ഇസ്രായേലിനെ പിന്തുണച്ച് മെസ്സി? ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യമിതാണ്
നേരത്തേ ആഴ്സണല്‍ താരം ഒലെക്‌സാണ്ടർ സിൻചെങ്കോ അടക്കമുള്ളവർ ഇസ്രായേലിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു
ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിൽ കായിക ലോകത്ത് നിന്ന് നിരവധി പ്രതികരണങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. മുൻ ലോക ഫുട്‌ബോളർ കരീം ബെൻസേമ, മുൻ ജർമൻ സൂപ്പർ താരം മെസ്യൂട്ട് ഓസിൽ തുടങ്ങിയവർ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തിയപ്പോൾ ആഴ്‌സണല്‍ താരം ഒലെക്‌സാണ്ടർ സിൻചെങ്കോ അടക്കമുള്ളവർ ഇസ്രായേലിന് പിന്തുണയറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ സൂപ്പർ താരം ലയണൽ മെസ്സി ഇസ്രായേല്‍ പതാക പിടിച്ച് നില്‍ക്കുന്നൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സയണിസ്റ്റ് അനുഭാവികളും ഇസ്രായേല്‍ പ്രൊഫൈലുകളുമാണ് ചിത്രം പ്രചരിപ്പിച്ചത്. മെസ്സിയുടെ പിന്തുണ ഇസ്രായേലിനാണെന്നും താരത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും പലരും കുറിച്ചു.
യഥാര്‍ഥത്തില്‍ മെസ്സി ഇസ്രായേലിന് പിന്തുണ അറിയിച്ചിട്ടുണ്ടോ?. ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നാളിതുവരെ മെസ്സി തന്‍റെ നിലപാട് പറഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. താരത്തിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണക്കുന്ന പോസ്റ്റുകളോ സ്റ്റോറികളോ പ്രത്യക്ഷപ്പെട്ടിട്ടില്ല. മെസ്സിയുടേത് എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നാണ് ഫാക്ട് ചെക്ക് വെബ്സൈറ്റുകള്‍ പറയുന്നത്.
റിവേഴ്‌സ് ഇമേജ് സെർച്ചിൽ ഐക്കൺസ് ഡോട്.കോം എന്ന വെരിഫൈഡ് ഫേസ്ബുക്ക് പേജിൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിന് സമാനമായൊരു ചിത്രം കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ മൂന്നിനാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ഐക്കൺസ് ഡോട്.കോം എന്നെഴുതിയ പോസ്റ്ററാണ് മെസ്സി കയ്യിൽ പിടിച്ചിരിക്കുന്നത്. ഈ ചിത്രത്തിലാണ് എഡിറ്റ് ചെയ്ത് ഇസ്രായേലി പതാക ചേർത്തിരിക്കുന്നത്. മെസ്സിയുടെ ഔദ്യോഗിക കയ്യൊപ്പ് പതിഞ്ഞ വസ്തുക്കളുടെ ശേഖരമാണ് ഐക്കണ്‍സ് ഡോട്.കോം. ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് താരത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ വസ്തുക്കള്‍ ആരാധകര്‍ക്ക് സ്വന്തമാക്കാനാവും.