ഇസ്രായേല്‍ ദേശീയ ഗാനത്തിനിടെ പുറംതിരിഞ്ഞ് നിന്ന് ഇറ്റാലിയന്‍ ആരാധകര്‍

ഇറ്റാലിയൻ പതാകയുടെ നിറങ്ങളിൽ സ്വാതന്ത്ര്യം എന്നെഴുതിയ പ്ലക്കാർഡുകള്‍ പ്രതിഷേധക്കാർ ഉയർത്തി

Update: 2024-09-11 12:33 GMT
Advertising

ബുഡാപെസ്റ്റ്: കഴിഞ്ഞ ദിവസം യുവേഫ നാഷൻസ് ലീഗിൽ വ്യത്യസ്തമായൊരു പ്രതിഷേധം അരങ്ങേറി. ഇറ്റലി ഇസ്രായേൽ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഇസ്രായേൽ ദേശീയ ഗാനം മുഴങ്ങിയതും ഗാലറിയിലുണ്ടായിരുന്ന ഒരു പറ്റം ഇറ്റാലിയൻ ആരാധകർ പുറം തിരിഞ്ഞ് നിന്നു. ഇറ്റാലിയൻ പതാകയുടെ നിറങ്ങളിൽ സ്വാതന്ത്ര്യം എന്നെഴുതിയ പ്ലക്കാർഡുകള്‍ പ്രതിഷേധക്കാർ ഉയർത്തി. ഹംഗറിയുടെ തലസ്ഥാന നഗരിയായ ബുഡാപെസ്റ്റിലെ ബോസിക് അരീനയിലാണ് പ്രതിഷേധം നടന്നത്. 

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളെ തുടർന്ന് ഇസ്രായേൽ ദേശീയ ടീമിന്റെ ഹോം മത്സരങ്ങൾ ഹംഗറിയിൽ വച്ചാണ് നടക്കുന്നത്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ ഫലസ്തീൻ അനുകൂല പ്രതിഷേധ റാലികളും മറ്റും നേരത്തേ രാജ്യത്ത് വിലക്കിയിരുന്നു. ഇതൊന്നും വകവക്കാതെയാണ് ഗാലറിയിൽ പ്രതിഷേധം നടന്നത്.

മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇറ്റലി വിജയിച്ചു. ഡേവിഡ് ഫ്രാറ്റസിയും മൊയിസ് കീനുമാണ് ഇറ്റലിക്കായി വലകുലുക്കിയത്. 90ാം മിനിറ്റിൽ മുഹമ്മദ് അബൂ ഫാനിയാണ് ഇസ്രായേലിനായി ആശ്വാസഗോൾ കണ്ടെത്തിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News