വിജയ് ഹസാരെയിൽ സെമി കാണാതെ കേരളം പുറത്ത്
106 പന്തുകളിൽ നിന്ന് ഏഴു ഫോറും രണ്ട് സിക്‌സറുകളും അടിച്ചാണ് രോഹൻ 85 റൺസ് നേടിയത്. എന്നാൽ ക്യാപ്റ്റൻ സഞ്ജു സാംസൺ എട്ട് പന്തുകളിൽ നിന്ന് രണ്ട് റൺസ് മാത്രമാണെടുത്തത്
വിജയ് ഹസാരെ ട്രോഫിയിൽ ബാറ്റിംഗ് തകർച്ചയെ തുടർന്ന് കേരളവും വിദർഭയും ക്വാർട്ടർ ഫൈനലിൽ നിന്നും പുറത്തായി. കേരളത്തെ സർവീസെസ് പരാജയപ്പെടുത്തിയപ്പോൾ വിദർഭയയെ സൗരാഷ്ട്രയും തോൽപ്പിച്ചു. സർവീസസിനോട് ഏഴ് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളം 40.4 ഓവറിൽ 175 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സർവീസസ് 19.9 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് നേടി. തമിഴ്‌നാടും ഉത്തർ പ്രദേശുമാണ് സെമിയിൽ പ്രവേശിച്ച മറ്റു ടീമുകൾ.
85 റൺസെടുത്ത് പുറത്തായ രോഹൻ എസ് കുന്നുമ്മലാണ് കേരളത്തിന്റെ മികച്ച സ്‌കോറർ. 106 പന്തുകളിൽ നിന്ന് ഏഴു ഫോറും രണ്ട് സിക്‌സറുകളും അടിച്ചാണ് രോഹൻ 85 റൺസ് നേടിയത്. എന്നാൽ ക്യാപ്റ്റൻ സഞ്ജു സാംസൺ എട്ട് പന്തുകളിൽ നിന്ന് രണ്ട് റൺസ് മാത്രമാണെടുത്തത്. രോഹനു പിന്നാലെ 54 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 41 റൺസെടുത്ത വിനൂപ് മനോഹരൻ, 23 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്ത സച്ചിൻ ബേബി എന്നിവരാണ് രണ്ടക്കം കണ്ട മറ്റു താരങ്ങൾ. 70 റൺസിൽ അവസാന 8 വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അവസാന അഞ്ച് വിക്കറ്റുകൾ വെറും 14 റൺസിനിടെ നഷ്ടമായത് കേരളത്തിന് വൻ തിരിച്ചടിയായി. കേരളത്തിനു വേണ്ടി ഉണ്ണി കൃഷ്ണൻ മനുകൃഷ്ണൻ 2 വിക്കറ്റും സിജോ മോൻ ജോസഫ് ഒരു വിക്കറ്റും എടുത്തു.
മുമ്പ് രണ്ടു തവണ ക്വാർട്ടറിൽ കേരളം കളിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലെത്തുന്നത് ഇതാദ്യമായാണ്. 2012-13 സീസണിൽ സെമിയിലെത്തിയ മത്സരമായിരുന്നു കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ തവണ കർണാടകയോട് കേരളം പരാജയപ്പെട്ടിരുന്നു.ഏതാണ്ട് സമാനമായ പ്രകടനം തന്നെയായിരുന്നു വിദർഭയും പുറത്തെടുത്തത്. 20.1 ഒാവറിൽ എത്തിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ സൗരാഷ്ട്ര വിദർഭയെ വീഴ്ത്തുകയായിരുന്നു.