'സമയം കളയാനാണ് അവന്‍ ശ്രമിച്ചത്'; ബുംറ - കോണ്‍സ്റ്റസ് വാക്‌പോരിൽ ഋഷഭ് പന്ത്

കോണ്‍സ്റ്റസുമായുള്ള വാക്പോരിന് ശേഷം ഖ്വാജയെ പുറത്താക്കിയ ബുംറ സിഡ്നിയെ ആവേശക്കൊടുമുടിയേറ്റിയിരുന്നു

Update: 2025-01-03 13:59 GMT
Advertising

സിഡ്നി: മൈതാനത്ത് ചൂടേറിയ ചില വാഗ്വാദങ്ങൾക്കൊടുവിലാണ് സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിച്ചത്. ജസ്പ്രീത് ബുംറയുമായി ഓസീസ് നിരയിലെ 19 കാരൻ സാം കോൺസ്റ്റസ് മൈതാനത്ത് കൊമ്പു കോർത്തത് വീണ്ടും വിവാദങ്ങൾക്കിടയാക്കി.

സാം കോൺസ്റ്റസ് മൈതാനത്ത് സമയം കളയാനാണ് ശ്രമിച്ചത് എന്നായിരുന്നു ഇതിനെ കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ പ്രതികരണം. 'ജസ്പ്രീത് ബുംറയോട് കോൺസ്റ്റസ് എന്തോ പറയുന്നുണ്ടായിരുന്നു. എന്താണതെന്ന് വ്യക്തമായി ഞാന്‍ കേട്ടില്ല. പക്ഷെ സമയം കൊല്ലലായിരുന്നു അയാളുടെ ലക്ഷ്യം എന്നെനിക്ക് തോന്നി. ഒരോവർ കൂടി ഞങ്ങളെ എറിയിക്കാതിരിക്കാനാണ് അവന്‍ ശ്രമിച്ചത്''- പന്ത് പറഞ്ഞു വച്ചു. 

ബുംറ - കോണ്‍സ്റ്റസ് പോര് കനക്കുന്നു

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ജസ്പ്രീത് ബുംറ സാം കോൺസ്റ്റസ് പോര് കനക്കുകയാണ്. ഇക്കുറി ബോളും ബാറ്റുമായല്ല കലഹം. താരങ്ങൾ തമ്മിൽ നേർക്ക് നേരാണ്. ഒന്നാം ദിനം ഓസീസ് ഇന്നിങ്‌സിലെ അവസാന ഓവർ. ആറാം പന്തെറിയാൻ തയ്യാറെടുത്ത് നിൽക്കുന്ന ബുംറക്ക് നേരെ കോൺസ്റ്റസ് ഒരു അനാവശ്യ പ്രകോപനം അഴിച്ച് വിട്ടു.

ഇന്ത്യൻ നായകനെ ഇത് വല്ലാതെ ചൊടിപ്പിച്ചു. ബുംറ ഓസീസ് യുവതാരത്തിനടുത്തേക്ക് നടന്നെത്തുന്നു. അമ്പയെറിത്തിയ ശേഷമാണ് ബുംറയെ പിന്തരിപ്പിച്ചത്. തൊട്ടടുത്ത പന്തിൽ ഉസ്മാൻ ഖ്വാജയെ ബുംറ രാഹുലിന്റെ കയ്യിലെത്തിച്ചു. ഉടൻ ഇന്ത്യൻ താരങ്ങൾ കോൺസ്റ്റസിന് നേരെ തിരിഞ്ഞു. മെൽബണിൽ കോൺസ്റ്റസിനെ ചൊറിഞ്ഞ് പണി വാങ്ങിയ കോഹ്ലിയടക്കം മതിമറന്നാണ് ആ വിക്കറ്റ് ആഘോഷിച്ചത്. ഒന്നാം ദിനം അവസാന പന്തിൽ തന്നെ ഖ്വാജ പുറത്തായത് സിഡ്‌നി ടെസ്റ്റിനെ ആവേശക്കൊടുമുടിയേറ്റി. ബുംറയുടെ വിക്കറ്റ് നേട്ടവും ആവേശക്കടലായ സിഡ്നി ഗാലറിയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്..

നേരത്തേ ഇന്ത്യയെ ഒന്നാം ഇന്നിങ്‌സിൽ ഓസീസ് 185 റൺസിന് കൂടാരം കയറ്റിയിരുന്നു. നാല് വിക്കറ്റെടുത്ത ബോളണ്ടും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇന്ത്യൻ നിരയിൽ 40 റൺസെടുത്ത റിഷഭ് പന്ത് മാത്രമാണ് അൽപമെങ്കിലും പൊരുതിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News