'വംശീയ വാദികള്‍ എന്‍റെ മുഖം കണ്ട് കൊണ്ടിരിക്കട്ടെ'; പത്ര സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് വിനീഷ്യസ് ജൂനിയര്‍
'സ്‌പെയിൻ വിടുന്നതിനെ പറ്റി ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. ഞാനീ രാജ്യം വിട്ടാൽ വംശീയവാദികൾക്ക് അവർ ആഗ്രഹിക്കുന്നത് നേടിയതിന് തുല്യമാകും'
പത്രസമ്മേളനത്തിനിടെ വംശീയതയെക്കുറിച്ച ചോദ്യങ്ങളോട് വികാരാധീതനായി റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍. സ്‌പെയിനുമായുള്ള ബ്രസീലിന്‍റെ സൗഹൃദ മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് വിനീഷ്യസ് താൻ നേരിട്ട വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. തനിക്ക് ഇനിയുമേറെ കാലം ഫുട്ബോള്‍ കളിക്കണമെന്നും എന്നാല്‍ ഈ അന്തരീക്ഷത്തില്‍ അതേറെ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
“എനിക്ക് ഫുട്ബോൾ കളിക്കണം, പക്ഷേ മുന്നോട്ട് പോകാൻ പ്രയാസമാണ്.സ്‌പെയിൻ വിടുന്നതിനെ പറ്റി ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. ഞാനീ രാജ്യം വിട്ടാൽ വംശീയവാദികൾ അവർ ആഗ്രഹിക്കുന്നത് നേടിയതിന് തുല്യമാകും. ഞാന്‍ ഇവിടെ തന്നെയുണ്ടാവും. അവര്‍ എന്റെ മുഖം കണ്ട് കൊണ്ടേയിരിക്കട്ടെ. അതവരെ വിറളി പിടിപ്പിക്കട്ടെ. ചിലര്‍ ഗ്രൗണ്ടിലേക്ക് പോകുന്നത് തന്നെ കളിക്കാരോടുള്ള തങ്ങളുടെ അമര്‍ഷം രേഖപ്പെടുത്താനാണ്. ആരെയെങ്കിലും അത് വേദനിപ്പിക്കുന്നുണ്ടെന്ന് തോന്നിയാല്‍ കുറച്ച് കൂടി രൂക്ഷമായി അതവര്‍ തുടരും. അത്തരക്കാരെ മൈതാനത്ത് പ്രവേശിപ്പിക്കരുത്. കാരണം ഇത്തരം കാര്യങ്ങള്‍ കായിക ലോകത്തിന് തന്നെ അപമാനമാണ്''- വിനീഷ്യസ് പറഞ്ഞു.
പത്തിലേറെ തവണ സ്പെയിനിലെ മൈതാനങ്ങളില്‍ വച്ച് വിനീഷ്യസ് വംശീയാധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. രണ്ട് സീസണുകള്‍ക്ക് മുമ്പ് വലൻസിയയ്‌ക്കെതിരായ റയലിന്റെ തോൽവിക്കു പിന്നാലെയാണ് വിനീഷ്യസ് കടുത്ത വംശീയാധിക്ഷേപം നേരിട്ടത്. കുരങ്ങുവിളി മുതൽ അറപ്പുളവാക്കുന്ന പരാമർശങ്ങളുമായാണ് വലൻസിയ ആരാധകർ താരത്തെ വരവേറ്റത്. മത്സരശേഷം കരഞ്ഞുകൊണ്ടാണ് വിനീഷ്യസ് കളംവിട്ടത്.
2023 ജനുവരിയില്‍ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് മാഡ്രിഡ് നഗരത്തിലെ ഒരു പാലത്തില്‍ ''മാഡ്രിഡ് റയലിനെ വെറുക്കുന്നു'' എന്നെഴുതിയിട്ട ശേഷം അത്ലറ്റിക്കോ ആരാധകര്‍ വിനീഷ്യസിന്‍റെ കോലം തൂക്കിയിട്ടു. ഇതിന് കളിക്കളത്തിലാണ് വിനീഷ്യസ് പ്രതികാരം ചെയ്തത്. കോപ്പ ഡെല്‍റേ ക്വാര്‍ട്ടറില്‍ വിനീഷ്യസിന്‍റെ പടയോട്ടങ്ങള്‍ക്ക് മുന്നില്‍ അത്ലറ്റിക്കോ മാഡ്രിഡ് തകര്‍ന്നടിഞ്ഞു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്ലറ്റിക്കോ പരാജയപ്പെടുമ്പോള്‍ ഒരു ഗോള്‍ വിനീഷ്യസിന്‍റെ ബൂട്ടില്‍ നിന്നാണ് പിറവിയെടുത്തത്.