മജ്‌സെൻ മാജിക്; ലാസ്റ്റ് മിനിറ്റ് ത്രില്ലറിൽ ബംഗളൂരുവിനെ വീഴ്ത്തി പഞ്ചാബ്
96ാം മിനിറ്റിലാണ് പഞ്ചാബിന്‍റെ വിജയഗോള്‍ പിറന്നത്.


ന്യൂഡല്‍ഹി: അവസാന മിനിറ്റ് വരെ ആവേശം അണപൊട്ടിയൊഴുകിയ പോരിൽ ബംഗളൂരു എഫ്.സിയെ തകർത്ത് പഞ്ചാബ്. 96ാം മിനിറ്റിൽ ലൂകാ മജ്‌സെൻ നേടിയ ഗോളിലാണ് പഞ്ചാബ് വിജയം പിടിച്ചുവാങ്ങിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പഞ്ചാബിന്റെ ജയം.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49ാം മിനിറ്റിൽ എഡ്ഗർ മെൻഡെസിലൂടെ ബംഗളൂരുവാണ് കളിയില്‍ ആദ്യം മുന്നിലെത്തിയത്. 55ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി വലയിലെത്തിച്ച് അസ്മിർ സുൽജിക് പഞ്ചാബിനെ ഒപ്പത്തിനൊപ്പമെത്തിച്ചു. 79ാം മിനിറ്റിൽ ഫിലിപ് മർസിൽജാക് പഞ്ചാബിനായി ലീഡെടുത്തു.
ഫുൾ ടൈം കടന്ന് പഞ്ചാബ് വിജയത്തിലേക്ക് കുതിക്കവയെയായിരുന്നു രാഹുൽ ബേക്കയിലൂടെ ബംഗളൂരു സമനിലപിടിച്ചത്. എന്നാൽ പഞ്ചാബ് വിട്ട് കൊടുത്തില്ല. 96ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച മലയാളി താരം നിഹാൽ സുധീഷ് നീട്ടി നൽകിയ പന്തിനെ ഒരു വലങ്കാലനടിയിൽ മജ്‌സെൻ വലയിലാക്കി. ഒടുവിൽ പഞ്ചാബിന്‍റെ ജയം പ്രഖ്യാപിച്ച് റഫറിയുടെ ഫൈനൽ വിസിൽ.
ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. പോയിന്റ് പട്ടികയിൽ 17 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. പഞ്ചാബിനേക്കാൾ രണ്ട് മത്സരം കൂടുതല്‍ കളിച്ച ബ്ലാസ്റ്റേഴ്‌സാണ് തൊട്ടു മുന്നിൽ.