ഒരിന്ത്യൻ താരം പോലുമില്ല; 2024 ലെ മികച്ച ഏകദിന ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി
ചരിത് അസലങ്ക ക്യാപ്റ്റന്‍


പോയവർഷത്തെ ഏറ്റവും മികച്ച ഏകദിന ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി. ടീമിൽ ഒരിന്ത്യൻ താരം പോലുമില്ല. ശ്രീലങ്കൻ നായകൻ ചരിത് അസലങ്കയാണ് ക്യാപ്റ്റൻ. പോയ വർഷം ആകെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതിനാലാണ് ഇന്ത്യൻ താരങ്ങൾക്ക് ടീമിൽ ഇടംപിടിക്കാനാവാതെ പോയത്. ഇന്ത്യക്ക് പുറമേ ന്യൂസിലന്‍റ്, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രമുഖ ടീമുകളിൽ നിന്നും ആർക്കും ടീമിൽ ഇടംപിടിക്കാനായില്ല.
ശ്രീലങ്കയിൽ നിന്ന് നാല് താരങ്ങൾ, പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും മൂന്ന് വീതം താരങ്ങൾ, വെസ്റ്റിൻഡീസിൽ നിന്ന് ഒരാൾ എന്നിങ്ങനെയാണ് ടീമിലെ രാജ്യങ്ങളുടെ പ്രാതിനിധ്യം. പോയ വർഷം 18 ഏകദിനങ്ങൾ കളിച്ച ശ്രീലങ്ക അതിൽ 12 ലും വിജയം കുറിച്ചിരുന്നു. ഒമ്പത് ഏകദിനങ്ങൾ കളിച്ച പാകിസ്താൻ ഏഴിലും വിജയിച്ചു. 14 മത്സരങ്ങൾ കളിച്ച അഫ്ഗാൻ എട്ടെണ്ണത്തിൽ ജയം കുറിച്ചു.
ടീം ഇങ്ങനെ- ചരിത് അസലങ്ക (c), സായിം അയ്യൂബ്, റഹ്‌മാനുള്ള ഗുർബാസ്, പതൂം നിസങ്ക, കുശാൽ മെൻഡിസ്, ഷെർഫാനെ റുതർഫോഡ്, അസ്മതുല്ലാഹ് ഒമർസായി, വനിന്ദു ഹസരങ്ക, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റഔഫ്, എ.എം ഗസൻഫർ.