വിജയമുറപ്പിക്കുകയായിരുന്നു. മത്സരത്തിലുടനീളം അഗ്രസീവായി കളിച്ച ലിവർപൂൾ 23 ഷോട്ടുകളാണ് മിലാൻ ഗോൾമുഖത്തേക്ക് ഉതിർത്തത്.

മറ്റുമത്സരങ്ങളിൽ ഏറെക്കാലത്തിന് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ആസ്റ്റൺവില്ല സ്വിസ് ക്ലബായ യങ് ബോയ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. യൂറി ടൈലെമാൻസ്, ജേക്കബ് റാംസി എന്നിവരിലൂടെ ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തിയ വില്ലക്കായി 86ാം മിനുറ്റിൽ അമാദൂ ഒനാന പട്ടിക പൂർത്തിയാക്കി. ഡച്ച് വമ്പൻമാരായ പി.എസ്.വി ഐന്തോവനെ 3-1ന് തകർത്ത് യുവന്റസും തങ്ങളുടെ തുടക്കം ഗംഭീരമാക്കി.



Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News