'പെര്‍ത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം അര്‍ഹിച്ചിരുന്നത് ജയ്സ്വാള്‍'- ജസ്പ്രീത് ബുംറ
എട്ട് വിക്കറ്റ് നേട്ടവുമായി ഓസീസിനെ തകര്‍ത്ത ഇന്ത്യന്‍ നായകനായിരുന്നു കളിയിലെ താരം
പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ഓസീസിനെ തകര്‍ത്തെറിയുമ്പോള്‍ സന്ദര്‍ശകരുടെ വിജയത്തിന്‍റെ നെടുംതൂണ്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയായിരുന്നു. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി ക്യാപ്റ്റന്‍ പിഴുതത് എട്ട് വിക്കറ്റുകളാണ്. ആദ്യ ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിയത് ബുംറയെറിഞ്ഞ മനോഹര സ്പെല്ലാണ്. കളിക്ക് ശേഷം ബുംറ ഏറെ വികാരാധീനനായിരുന്നു.
'മകൻ വളർന്നു വലുതാവുമ്പോൾ അവനോട് പറയാനിപ്പോൾ എന്റെ കയ്യിൽ കഥകളൊരുപാടുണ്ട്. ആദ്യം ടി20 ലോകകപ്പിൽ, ഇപ്പോൾ പെർത്തിലും അവൻ എന്‍റെയൊപ്പം തന്നെയുണ്ട്. ഇവിടെയെന്താണ് സംഭവിക്കുന്നത് എന്ന് അവന് മനസിലാവുന്നുണ്ടാവില്ല.
എന്നാൽ ഇന്ത്യ ചരിത്ര വിജയങ്ങൾ കുറിക്കുമ്പോൾ അവൻ ഈ സ്റ്റാന്റുകളിൽ ഉണ്ടായിരുന്നെന്ന് വളർന്നു വലുതാവുമ്പോൾ ഞാനവന് പറഞ്ഞ് കൊടുക്കും''- പെർത്തിലെ ഐതിഹാസിക വിജയത്തിന് ശേഷം ഏറെ വികാരാധീനനായിരുന്നു ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറ.
ഓസീസൊരുക്കിയ കെണിയിൽ അവരെ തന്നെ കുരുക്കി വീഴ്ത്തിയ ക്യാപ്റ്റൻ ബുംറയെ തേടി തന്നെ മത്സര ശേഷം പ്ലെയർ ഓഫ് ദമാച്ച് പുരസ്‌കാരമെത്തി. ആ പുരസ്‌കാരം അയാൾക്കല്ലാതെ മറ്റാർക്ക് നൽകിയാലും അത് അനീതിയായിപ്പോകുമായിരുന്നു. എന്നാൽ താനായിരുന്നെങ്കിൽ ഈ പുരസ്‌കാരം ജയ്‌സ്വാളിന് നൽകുമായിരുന്നു എന്നായിരുന്നു ഇന്ത്യൻ നായകന്റെ പ്രതികരണം. ഒപ്പം വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്താനും ബുംറ മറന്നില്ല. 'കോഹ്ലിക്ക് ഞങ്ങളെയല്ല. അയാളെ ഞങ്ങൾക്കാണാവശ്യം' എന്നായിരുന്നു മത്സര ശേഷം ബുംറ പറഞ്ഞുവച്ചത്.
കോഹ്ലി സെഞ്ച്വറിയിൽ തൊട്ട ശേഷം ഇന്ത്യൻ ഡഗ്ഗൗട്ടിന്റെ ആഘോഷത്തിൽ ബുംറയുടെ വാക്കുകള്‍ പതിഞ്ഞ് കിടന്നിരുന്നു. ഫോം ഔട്ടിന്റെ പേരിൽ വിമർശന ശരങ്ങൾ ഏറെ ഏറ്റു വാങ്ങിയ വിരാടിന്റെ കംബാക്ക് ഇന്ത്യൻ ക്യാമ്പിന് നൽകുന്ന ആവേശം ചെറുതല്ല.