'നുണക്കഥകള്‍ വിശ്വസിക്കരുത്'; ഹോങ്കോങ്ങില്‍ കളിക്കാതിരുന്നതിന്‍റെ കാരണം പറഞ്ഞ് മെസി

രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് മെസ്സി ചൈനയില്‍ കളിക്കാതിരുന്നത് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു

Update: 2024-02-20 14:16 GMT
Advertising

ദിവസങ്ങള്‍ക്ക് മുമ്പ് ഹോങ്കോങ്ങിലരങ്ങേറിയ സൗഹൃദ മത്സരത്തിൽ ഇന്റർമയാമിക്കായി കളത്തിലിറങ്ങാതിരുന്ന സൂപ്പര്‍ താരം ലയണൽ മെസ്സിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ്  ഉയര്‍ന്നത്. മത്സരത്തിലുടനീളം സൈഡ് ബെഞ്ചിലായിരുന്നു മെസ്സി. 40000 കാണികൾ തിങ്ങി നിറഞ്ഞ ഗാലറിയെ നിരാശനാക്കിയ താരത്തിനെതിരെ ഹോങ്കോങ്ങിൽ വൻ പ്രതിഷേധം അരങ്ങേറി. 

മെസ്സി കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ കളി കാണാനെത്തിയതെന്ന് പറഞ്ഞ ആരാധകര്‍ ടിക്കറ്റ് തുക തിരിച്ച് നൽകണം എന്നാവശ്യപ്പെട്ട് മത്സര ശേഷം സംഘാടകരോടും പ്രതിഷേധിച്ചിരുന്നു. അതിനിടെ  ചില രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് മെസി കളിക്കാന്‍ ഇറങ്ങാതിരുന്നത് എന്നും വിമര്‍ശനം ഉയര്‍ന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സൂപ്പര്‍ താരം. 

''ഹോങ്കോങ്ങിൽ ഞാൻ കളിക്കാന്‍ ഇറങ്ങാതിരുന്നതിനെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ചിലർ ഞാൻ രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് കളിക്കാഞ്ഞത് എന്ന് വരെ പ്രചരിപ്പിച്ചു. എന്നാൽ ഇത് ശരിയല്ല. കള്ളക്കഥകളെ വിശ്വസിക്കരുത്. ആരോഗ്യ കാരണങ്ങളാലാണ് ഞാന്‍ കളിക്കാതിരുന്നത്.  കരിയറിന്റെ തുടക്കം മുതൽ തന്നെ എനിക്ക് ചൈനയുമായി സവിശേഷ ബന്ധമാണുള്ളത്. രാഷ്ട്രീയ കാരണം പറഞ്ഞ് കളിക്കാതിരിക്കേണ്ട കാര്യമില്ല.സൗദിയിൽ വച്ച് തന്നെ എനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഹോങ്കോങ്ങിലെ കളിക്ക് മുമ്പ് പരിശീലനത്തിനിറങ്ങാൻ ഞാൻ തീരുമാനിച്ചിരുന്നു. ടീമിന്റെ പരിശീലനം കാണാനെത്തിയവരെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി. എന്നാൽ കളിക്ക് മുമ്പ് ഞാൻ ഫിറ്റല്ലായിരുന്നു. ജപ്പാനില്ലെത്തിയപ്പോഴേക്കും ആരോഗ്യ നില കുറച്ച് മെച്ചപ്പെട്ടു. അത് കൊണ്ടാണ് അവിടെ ഒരൽപ്പ നേരം കളിക്കാനായത്''- മെസി പറഞ്ഞു.

ഹോങ്കോങ്ങില്‍ മെസി കളിക്കാതിരുന്നതില്‍ നിരാശരായ ആരാധകര്‍ മത്സര ശേഷം സൂപ്പര്‍ താരത്തിനും  ഇന്റർ മയാമി ക്ലബ്ബ് ഉടമ ഡേവിഡ് ബെക്കാമിനും നേരെ കൂവിയാർത്തിരുന്നു. ഒന്നാം പകുതിയിൽ മെസ്സി കളിക്കാതിരുന്നപ്പോൾ തന്നെ അമർഷത്തിലായിരുന്നു ആരാധകർ. രണ്ടാം പകുതിയിലും സൂപ്പർ താരത്തെ ഇലവനിൽ കാണാതായതോടെ ആരാധകരുടെ മട്ടും ഭാവവും മാറി. 'വി വാണ്ട് മെസ്സി' ചാന്റുകൾ ഗാലറിയിൽ മുഴങ്ങി. അവസാന വിസിൽ മുഴങ്ങിയതോടെ ഇത് 'റീഫണ്ട് റീഫണ്ട് എന്നായി' മാറി. മെസ്സിക്ക് പുറമേ ഉറുഗ്വെന്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസും മയാമി നിരയിലുണ്ടായിരുന്നില്ല.

സംഭവത്തിൽ ക്ലബ്ബിനെതിരെ ഹോങ്കോങ്ങ് സർക്കാരും രംഗത്തെത്തിയിരുന്നു. 25 കോടിയുടെ കരാറിൽ മെസ്സി 45 മിനിറ്റെങ്കിലും കളിക്കുമെന്ന് എഴുതിയിരുന്നു. പരിക്കൊന്നുമില്ലെങ്കിൽ മാത്രമേ ഇതിൽ മാറ്റമുണ്ടാകൂ എന്നും അറിയിച്ചിരുന്നു. സൈഡ് ബെഞ്ചിൽ ഉണ്ടായിരുന്നിട്ടും സൂപ്പർ താരം കളിക്കാതായതോടെ കരാർ പ്രകാരമുള്ള 25 കോടി തിരിച്ചു വാങ്ങാനുള്ള നടപടികളിലാണ് തങ്ങളെന്ന് സർക്കാർ അന്ന് അറിയിച്ചിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News