സഞ്ജുവല്ല.. രോഹിത്തിന് പകരം കുൽദീപ് യാദവ് ടീമിൽ
നാളെ രാവിലെ 11.30 നാണ് ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനം.
കൈവിരലിന് പരിക്കേറ്റ നായകൻ രോഹിത് ശർമയ്ക്ക് പകരം സ്പിന്നർ കുൽദീപ് യാദവിനെ ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തി.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിരുന്നു. രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് രോഹിത്തിന് വിരലിന് പരിക്കേറ്റത്. പരിക്കേറ്റിട്ടും എട്ടാം നമ്പറിൽ ബാറ്റ് ചെയ്ത രോഹിത്ത് പൊരുതി നോക്കിയെങ്കിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
മൂന്നാം ഏകദിനത്തിൽ രോഹിത് ശർമയുണ്ടാകില്ലെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. ഇന്നാണ് രോഹിത്തിന് പകരം ഒരു ബാറ്ററെ ഉൾപ്പെടുത്താതെ സ്പിന്നറായ കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തിയതാണ് ബിസിസിഐയുടെ അറിയിപ്പ് വന്നത്. ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയിൽ രോഹിത്തുണ്ടാകുമോ എന്ന കാര്യത്തിൽ ബിസിസിഐ വ്യക്തത നൽകിയിട്ടില്ല. രോഹിത്തിന് വിദഗ്ദ ചികിത്സയ്ക്കായി മുംബൈയിലേക്ക് മടങ്ങിയിട്ടുണ്ട്.
ഈ പരമ്പരക്കിടെ പരിക്കേറ്റ് പുറത്താകുന്ന മൂന്നാമത്തെ താരമാണ് രോഹിത്ത് ശർമ. നേരത്തെ ഫാസ്റ്റ് ബോളർ കുൽദീപ് സെൻ, ദീപക് ചഹർ എന്നിവർ പരിക്ക് മൂലം സ്‌ക്വാഡിന് പുറത്തായിരുന്നു.
കുൽദീപ് യാദവിനെ ഉൾപ്പെടുത്തിയ മൂന്നാം ഏകദിനത്തിനുള്ള 14 അംഗ ഇന്ത്യൻ സ്‌ക്വാഡ് ഇങ്ങനെ...
കെ.എൽ രാഹുൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശിഖർ ധവാൻ, വിരാട് കോഹ്‌ലി, രജത് പടിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാടി, ഇഷൻ കിഷൻ, ഷഹബാസ് അഹമ്മദ്, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, കുൽദീപ് യാദവ്.
നാളെ രാവിലെ 11.30 ന് ചട്ടോഗ്രാമിലെ സഹൂർ ചൗധരി സ്റ്റേഡിയത്തിലാണ് മൂന്നാം ഏകദിനം.