'ഇന്ത്യൻ താരങ്ങളുമായി സൗഹൃദം വേണ്ട'; പാക് ടീമിന് കടുത്ത നിർദേശങ്ങളുമായി മുൻ താരം
ചാമ്പ്യൻസ് ട്രോഫി അരങ്ങേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് മോയിൻ ഖാന്റെ വിവാദ പ്രസ്താവന


ഇന്ത്യൻ താരങ്ങളുമായുള്ള സൗഹൃദം പാക് ടീമിനെ ദുർബലമാക്കുന്നുണ്ടെന്ന് മുൻ പാക് താരം മോയിൻ ഖാൻ. കളിക്കളത്തിൽ ഇനി ഇന്ത്യൻ താരങ്ങളുമായി പാക് താരങ്ങൾ സൗഹൃദം കാത്ത് സൂക്ഷിക്കരുതെന്ന് മോയിൻ ഖാൻ പാക് ടീമിനെ ഉപദേശിച്ചു. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റ് അരങ്ങേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് മോയിൻ ഖാന്റെ വിവാദ പ്രസ്താവന.
'സമീപകാലത്ത് ഇന്ത്യയുമായി കളിക്കുമ്പോഴൊക്കെ നമ്മുടെ താരങ്ങളുടെ പെരുമാറ്റം നോക്കൂ. എനിക്കിത് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല. ഇന്ത്യൻ താരങ്ങൾ ക്രീസിലേക്ക് വരുന്നു. നമ്മുടെ താരങ്ങൾ അവരുടെ ബാറ്റ് പരിശോധിക്കുന്നു. അവരുടെ പ്രകടനങ്ങളെ അഭിനന്ദിക്കുന്നു. സൗഹൃദം പങ്കിടുന്നു. ഇതൊക്കെ എന്താണ്?
പ്രൊഫഷണലുകൾ കളത്തിനകത്തും പുറത്തും ചില അതിരുകൾ പാലിക്കണം. ഇന്ത്യൻ താരങ്ങളുമായി കളത്തിൽ വച്ച് സംസാരിക്കേണ്ടത് പോലുമില്ലെന്നും അത് നമ്മുടെ ബലഹീനതയായാണ് അവർ കാണുക എന്നും മുതിർന്ന താരങ്ങൾ പണ്ട് എന്നെ ഉപദേശിക്കാറുണ്ട്'- മോയിന്‍ ഖാന്‍ പറഞ്ഞു
ഇന്ത്യൻ കളിക്കാരുമായി മൈതാനത്ത് പലവുരു കൊമ്പു കോർത്തിട്ടുള്ളയാളാണ് മോയിൻ ഖാൻ. ഇന്ത്യക്കെതിരെ ലോകകപ്പിൽ ഒരു വിജയം നേടിയിട്ടില്ല എന്നത്, തന്നെ എക്കാലവും നിരാശപ്പെടുത്തിയിരുന്ന കാര്യമാണെന്ന് മോയിൻ ഖാൻ പറഞ്ഞു.